Gulf
ഫഌറ്റില്‍ കടന്നുകൂടിയ അജ്ഞാതനെ സെല്‍ഫിയില്‍ കുടുക്കി; പോലീസിന് തെളിവായി

ദുബൈ: ഇത് സെല്‍ഫിയുടെ കാലം. കൂട്ടുകാരുടെയും ഇഷ്ട ജനങ്ങളുടെയും സെലിബ്രിറ്റികളുടെയും കൂടെ നിന്നുള്ള സെല്‍ഫി ഇക്കാലത്ത് സാധാരണം.
ഇവിടെയിതാ അപൂര്‍വമായ ഒരു സെല്‍ഫിയുടെ കഥ. ബര്‍ദുബൈ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ടൂണീഷ്യന്‍ യുവതിയാണ് സെല്‍ഫിക്കഥയിലെ നായിക. പുറത്തുപോയി തിരിച്ചെത്തിയ യുവതി ഫഌറ്റിലെ തന്റെ മുറിയില്‍ കട്ടിലില്‍ മയങ്ങുന്ന അജ്ഞാതനെ കണ്ടു. സമയം ഒട്ടും പാഴാക്കാതെ അജ്ഞാതനൊപ്പം ഒരു സെല്‍ഫി!
സെല്‍ഫിയെടുത്ത യുവതി ഉടനെ അത് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഫോട്ടോക്കൊപ്പം ഇങ്ങിനെ ഒരടിക്കുറിപ്പും. “ഫഌറ്റില്‍ അതിക്രമിച്ചു കയറിയ അജ്ഞാതനായ മോഷ്ടാവിനൊപ്പം ഒരു സെല്‍ഫി.” കഴിഞ്ഞ വ്യാഴാഴ്ചയാണ് സെല്‍ഫിക്കഥ അരങ്ങേറുന്നത്. സംഭവം ശ്രദ്ധയില്‍പെട്ട പോലീസ് തെളിവുകള്‍ ശേഖരിച്ചു അജ്ഞാതനെ പിടികൂടി. ടുണീഷ്യന്‍ യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ കാവല്‍ക്കാരനായ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു അജ്ഞാതന്‍.
പരിധിക്കപ്പുറം മദ്യം കഴിച്ച ഇയാള്‍ തന്ത്രത്തില്‍ യുവതിയുടെ മുറിയില്‍ കടന്നുകയറി. മദ്യ ലഹരിയില്‍ മയങ്ങിയ അജ്ഞാതന്‍ തന്നെ വെച്ച് സെല്‍ഫിയെടുത്തതൊന്നും അറിഞ്ഞില്ല. അജ്ഞാതനെ വൈകാതെ തന്നെ പോലീസ് പൊക്കി. മോഷണം ഇയാളുടെ ലക്ഷ്യമായിരുന്നില്ലെന്ന് അജ്ഞാതനെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലായതായി ദുബൈ പോലീസിലെ സി ഐ ഡി മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി വ്യക്തമാക്കി.
അജ്ഞാതനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫഌറ്റില്‍ കടന്നുകൂടിയതിനു പിന്നില്‍ ഇയാള്‍ക്ക് ദുരുദ്ദേശമൊന്നും ഉള്ളതായി വ്യക്തമായിട്ടില്ലെന്ന് ബര്‍ദുബൈ പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖാദിമും വ്യക്തമാക്കി.