ഗുജ്ജാര്‍ പ്രക്ഷോഭം;ാേകേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Posted on: May 28, 2015 5:15 am | Last updated: May 27, 2015 at 11:16 pm

കോഴിക്കോട്: രാജസ്ഥാനില്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിച്ച് ഗുജ്ജാര്‍ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. കേരളത്തില്‍ നിന്ന് രാജസ്ഥാന്‍ വഴി പോകുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. മുംബൈ, ഡല്‍ഹി ട്രെയിന്‍ സര്‍വീസുകളെയാണ് സമരം കൂടുതലായി ബാധിച്ചിരിക്കുന്നതെങ്കിലും ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.
ചണ്ഡീഗഡ് കൊച്ചുവേളി എക്‌സ്പ്രസ് (നമ്പര്‍ 12218), കൊച്ചുവേളിഅമൃത്‌സര്‍ എക്‌സ്പ്രസ് (നമ്പര്‍ 12483), തിരുവനന്തപുരംനിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ്(നമ്പര്‍ 22633), തിരുവനന്തപുരംനിസാമുദ്ദീന്‍ എക്‌സ്പ്രസ് (നമ്പര്‍ 22655) ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കി. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നമ്പര്‍ 12432 തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്സ് രാജസ്ഥാനിലേക്ക് പ്രവേശിക്കാതെ കല്യാണ്‍ ജംഗ്ഷന്‍, ഭോപ്പാല്‍ ജംഗ്ഷന്‍, ജ്ഞാജാന്‍സി ജംഗ്ഷന്‍ എന്നീ സ്‌റ്റേഷനുകള്‍ വഴി തിരിച്ചുവിട്ടു. അമൃത്‌സര്‍ കൊച്ചുവേളി എക്‌സ്പ്രസ്സും നിസാമുദ്ദീന്‍ എറണാകുളം തുരന്തോ എക്‌സ്പ്രസ്സും കൊച്ചുവേളി ഛണ്ഡീഗഡ് സമ്പര്‍ക്രാന്തി എക്‌സ്പ്രസ്സും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുരന്തോയില്‍ യാത്ര ചെയ്യേണ്ടവര്‍ക്കായി മംഗള എക്‌സ്പ്രസ്സില്‍ പ്രത്യേക ബോഗി എര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ പര്യാപ്തമായിട്ടില്ല.
സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ യാത്രാക്ലേശം ഒഴിവാക്കുന്നതിനായി റെയില്‍വേ ശ്രമം തുടങ്ങിയിട്ടുണ്ട്. റദ്ദാക്കിയ സര്‍വീസുകളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കാനായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകളും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. തിരുവനന്തപുരം കൊങ്കണ്‍പനവേല്‍ റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനമായി. ഇതു പ്രകാരം നമ്പര്‍ 06060 തിരുവനന്തപുരം സെന്‍ട്രല്‍ പനവേല്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇന്നലെ ഉച്ചക്ക് 2.30 ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങി. തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം ജംഗ്ഷന്‍, മഡ്ഗാവ് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഈ ട്രെയിന്‍ ഇന്ന് വൈകുന്നേരം ആറ് മണിയോടെ പനവേല്‍ ജംഗ്ഷനില്‍ എത്തിച്ചേരും. രണ്ട് ടു ടയര്‍ എ സി കോച്ചുകളും നാല് ത്രീ ടയര്‍ എ സി കോച്ചുകളും ആറ് സ്ലീപ്പര്‍ക്ലാസ് കോച്ചുകളും നാല് അണ്‍ റിസര്‍വ്ഡ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളമാണ് ഇതിലുള്ളത്.