National
വിവേചനം വീണ്ടും: മുസ്‌ലിം വനിതക്ക് ഫ്‌ളാറ്റ് നിഷേധിച്ചു

മുംബൈ: മുസ്‌ലിം ആയതിന്റെ പേരില്‍ മുംബൈയില്‍ യുവതിക്ക് ഫഌറ്റ് നിഷേധിച്ചു. ഇതേ കാരണത്താല്‍ യുവ ഉദ്യോഗാര്‍ഥിക്ക് ജോലി നിഷേധിച്ചതിനു പിന്നാലെയാണ് മുംബൈയില്‍ ഈ സംഭവവും ഉണ്ടായിരിക്കുന്നത്. മുംബൈയിലെ ഒരു പബ്ലിക്ക് റിലേഷന്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മിസ്ബാഹ് ഖ്വാദ്‌രി എന്ന 25കാരിക്കാണ് കെട്ടിട ഉടമ ഫഌറ്റ് നല്‍കാതിരുന്നത്. ഇതിനെതിരെ സമൂഹിക പ്രവര്‍ത്തകയായ ശഹ്‌സാദ് പൂനീവാല ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കാര്യമന്ത്രി ഏക്‌നാഥ് ഖാദ്‌സെ അറിയിച്ചു.
അടുത്തിടെയാണ് വദാലയിലെ ഫഌറ്റിലേക്ക് താമസം മാറാന്‍ മിസ് ബാഹ് ശ്രമം നടത്തിയത്. ഇടനിലക്കാരന്‍ വഴി 24,000 രൂപ കരുതല്‍ ധനം നല്‍കി. എന്നാല്‍, താമസം മാറാന്‍ തീരുമാനിച്ചതിന് തലേന്ന് രാത്രി ബ്രോക്കര്‍ വിളിച്ച് തടയുകയായിരുന്നു. മുസ്‌ലിംകള്‍ക്ക് ഫഌറ്റ് വാടകക്ക് കൊടുക്കാറില്ലെന്ന് കെട്ടിട ഉടമ അറിയിച്ചതായും ബ്രോക്കര്‍ പറഞ്ഞു. കെട്ടിട ഉടമയുടെ പ്രതിനിധിയെ സമീപിച്ചപ്പോഴും, ഈ മറുപടി തന്നെയാണ് ലഭിച്ചത്.
താന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍, മുസ്‌ലിം ആയതിന്റെ പേരില്‍ അയല്‍വാസികളില്‍ നിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അതിന് കെട്ടിട ഉടമക്കോ ബ്രോക്കര്‍ക്കോ നിയമപരമായ ഉത്തരവാദിത്തമില്ലെന്ന് എഴുതി നല്‍കാന്‍ ബ്രോക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ നിബന്ധനയില്‍ ഒപ്പിടാതെ താന്‍ ഫഌറ്റിലേക്ക് താമസം മാറി. പഴയ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക കാലാവധി തീര്‍ന്നതിനാല്‍ തനിക്ക് അതല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു. താമസം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോള്‍ ബ്രോക്കര്‍ വീണ്ടും വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കിയതിനാല്‍ വീടൊഴിയുകയായിരുന്നെന്നും മിസ്ബാഹ് പറഞ്ഞു.
ഒരാഴ്ച മുമ്പ് എം ബി എ ബിരുദധാരിയായ സീഷന്‍ അലി ഖാന് പ്രമുഖ സ്ഥാപനം ജോലി നിഷേധിച്ചത് വിവാദമായിരുന്നു.