International
മലേഷ്യയിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് 139 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ക്വലാലംപൂര്‍: തായ് അതിര്‍ത്തിയോട് ചേര്‍ന്ന് കണ്ടെത്തിയിരുന്ന കുഴിമാടങ്ങളില്‍ നിന്ന് 139 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മലേഷ്യ സ്ഥിരീകരിച്ചു. കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇസ്‌ലാമിക ആചാര പ്രകാരം വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞനിലയിലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തായ് അതിര്‍ത്തിയോട് ചേര്‍ന്ന ഈ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നത്. ഓരോ കുഴിമാടത്തിലും ഒരു വ്യക്തിയുടെ മാത്രം മൃതദേഹമേ ഉണ്ടായിരുന്നുള്ളൂവെന്നും നേരത്തെ ഭയപ്പെട്ടതുപോലെ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയില്ലെന്നും ആഭ്യന്തരസഹമന്ത്രി വാന്‍ ജുനൈദ് തുആന്‍കു മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങളെല്ലാം മുസ്‌ലിം മൃതദേഹങ്ങള്‍ ചെയ്യാറുള്ളത് പോലെ വെള്ളവസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മറിലെ ബുദ്ധതീവ്രവാദികളുടെയും സര്‍ക്കാറിന്റെയും കൊടും പീഡനങ്ങളും വിവേചനങ്ങളും സഹിക്കാനാകാതെ ആയിരക്കണക്കിന് റോഹിംഗ്യന്‍ വംശജര്‍ ഇവിടെ നിന്ന് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കി സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ ബംഗ്ലാദേശില്‍ നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികളും ഇതേ രീതിയില്‍ ബോട്ടുകളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം കടലില്‍ കുടുങ്ങിയ ആയിരങ്ങളെ ഇന്തോനേഷ്യയും സിംഗപൂരും അടക്കമുള്ള രാജ്യങ്ങള്‍ രക്ഷപ്പെടുത്തി താത്കാലിക അഭയം നല്‍കിയിട്ടുണ്ട്. ഇനിയും ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കടലില്‍ ഉണ്ടെന്നും ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ എത്രയും വേഗം കൈകൊള്ളണമെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.
അനധികൃതമായി മനുഷ്യക്കടത്ത് നടത്തി ലാഭക്കൊയ്ത്ത് നടത്തുന്ന സംഘങ്ങളുടെ 28 ക്യാമ്പുകള്‍ അടുത്തിടെ മലേഷ്യന്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങള്‍ ഇതുപോലുള്ള ഒരു ക്യാമ്പിന്റെ സമീപത്താണ്. ഇവിടെ നിന്ന് നിത്യോപയോഗത്തിനുള്ള നിരവധി ഉപകരണങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി മനുഷ്യക്കടത്ത് നടത്തുന്നവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 12 പോലീസ് ഉദ്യോഗസ്ഥരെ മലേഷ്യന്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.