International
സിറിയയിലെ അസദിന്റെ ഭരണം അവസാനിപ്പിക്കലാണ് പ്രധാന ലക്ഷ്യമെന്ന് അല്‍നുസ്‌റ ഫ്രണ്ട് നേതാവ്

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദിന്റെ അധികാരം അട്ടിമറിക്കുകയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാനലക്ഷ്യമെന്ന് സിറിയയിലെ പ്രധാന വിമത സംഘമായ അല്‍നുസ്‌റ ഫ്രണ്ടിന്റെ മേധാവി. തങ്ങളെ പ്രകോപിപ്പിക്കാത്ത കാലത്തോളം പടിഞ്ഞാറന്‍ രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരേ ഒരു ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ഞങ്ങള്‍ക്കിവിടെ ചെയ്യാനുള്ളത്. ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള സിറിയന്‍ സര്‍ക്കാറിന്റെ ഏജന്റിനെയും ബശാറുല്‍ അസദിനെയും നേരിടുകയാണ് ലക്ഷ്യമെന്നും അല്‍ജസീറക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെ അല്‍നുസ്‌റ നേതാവ് അബൂ മൂഹമ്മദ് അല്‍ ഗലാനി പറഞ്ഞു. അതേസമയം സിറിയന്‍ മണ്ണുപയോഗിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ പോരാടുക തങ്ങളുടെ ലക്ഷ്യമല്ല. എന്നാല്‍ അല്‍നുസ്‌റ സായുധ സംഘത്തിനെതിരെ അമേരിക്കയുടെ വ്യോമാക്രമണം തുടര്‍ന്നാല്‍ അവരെയും നേരിടും. സ്വയം പ്രതിരോധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സിറിയന്‍ സര്‍ക്കാറിന്റെ നടപടികളെ പിന്തുണക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങളുടെ നടപടിയെ എതിര്‍ക്കുന്നു. അസദ് ഭരണകൂടത്തിന് യഥാര്‍ഥ ഭീഷണി തങ്ങളാണെന്നത് കൊണ്ടാണ് അമേരിക്ക തങ്ങളെ ആക്രമിക്കുന്നത്. ഖുറാസാന്‍ എന്ന സംഘത്തെ മാത്രമാണ് തങ്ങള്‍ ആക്രമിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇത് ശരിയല്ല. ഖുറാസാന്‍ എന്നൊരു സംഘം തന്നെയില്ല. ഇത് അമേരിക്കയുടെ സൃഷ്ടിയാണ്. ഇസില്‍ തീവ്രവാദികള്‍ അല്‍നുസ്‌റ ഫ്രണ്ടിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.