ഈജിപ്തിലെ പൗരാണിക ക്ഷേത്രത്തിന് സമീപം ചാവേര്‍ സ്‌ഫോടനം; രണ്ട് മരണം

Posted on: June 11, 2015 6:00 am | Last updated: June 11, 2015 at 12:41 am

jawanലുക്‌സോര്‍ (ഈജിപ്ത്): ഈജിപ്തിലെ പൗരാണികമായ കര്‍ണക് ക്ഷേത്രത്തിന് പുറത്ത് ബുധനാഴ്ച കാലത്ത് ഒരു ചാവേര്‍ സ്വയം പൊട്ടിച്ചിതറി. കാലങ്ങളായി ദശലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ക്ഷേത്രം തെക്കന്‍ നഗരമായ ലുക്‌സോറിലാണ്. നൈല്‍ നദിയുടെ കരയിലാണ് ഈ ചരിത്രസ്മാരകങ്ങള്‍ അത്രയും. സ്‌ഫോടനത്തിന് ശേഷം പോലീസും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട്‌പേര്‍ ഇതില്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാരടക്കം നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനവും വെടിവെപ്പും നടക്കുമ്പോള്‍ ഏതാനും ടൂറിസ്റ്റുകളും കുറച്ച് ഈജിപ്തുകാരും ക്ഷേത്രത്തിനകത്തുണ്ടായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.
1997 നവമ്പറില്‍, 3400 വര്‍ഷം പഴക്കമുള്ള ഹത്സെപുട് ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം കനത്തതായിരുന്നു. അന്ന് 58പേര്‍ കൊലചെയ്യപ്പെട്ടു. അതിന് ശേഷം മറ്റൊരു ക്ഷേത്രത്തെ ഉന്നംവെച്ച് ആക്രമണം നടക്കുന്നത് ഇപ്പോഴാണ്. നൈല്‍ നദിക്കരയില്‍ നിലകൊള്ളുന്ന ക്ഷേത്രങ്ങളും മറ്റ് പൗരാണിക സ്മാരകങ്ങളും ആരേയും ആകര്‍ഷിക്കുന്നതാണ്.
ഈജിപ്തിലെ ഏറ്റവും പ്രശസ്തമായ പൗരാണിക ക്ഷേത്രങ്ങള്‍ നിലക്കൊള്ളുന്ന ലുക്‌സോര്‍ അതുകൊണ്ട്തന്നെ വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ടുതാന്‍ഖാമുണ്‍ രാജാവിന്റെ സ്മാരക കുടീരവും ഇവിടെയാണ്. ശില്‍പ ഭംഗികൊണ്ട് വിദേശ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന നിരവധി മിനാരങ്ങളും ഇവിടെയുണ്ട്. 2011ല്‍ ഭരണകൂടത്തിന് നേരെ ജനരോഷം ആളിപ്പടര്‍ന്നപ്പോള്‍ ലുക്‌സോര്‍ നഗരത്തിലെ ചില ചരിത്രസ്മാരകങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നു. ബുധനാഴ്ചത്തെ തീവ്രവാദി ആക്രമണത്തില്‍ നഗരത്തിന് നേരിട്ട നഷ്ടം ഇനിയും വിലയിരുത്താനായിട്ടില്ല.