സംസ്ഥാനതല ഹജ്ജ് ക്യാമ്പ് : സ്വലാത്ത് നഗര്‍ ഒരുങ്ങുന്നു

Posted on: June 3, 2015 4:28 am | Last updated: June 2, 2015 at 11:28 pm

മലപ്പുറം: ഈ വര്‍ഷം ഹജ്ജ്, ഉംറ ഉദ്ദേശിച്ചവര്‍ക്കായി 17-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് മലപ്പുറം സ്വലാത്ത് നഗര്‍ ഒരുങ്ങുന്നു. വിശാലമായ വാട്ടര്‍ പ്രൂഫ് പന്തലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തി. ഹാജിമാര്‍ക്ക് പ്രാക്ടിക്കല്‍ പരിശീലനം നല്‍കുന്നതിന് കഅ്ബയുടെ മാതൃകാ നിര്‍മാണം പൂര്‍ത്തിയായി. ഈ മാസം ഒമ്പതിന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ് നടക്കുന്നത്.
ഹജ്ജ്, ഉംറ പ്രായോഗിക പരിശീലനം, ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും മറ്റും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം, ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
രാവിലെ ക്യാമ്പിനെത്തിച്ചേരാന്‍ സാധിക്കാത്ത വിദൂരങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിന് പ്രമുഖര്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ മുഖേനയും വിവിധ സ്വകാര്യ ഗ്രൂപ്പ് മുഖേനയും ഹജ്ജിന് പോകുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി മഅ്ദിന്‍ കാമ്പസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9847355299, 0483 2738343