പ്രവാസി ക്ഷേമനിധിയില്‍ 55 വയസ് കഴിഞ്ഞ 321 പേര്‍ക്ക് അംഗത്വം

Posted on: June 4, 2015 5:27 am | Last updated: June 3, 2015 at 11:28 pm

തിരുവനന്തപുരം: പ്രവാസി കേരളീയരുടെ ക്ഷേമനിധി ആക്റ്റിലെ 6ാം വകുപ്പില്‍ ഇളവ് നല്‍കി, 55 വയസ് പൂര്‍ത്തിയായതിനു ശേഷം ക്ഷേമനിധിയില്‍ അംഗത്വമെടുത്ത 321 പേര്‍ക്ക് മാനുഷിക പരിഗണന നല്‍കി, ക്ഷേമനിധിയില്‍ അംഗമായി തുടരാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. അഞ്ച് വര്‍ഷം മുടങ്ങാടെ അംശാദയം അടക്കുന്ന മുറക്ക് പെന്‍ഷന്‍ അനുവദിക്കും.
വിവിധ വകുപ്പുകളുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് ഭവനനിര്‍മാണത്തിന് ധനസഹായം അനുവദിക്കുന്ന എല്ലാ സര്‍ക്കാര്‍ പദ്ധതികളെയും ഉള്‍പ്പെടുത്തും. ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യമായി തടി അനുവദിക്കുന്നതാണ് ഉത്തരവ്. ധനസഹായം ലഭിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശ നിയമം അനുസരിച്ചു ലഭ്യമായതും അല്ലാതെയുള്ള കൈവശഭൂമിയില്‍ വീടുപണിക്കായി അവര്‍ നട്ടുപിടിപ്പിച്ച പ്ലാവ്, ആഞ്ഞിലി, മരുത്, ചടച്ചി, ഇരുള്‍ എന്നീ വൃക്ഷങ്ങളില്‍ നിന്നും 1.5 ക്യുബിക് മീറ്റര്‍ തടി ബന്ധപ്പെട്ട വനംവകുപ്പ് റേഞ്ച് ഓഫീസറുടെ അനുമതിയോടെ മുറിച്ചെടുത്ത് ഉപയോഗിക്കാനും അനുമതി നല്‍കി.
എറണാകുളം കൂത്താട്ടുകുളം വില്ലേജില്‍ ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള 1.50 ഏക്കര്‍ സ്ഥലം ഔട്ട്‌ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന് ആര്‍ ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു. തൃശൂര്‍ ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ സീതാറാം ടെക്‌സ്റ്റൈല്‍സിന്റെ സ്ഥലത്ത് 1958 മുതല്‍ താമസിച്ചുവരുന്ന 11 കുടുംബങ്ങള്‍ക്ക് അവരുടെ കൈവശത്തിലിരിക്കുന്ന ഭൂമി കൈമാറ്റം ചെയ്യരുത് എന്ന നിബന്ധനയോടെ മിനിമം വില നിശ്ചയിച്ച് തീറ് നല്‍കാനും തീരുമാനിച്ചു.
സി-ഡിറ്റിലെ 54 തസ്തികകള്‍ എന്‍ട്രി കേഡറില്‍ സൃഷ്ടിക്കാനും ഈ തസ്തികകളില്‍ 2014 ഡിസംബര്‍ 31ന് 10 വര്‍ഷത്തെ കരാര്‍/താത്കാലിക സേവനം പൂര്‍ത്തിയാക്കിയതും സേവനം തുടര്‍ന്നുവരുന്നവരുമായ 54 ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തികയും (ശമ്പള നിരക്ക് 18740 – 33680 രൂപ), പ്യൂണ്‍/ഓഫീസ് അറ്റന്‍ഡന്റിന്റെ തസ്തികയും (ശമ്പള നിരക്ക് 8500 – 13210 രൂപ) സൃഷ്ടിക്കാനും ഒരു വര്‍ഷത്തേക്ക് കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ നിയമനം നടത്താനും തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് 2004 ലെ ശമ്പള പരിഷ്‌കരണം അനുവദിച്ചു. 2004 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.