റബ്ബര്‍ വിലയിടിവ്: രാഹുല്‍ ഗാന്ധിയുടെത് തട്ടിപ്പ്- സി പി എം

Posted on: May 29, 2015 11:55 pm | Last updated: May 29, 2015 at 11:55 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആലുവാ പാലസില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളെ കണ്ട് റബ്ബര്‍ വിലയിടിവിന്റെ കാര്യത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചതും പ്രശ്‌നം പരിഹരിക്കാന്‍ താന്‍ നേരിട്ട് ഇടപെടുമെന്ന് പ്രഖ്യാപിച്ചതും കര്‍ഷകരെ വഞ്ചിക്കുന്ന തട്ടിപ്പ് മാത്രമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് ഒരു കിലോ റബറിന് 245 രൂപയിലധികം വില ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേവലം 100-110 രൂപ മാത്രമാണുള്ളത്. 12 ലക്ഷത്തോളം റബര്‍ കര്‍ഷകര്‍ വിലയിടിവ് മൂലം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും അവരുടെ കുടുംബാഗംങ്ങളെയും പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നുണ്ട്. വിവിധ ബേങ്കുകളില്‍ നിന്നെടുത്ത ലോണുകള്‍ കൃത്യമായി അടക്കാനോ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കാനോ വീടുകളുടെ അറ്റകുറ്റപണി നടത്താനോ കഴിയാതെ വിഷമത്തിലാണ്.
യു പി എ സര്‍ക്കാറിന്റെ ഭരണ കാലത്താണ് ആസിയാന്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചത്. ആസിയാന്‍ കരാര്‍ കേരളത്തിലെ കാര്‍ഷികമേഖലയെ അതീവഗൗരവമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് സി പി എമ്മും എല്‍ ഡി എഫും വിവിധ കര്‍ഷക സംഘടനകളും അന്ന് രംഗത്ത് വന്നിരുന്നതാണ്.
ആസിയാന്‍ കരാറില്‍ ഒപ്പുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ഇതിനെതിരെ സംസ്ഥാന വ്യാപകമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യചങ്ങല ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അന്ന് കേന്ദ്രഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ എം മാണിയും ഉള്‍പ്പെടെ പറഞ്ഞിരുന്നത് റബര്‍ സംരക്ഷിത പട്ടികയിലാണെന്നും അതിനാല്‍ ഒരു രീതിയിലും ഈ കരാര്‍ റബര്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കില്ലെന്നുമാണ്. ഇതിനെല്ലാം നേതൃത്വം നല്‍കിയത് അന്നത്തെ യു പി എ സര്‍ക്കാരും കോണ്‍ഗ്രസുമാണെന്നിരിക്കെ ഇപ്പോള്‍ അതിന്റെ അഖിലേന്ത്യാ സാരഥിയായ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കിലോക്ക് 150 രൂപ നിരക്കില്‍ റബര്‍ ശേഖരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നെങ്കില്‍ പരിമിതമായ ഈ വിലക്ക് പോലും കര്‍ഷകരില്‍ നിന്ന് റബര്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്നും നാലും ലക്ഷം ടണ്‍ റബ്ബറും റബ്ബര്‍ അധിഷ്ഠിത വ്യാവസായിക ഉത്പന്നങ്ങളും നിര്‍ലോഭമായി ഇറക്കുമതി ചെയ്തതുമൂലമാണ് ഇപ്പോള്‍ ഈ വിലയിടിവ് ഉണ്ടായിട്ടുള്ളത്. കോര്‍പറേറ്റുകളെ സഹായിക്കാനാണ് മുന്‍ ഗവണ്‍മെന്റ് ഈ നയം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ കേന്ദ്രത്തിലുള്ള മോഡി സര്‍ക്കാരും ഇതേനയം തന്നെയാണ് തുടരുന്നത്. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ പ്രക്ഷോഭങ്ങള്‍ക്ക് കര്‍ഷക സംഘടനകള്‍ മുന്നോട്ട് വരണമെന്നും, റബര്‍ മേഖലകളിലെ പാര്‍ടി ഘടകങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.