വാചകമടിയല്ല, പ്രവര്‍ത്തനമാണ് വേണ്ടത്

Posted on: May 31, 2015 11:06 am | Last updated: May 31, 2015 at 11:06 am

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മറ്റും വലിയപ്രതീക്ഷയിലാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങളാണ് ഇതിന് ആധാരം. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും ബി ജെ പി കൈവരിച്ച അഭൂതപൂര്‍വമായ വിജയവും ഏവരേയും ചിന്തിപ്പിക്കുന്നതാണ്. എക്കാലവും കോണ്‍ഗ്രസിന്റെ ശക്തിസ്രോതസായിരുന്ന ജന വിഭാഗങ്ങള്‍, കോണ്‍ഗ്രസ് ഭരണത്തില്‍ അവരനുഭവിച്ച തിക്താനുഭവങ്ങള്‍ കാരണം പാര്‍ട്ടിയെ കൈവിട്ടപ്പോള്‍, അത് മുതല്‍ക്കൂട്ടാക്കുകയായിരുന്നു ബി ജെ പി. ലോക്‌സഭയില്‍ അവര്‍ തനിച്ച് ഭൂരിപക്ഷം നേടിയതില്‍ അസ്വസ്ഥരായതുകൊണ്ട് കാര്യമില്ല. കാല്‍ച്ചുവട്ടില്‍ നിന്നും ചോര്‍ന്ന് പോയ ജനശക്തി തിരിച്ച്പിടിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം അതിഗംഭീരമായി, ആര്‍ഭാടത്തോടെ ആഘോഷിക്കുമ്പോള്‍, അധികാരത്തില്‍ നിന്നും നിഷ്‌കാസിതരായ കോണ്‍ഗ്രസ് നഷ്ടപ്പെട്ട ജനാടിത്തറ തിരിച്ചുപിടിക്കാനുള്ള ‘ബൈഠക്കി’ലാണ്. ഹ്രസ്വസന്ദര്‍ശനമെങ്കിലും രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പങ്കെടുത്ത പരിപാടികള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാനാകും.
യൂത്ത് കോണ്‍ഗ്രസ് സമ്മേളനവും, ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ ജന സാഗരമാക്കിയ പൊതുയോഗവും ആവേശകരമായിരുന്നു. വിലയിടിവില്‍ മനമുരുകുന്ന റബര്‍- ഏലം കര്‍ഷകര്‍, കടല്‍ പോലും അന്യവത്കരിക്കപ്പെടുമെന്ന ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികള്‍, കോര്‍പറേറ്റുകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ നടക്കുന്ന ഭൂമിഏറ്റെടുക്കല്‍ നിയമഭേദഗതിയില്‍ ആകുലരാകുന്ന കര്‍ഷകര്‍, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നയ സമീപനങ്ങള്‍ തുടങ്ങി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യവര്‍ഷത്തെ ‘വികസന യാത്ര’ വിലയിരുത്തപ്പെടുന്ന സന്ദര്‍ഭമാണിത്. എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അഴിമതി ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഭരണകൂട നടപടികള്‍ സുതാര്യമാകുന്നില്ല
.’സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാവപ്പെട്ടവരേയും ഇല്ലായ്മമൂലം ദുരിതമനുഭവിക്കുന്നവരേയും തൊഴിലാളികളേയും കര്‍ഷകരേയുമാണ് മുന്നില്‍ കാണുന്നതെന്ന്’ പ്രധാനമന്ത്രി മോദി അവകാശപ്പെടുമ്പോള്‍ അത് മുഖവിലക്കെടുക്കാന്‍ അല്‍പം പ്രയാസമുണ്ട്. നമുക്ക് മുന്നിലുള്ള അനുഭവങ്ങളാണ് ഇതിന് കാരണം. സത്യപ്രതിജ്ഞക്ക് ശേഷം പോയ ഒരു വര്‍ഷത്തില്‍ പ്രധാനമന്ത്രി മിക്കപ്പോഴും വിദേശപര്യടനത്തിലായിരുന്നു. ഇതെ#ാരു കുറ്റപ്പെടുത്തലല്ല. ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാജ്യത്തിന് എത്രമാത്രം ഗുണംചെയ്തുവെന്നത് സമഗ്ര വിശകലനത്തിന് വിധേയമാക്കേണ്ടകാര്യമാണ്. വിദേശ ബേങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സമൂര്‍ത്തമായ നടപടികള്‍ എങ്ങും എത്തിയിട്ടില്ല. ഏത് പ്രതിസന്ധിയിലും രാഷ്ട്രസമ്പദ്ഘടനയെ താങ്ങിനിര്‍ത്താന്‍ കരുത്ത് പകര്‍ന്നിരുന്ന പൊതു മേഖലയെ ദുര്‍ബലമാക്കുന്നതാണ് മോദി സര്‍ക്കാറിന്റെ നടപടികള്‍. പൊതു മേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിച്ച് വികസനത്തിന് കോടികള്‍ സ്വരൂപിക്കാമെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപനം, ‘വിത്തിന് വെച്ചതെടുത്ത് കുത്തിതിന്നുക’യാണെന്ന് പറയാതെ വയ്യ. ഇത് ബി ജെ പിയുടെമാത്രം നിലപാടല്ല, കോണ്‍ഗ്രസ് നേരത്തെ തുടങ്ങിവെച്ചത് മോദിയും തുടരുന്നുവെന്നേയുള്ളു. മോദി ഭരണത്തില്‍ സമ്പദ്ഘടനയില്‍ ആശാവഹമായ ചില ചലനങ്ങള്‍ കാണുന്നുവെന്നത് ശരിയാണ്. പണപ്പെരുപ്പത്തിന്റെ വേഗത അല്‍പം കുറഞ്ഞിട്ടുമുണ്ട്. പക്ഷെ, ഇത് സാധാരണക്കാരുടെ പ്രതിക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇതുവരെ രാജ്യം മാറോട് ചേര്‍ത്ത്പിടിച്ചിരുന്ന, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച നയങ്ങള്‍ പലതും മോദി സര്‍ക്കാര്‍ മാറ്റി മറിക്കുകയാണ്. നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് അത് പാര്‍ലിമെന്റില്‍ പോലും ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല. മന്‍മോഹന്‍ സിംഗ് സര്‍ക്കാറും ഏതാണ്ട് ഇതേ പാതയിലായിരുന്നു. പാസ്‌പോര്‍ട്ടുമായിവേണം മത്സ്യത്തൊഴിലാളികള്‍ ഇനി കടലില്‍ മീന്‍ പിടിക്കാന്‍ പോകുകയെന്ന അവസ്ഥ ഭീകരമാണ്.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഈ വെല്ലുവിളികളെ ശരിയായി മനസിലാക്കി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതൊന്നും കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നങ്ങളല്ല. രാജ്യത്തിനാകെ ബാധകമാണ്. അതിന് പ്രാപ്തിയുള്ള രാഷ്ട്രീയ പ്രസ്ഥാനം ഇപ്പോഴും കോണ്‍ഗ്രസ് മാത്രമാണ്. രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ തുറന്ന്വിട്ട ഊര്‍ജവും അതാണ്. പരാജയത്തില്‍ തളരാതെ, ഒളിച്ചോട്ടത്തിന് മുതിരാതെ ജീവിതഭാരംകൊണ്ട് ഹതാശരായവര്‍ക്ക്, വിശിഷ്യാ യുവാക്കള്‍ക്ക് അതിജീവനത്തിന്റെ പാതകള്‍ തുറന്ന് കാട്ടാന്‍ രാഹുല്‍ ഗാന്ധിക്കാവണം. കേരളവും രാജ്യം മൊത്തത്തിലും ആഗ്രഹിക്കുന്നത് അതാണ്. ഈ വസ്തുത രാഹുലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വവും മനസിലാക്കണം. വാചകമടിയല്ല, പ്രവര്‍ത്തനമാണ് ഉണ്ടാവേണ്ടത്.