ഭീതിയിലാഴ്ത്തി വേണോ വാതക പൈപ്പ് ലൈന്‍?

Posted on: June 3, 2015 5:58 am | Last updated: June 2, 2015 at 11:59 pm

SIRAJ.......ഗെയില്‍ പൈപ്പ് ലൈനിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കോഡൂരില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയുമുണ്ടായി. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും തരണം ചെയ്തു ലൈന്‍ സ്ഥാപിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പാര്‍ലമെന്റ് അംഗം വിജയ് മല്യ ചെയര്‍മാനായ യു ബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മംഗലാപുരത്തെ മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലേഴ്‌സ് ലിമിറ്റഡ്, തുരുത്തിക്കോണ്‍ കേന്ദ്രമായുള്ള സതേണ്‍ ഇന്ത്യന്‍ പെട്രോള്‍ കെമിക്കല്‍ ലിമിറ്റഡ്, ചെന്നൈയിലെ മദ്രാസ് ഫെര്‍ട്ടിലേഴ്‌സ് എന്നീ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ ലൈന്‍ സ്ഥാപിക്കുന്നത്. ഇത്തരം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവന്നിരുന്ന സബ്‌സിഡി ഇതിനിടെ നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയില്‍ നിന്ന് ഗ്യാസ് എത്തിച്ചു കൊടുക്കാമെന്ന നിബന്ധനയിലായിരുന്നു ഈ നടപടി. ഈ വാഗ്ദാനം പൂര്‍ത്തികരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സമ്മര്‍ദ ഫലമായാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചു ഗെയില്‍ പദ്ധതി നടപ്പാക്കാന്‍ ആവേശം കാണിക്കുന്നത്.
ജീവനും സ്വത്തിനും വാതകപൈപ്പ് ലൈന്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ജനങ്ങള്‍ രംഗത്തു വരാന്‍ കാരണം. ഏത് സമയത്തും ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതാണ് വാതക പൈപ്പ് ലൈനുകള്‍. 1994-2013 കാലത്ത് 750ഓളം ഗൗരവതരമായ അപകടങ്ങളാണ് എല്ലാ സുരക്ഷാസംവിധാനങ്ങളോടെയും സ്ഥാപിച്ച അമേരിക്കയിലെ വാതകപൈപ്പ് ലൈനുകളില്‍ സംഭവിച്ചത്. ആന്ധ്രയിലെ ജനവാസം കുറവായ ഗോദാവരിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വാതക പൈപ്പ് പൊട്ടിത്തെറിയില്‍ മരിച്ചത 20 പേരാണ്്. 50 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ തീ ഉയര്‍ന്നത്. നമ്മുടെ സംവിധാനങ്ങള്‍ക്കൊന്നും തീ അണക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിദേശത്ത് നിന്ന് വിദഗ്ധരെ വരുത്തിയാണ് തീ അണച്ചത്. ഇത്തരമൊരു അപകടം ജനസാന്ദ്രതയേറിയ കേരളത്തിന്റെ ഏതെങ്കിലും ഭാഗത്താണുണ്ടാകുന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി? ആന്ധ്രയില്‍ ഒരു ചതുരശ്ര ഇഞ്ചില്‍ 60 മുതല്‍ 80 വരെ പൗണ്ട് സമ്മര്‍ദത്തിലാണ് പൈപ്പുലൈനിലൂടെ പാചകവാതകം ഒഴുക്കുന്നത്. കേരളത്തില്‍ വിന്യസിക്കുന്നത് ഇതിനെക്കാള്‍ 20 ഇരട്ടി സമ്മര്‍ദമുണ്ടാക്കുന്ന പൈപ്പുകളാണ്. ചതുരശ്ര ഇഞ്ചില്‍ 1,249 പൗണ്ട് സമ്മര്‍ദത്തില്‍ പാചകവാതകം ഒഴുക്കാനാണ് ശ്രമം. ആന്ധ്രയില്‍ 18 ഇഞ്ച് വ്യാസമുള്ള പൈപ്പുകളാണ് ഉപയോഗിച്ചതെങ്കില്‍ കേരളത്തില്‍ 24 ഇഞ്ച് പൈപ്പുകളാണ് സ്ഥാപിക്കുന്നത്. 100 ടണ്‍ വാതകമാണ് ഗോദാവരി പൈപ്പ്‌ലൈനില്‍ കത്തിയമര്‍ന്നതെങ്കില്‍ കേരളത്തില്‍ സ്‌ഫോടനമുണ്ടായാല്‍ 3500 – 4000 ടണ്‍ വാതകമായിരിക്കും വിനാശം വിതക്കുക. ചാലയിലും കരുനാഗപ്പള്ളിയിലും ടാങ്കര്‍ ലോറികളിലെ പ്രകൃതിവാതകം ചോര്‍ന്നപ്പോള്‍ തന്നെ എത്ര പേര്‍ മരിച്ചു. അതിന്റെ ആയിരക്കണക്കിനു മടങ്ങ് പ്രകൃതിവാതകമായിരിക്കും സംസ്ഥാനത്ത് സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ ഒഴുകുന്നത്. ആന്ധ്രയില്‍ പൊട്ടിത്തെറിച്ച പൈപ്പ് സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) തന്നെയാണ് കേരളത്തിലും പൈപ്പിടുന്നത്. കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്‌ലൈന്‍ വിന്യസിക്കുമ്പോള്‍ ചോര്‍ച്ച ഉണ്ടായാല്‍ ഓട്ടോമാറ്റിക് ഗ്യാസ് ലീക്ക് സപൈഌകട്ട് സിസ്റ്റത്തിലൂടെ ചോര്‍ച്ച ഇല്ലാതാക്കാനാവുമെന്നാണ് ഗെയിലിന്റെ അവകാശവാദം. എന്നാല്‍ ഈ സിസ്റ്റമുള്‍പ്പെടെ അത്യാധുനിക സംവിധാനത്തില്‍ വിന്യസിച്ചുവെന്ന് ഗെയില്‍ തന്നെ അവകാശപ്പെട്ട പൈപ്പ്‌ലൈനാണ് ഗോദാവരിയില്‍ ദുരന്തം സൃഷ്ടിച്ചതെന്ന കാര്യം വിസ്മരിക്കരുത്.
ഗെയില്‍ പദ്ധതിയോടുള്ള എതിര്‍പ്പ് സര്‍ക്കാറിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കലാണെന്നാണ് അധികൃതര്‍ കുറ്റപ്പെടുത്തുന്നത്. വികസനത്തെയല്ല, ജനങ്ങളുടെ സുരക്ഷിതത്വത്തിന് വില കല്‍പിക്കാതെ കോര്‍പറേറ്റുകളെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തോടാണ് ജനങ്ങള്‍ക്ക് വിയോജിപ്പ്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും അപകട ഭീഷണിയില്ലാത്തതുമായ ഏത് പദ്ധതികളെയും കേരളീയര്‍ എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പെട്രോള്‍ മിനറല്‍ ആക്ട് പ്രകാരം കൃഷി സ്ഥലങ്ങളിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും ഇത്തരം പൈപ്പുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇത് അവഗണിച്ചാണ് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കൂടി 508 കി.മീറ്റര്‍ പൈപ്പിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തിനു പറയത്തക്ക പ്രയോജനമില്ലാത്ത ഈ പദ്ധതി ജനങ്ങളെ ഭീതിയിലാഴ്ത്തി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ സ്ഥാപിക്കണമെന്ന് സര്‍ക്കാറിന് എന്താണിത്ര നിര്‍ബന്ധം. കോര്‍പറേറ്റുകള്‍ക്കു വേണ്ടി ഇതു സ്ഥാപിച്ചേ തീരുവെന്നുണ്ടെങ്കില്‍ ജനനിബിഡ പ്രദേശത്തുകൂടെയുള്ള പൈപ്പിടല്‍ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുന്നതല്ലേ ഉചിതം?