Articles
പിന്നെയും മണ്ണിലേക്ക്

സ്വന്തം ജനതക്ക് ഭക്ഷിക്കാനുള്ളത് ഉത്പാദിപ്പിക്കാനാകുന്നുണ്ടോയെന്നതാണ് ഏതു ഭരണ കൂടവും ആദ്യം ചിന്തിക്കുന്ന, അല്ലെങ്കില്‍ ചിന്തിക്കേണ്ട സുപ്രധാന വസ്തുത. നിര്‍ഭാഗ്യവശാല്‍ മാറി മാറി വരുന്ന നമ്മുടെ സര്‍ക്കാറുകളൊന്നും ഇത്തരത്തില്‍ ചിന്തിക്കുക പോയിട്ട് സ്വപ്‌നം കാണുക പോലും ചെയ്യാറില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഹരിത വിപ്ലവമെന്ന ആശയമുയര്‍ത്തിയ നെഹ്‌റു നേതൃത്വം നല്‍കിയ സര്‍ക്കാറുകള്‍ക്കോ തുടര്‍ച്ചയായി വന്ന മറ്റു ഭരണകൂടങ്ങള്‍ക്കോ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചെടുക്കാനായിട്ടില്ലെന്നതാണ് പരമാര്‍ഥം. അനാരോഗ്യകരമായ ഒരു വികസന മാതൃക കൈക്കൊണ്ട കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ സ്വയം പര്യപ്തതയെന്നതിന്റെ സമീപത്തുകൂടി പോലും കടന്നു പോകാനും കഴിഞ്ഞിട്ടില്ല. കൃഷിയെ എല്ലാ അര്‍ഥത്തിലും ലാഭകരമല്ലാത്ത ഒരു കച്ചവടമാക്കി മാറ്റിയ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ഒരുപക്ഷേ രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമുണ്ടാകില്ലെന്നതാണ് മറ്റൊരു വസ്തുത. ഉണ്ടായിരുന്ന ഭൂമി പോലും തരിശിടാനും കൃഷി ലാഭകരമല്ലെന്ന പ്രചാരണം ശക്തമാക്കാനും കേരളത്തിലെ മാറിയ കമ്പോള സാഹചര്യം കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി വഴിയൊരുക്കി. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ എല്ലാ കാര്യങ്ങള്‍ക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലെത്തിയപ്പോഴും കാര്യമായി ഒന്നും ചെയ്യാതെ പ്രസംഗവും വാചകക്കസര്‍ത്തും മാത്രമായി നാം കഴിഞ്ഞു കൂടി. രാജ്യത്തെ ഓരോ കാര്‍ഷിക അവലോകന സര്‍വേകളിലും കേരളത്തിന്റെ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ദയനീയ ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടും നമ്മുക്ക് കാര്യമായ കുലുക്കമുണ്ടായില്ല. കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളില്‍ വെറും 27.3 ശതമാനം മാത്രമാണ് കര്‍ഷിക കുടുംബങ്ങളുടെ നിര്‍വചനത്തില്‍പ്പെടുന്നതെന്ന് പല തവണ നമ്മളെ ആരെല്ലാമോ ബോധ്യപ്പെടുത്തിയിട്ടു പോലും കാര്‍ഷിക വൃത്തി പ്രോത്സാഹിപ്പിക്കാനുള്ള യാതൊന്നും നാം ചെയ്തതുമില്ല.
രാജ്യത്തെ കര്‍ഷക കുടുംബങ്ങളില്‍ 52 ശതമാനം കടക്കാരായിരിക്കുമ്പോള്‍ കേരളത്തിലത് 77.7 ശതമാനമാണെന്ന തിരിച്ചറിവ് കേന്ദ്രം പല തവണ നല്‍കിയിട്ടും ഒന്നും ചെയ്യാതെ നാം കൈയും കെട്ടി നോക്കിനിന്നു. എന്നാല്‍ കര്‍ഷകരെ ഇങ്ങനെ പിന്നിലാക്കി കേരളത്തിന് ഏറെ ദൂരം മുന്നോട്ടുപോകാനാകില്ലെന്ന് കാലം തന്നെ തെളിയിച്ചു.ഇറക്കുമതി ചെയ്യുന്ന വിഷ പച്ചക്കറികള്‍ കഴിച്ച് ആശുപത്രികള്‍ക്കു മുന്നിലെ ക്യൂ വിന്റെ നീളം കൂടാനും മറ്റെങ്ങുമില്ലാത്ത രോഗബാധകള്‍ കേരളത്തെത്തേടിയെത്താനും തുടങ്ങിയതോടെ ഒരു നിമിഷം നമ്മുടെ നാടും തരിച്ചുനിന്നു പോയി. പല തവണ തമിഴനും ആന്ധ്രക്കാരനുമെല്ലാം പലവിധ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് കേരളത്തിലെക്കുള്ള അരിയുടെയും പച്ചക്കറികളുടെയും വരവ് ഒന്നു നിര്‍ത്തിയപ്പോഴും നാം ജീവിതത്തിലാദ്യമായി ഒന്നമര്‍ന്നിരുന്ന് ചിന്തിക്കുകയും ചെയ്തു. വൈകിയെങ്കിലും കേരളത്തിന്റെ വരണ്ടുണങ്ങിക്കിടന്ന മണ്ണ് ഇതിനിടെ ഇളകി മറിഞ്ഞു തുടങ്ങി. പലരും വിത്തും കൈക്കോട്ടുമായി തൊടിയിലേക്കിറങ്ങി. മണ്ണില്ലാത്തവര്‍ അത്യാധുനിക കൃഷി രീതി കടം കൊണ്ടു. കേരളത്തില്‍ വൈകിയെങ്കിലും കാര്‍ഷിക വിപ്ലവത്തിന്റെ ചെറുചലനങ്ങള്‍ കണ്ടു തുടങ്ങിയത് അടുത്ത ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളിലാണെന്ന് നിസ്സംശയം പറയാനാകും.
മൂന്നു പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്തെ നെല്‍കൃഷിയിലാണ് കാര്യമായ മാറ്റമുണ്ടായത്. നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും നെല്ലുത്പാദനവും ഇത്തവണ വര്‍ധിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ വളിച്ചു പറയുന്നത്. 2012-13 വര്‍ഷത്തില്‍ സംസ്ഥാനത്തെ ആകെ നെല്ലുത്പാദനം 5.08 ലക്ഷം മെട്രിക്ടണ്‍ ആയിരുന്നത് 2013-14ല്‍ 5.64 ലക്ഷം മെട്രിക്ടണ്‍ ആയി ഉയര്‍ന്നു. 1.97 ലക്ഷം ഹെക്ടര്‍ പ്രദേശത്തുണ്ടായിരുന്ന നെല്‍കൃഷി 1.99 ലക്ഷം ഹെക്ടറായി വര്‍ധിച്ചു. കൃഷി വിസ്തൃതി വര്‍ധിച്ചതിനെക്കാളുപരി നെല്ലുത്പാദന വര്‍ധനവിനുള്ള പ്രധാന കാരണം ഉത്പാദനക്ഷമതയിലുണ്ടായ മുന്നേറ്റമാണ്. മുന്‍വര്‍ഷം വിസ്തൃതിയില്‍ ഏറ്റവും കുറവായ 49 ശതമാനം രേഖപ്പെടുത്തിയ എറണാകുളം ജില്ലയില്‍ 2013-14ല്‍ വിസ്തൃതി 2 .8 ശതമാനവും ഉത്പാദനം ആറു ശതമാനവും വര്‍ധിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ നെല്‍കൃഷി വിസ്തൃതിയില്‍ വര്‍ധനവ് ഉണ്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഉത്പാദനവും വര്‍ധിച്ചു. സംസ്ഥാനത്ത് മുണ്ടകന്‍ കൃഷിയിലുള്ള വര്‍ധനവാണ് നെല്ലുത്പാദന വര്‍ധനവിന് കാരണമായതെന്ന് സീസണ്‍ അടിസ്ഥാനമാക്കിയുള്ള നെല്ലുല്‍പ്പാദനം തെളിയിക്കുന്നു. പുഞ്ചകൃഷിയില്‍ നേരിയ തോതിലുള്ള വര്‍ധനവും വിരിപ്പ് കൃഷിയില്‍ കുറവുമാണ് ഉണ്ടായിട്ടുള്ളത്. 2012-13ല്‍ ഹെക്ടറിന് 2577 കിലോഗ്രാം ആയിരുന്നത് 2013-14ല്‍ 2827 ആയി ഉയര്‍ന്നു.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം 199697 മുതല്‍ 2012-13രെയുളള കാലയളവില്‍ ക്രമേണ കുറഞ്ഞുവരികയായിരുന്നു. കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവുണ്ടായിട്ടുള്ളത്; 93 ശതമാനം. എറണാകുളം ജില്ലയില്‍ 92 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 86 ശതമാനവും മലപ്പുറം ജില്ലയില്‍ 78 ശതമാനവുമാണ് വിസ്തീര്‍ണത്തില്‍ കുറവുണ്ടായത്. എന്നാല്‍, പ്രധാനമായും നെല്‍കൃഷി ചെയ്യുന്ന കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിസ്തൃതിയില്‍ യഥാക്രമം 13 ശതമാനവും 12 ശതമാനവും കുറവുമാത്രമാണ് വന്നിട്ടുള്ളത്. 201314ല്‍ ഭൂരിഭാഗം ജില്ലകളിലും നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നെല്‍കൃഷിയില്‍ മാത്രമല്ല, മറ്റ്്് നാണ്യ വിളകളിലും വലിയ വര്‍ധനവ് രേഖപ്പെടുത്തപ്പെട്ടു.
പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ പച്ചക്കറിയാണ് കേരളത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ അഞ്ച്‌ലക്ഷംമാത്രമാണ് ഉത്പ്പാദിപ്പിക്കുന്നത്. ആയിരം കോടിയിലധികം രൂപ വിലവരുന്ന പച്ചക്കറി അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഗോളവത്കരണം കൃഷി ലാഭകരമല്ലാതാക്കി ദരിദ്രരും ഇടത്തരക്കാരുമായ കര്‍ഷകരെ കൃഷിയില്‍നിന്ന് അകറ്റി. എന്നാല്‍ പച്ചക്കറി കൃഷിയില്‍ അടുത്തെങ്ങും കാണാത്ത വലിയ വിപ്ലവമാണ് ഇക്കുറിയുണ്ടായത്. കേരളത്തിലെ കുടുംബശ്രീയാണ് ഇതിന് മുഖ്യമായും ചുക്കാന്‍ പിടിച്ചത്്. ഇതോടൊപ്പം കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും പച്ചക്കറി വിപ്ലവത്തിന് മുന്നില്‍ നിന്നു. മുന്‍ മന്ത്രി ഡോ. തോമസ് ഐസകിന്റെ നേതൃത്വത്തില്‍ കാര്‍ഷിക കൂട്ടായ്മയിലൂടെ പച്ചക്കറി ഉത്പാദനത്തില്‍ സ്വാശ്രയത്വം കൈവരിക്കാന്‍ കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ജൈവപച്ചക്കറിത്തോട്ടം പദ്ധതി പോലുള്ളവയും കേരളത്തിന്റെ ഉത്പാദന പ്രക്രിയയ്ക്ക് ഗുണമായി. കര്‍ഷക കൂട്ടായ്മയിലൂടെ ഓരോ വില്ലേജിലും ജൈവകൃഷി രീതിയില്‍ ആവശ്യമായ പച്ചക്കറി ഉത്പാദനമാണ് പദ്ധതി ലക്ഷ്യമിട്ടത്. ഇതിനായി ഓരോ വില്ലേജിലും പരമാവധി 25 കര്‍ഷകരെ പങ്കാളികളാക്കി ജൈവ പച്ചക്കറി സംഘം രജിസ്റ്റര്‍ ചെയ്തു. വിത്തുകളും നടീല്‍ വസ്തുക്കളും കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ വഴി ലഭ്യമാക്കി. ശാസ്ത്രീയ കൃഷിക്കായി പരിശീലന ക്ലാസ് കൃഷിഭവന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗസില്‍ മുഖേന നല്‍കി. ജൈവ കീടനാശിനി ഉണ്ടാക്കാനും അവ ഉപയോഗിച്ച് വിള പരിപാലിക്കാനും പരിശീലനം നല്‍കി. വിളവെടുത്താല്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ആഴ്ചച്ചന്തകളും ഇടനിലക്കാരില്ലാത്ത വിപണന രീതികളും ഇവര്‍ നടപ്പാക്കി. പദ്ധതി വിപുലമായതോടെ സംസ്ഥാനതലത്തില്‍ പച്ചക്കറി കര്‍ഷകരുടെ സഹകരണസംഘം രൂപവത്കരിച്ച് ഉത്പ്പാദനത്തെയും വിപണനത്തെയും സഹായിക്കുന്നതിനുള്ള ബൃഹത് സംവിധാനവും സംസ്‌കരണവും ഇവര്‍ തന്നെ ഒരുക്കി.
മികച്ച കാലാവസ്ഥ, ആവശ്യത്തിന് വെള്ളം, ഫലഭൂയിഷ്ഠമായ മണ്ണ്, പാഴായി പോകുന്ന നിരവധി വിഭവങ്ങള്‍ കേരളത്തിനുണ്ട്. തമിഴ്‌നാടിനെയും മറ്റ് സംസ്ഥാനങ്ങളെയും താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ സ്ഥലം കുറവാണെന്നത് സത്യമാണ്. പക്ഷേ ആധുനിക മാര്‍ഗങ്ങളിലൂടെ ആ പരിമിതി മറികടക്കാനാകുമെന്നും അടുത്ത കാലത്തായി നമ്മുടെ നാട് തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്വാനം ഏറെയുള്ള, എന്നാല്‍ വരുമാനം ഒട്ടും ലഭിക്കാത്ത, വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരാത്ത മേഖലയായിരുന്നു ഇതുവരെ കാര്‍ഷിക രംഗം. എന്നാല്‍ അടുത്ത കാലത്തായി സ്ഥിതി മാറി മറിഞ്ഞു. എം ബി എ, എന്‍ജിനീയറിംഗ് ബിരുദം നേടിയവര്‍ കൃഷിയിലേക്ക് തിരിഞ്ഞതിന് കേരളത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക സങ്കേതങ്ങളുടെ കടന്നുവരവാണ് സത്യത്തില്‍ കൃഷിയെ ഇപ്പോള്‍ അടിമുടി മാറ്റിയ മറ്റൊരു ഘടകം. മണ്ണിലിറങ്ങാന്‍ മടിക്കുന്ന യുവത്വത്തിന് വൈറ്റ് കോളര്‍ ജോലി പോലെ കൃഷി നടത്താന്‍ ആധുനിക മാര്‍ഗങ്ങള്‍ സഹായിക്കുമെന്ന വലിയ തിരിച്ചറിവാണിപ്പോളുണ്ടായിട്ടുള്ളത്.
അതിനിടെ ഇതിന് പ്രോത്സാഹനമായി എല്ലാ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസ് വീതം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് മറ്റൊരു നല്ല തുടക്കമാണ്. 900 പഞ്ചായത്തുകളില്‍ മൂന്ന് ഗ്രീന്‍ ഹൗസുകള്‍ വീതം 27,00ന് മുകളില്‍ ഗ്രീന്‍ ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ അതൊരു വന്‍ വിജയമായിരിക്കും. ഒരു സ്വിച്ചിട്ടാല്‍ ആവശ്യത്തിന് വെള്ളം. അടുത്ത സ്വിച്ചിട്ടാല്‍ വളം. കുത്തിയൊലിക്കുന്ന മഴയെയോ കത്തിക്കയറുന്ന വെയിലിനെയോ തടഞ്ഞ് നിര്‍ത്തണം. അതിനും ഒരു സ്വിച്ച് മതി. മേല്‍ക്കൂര സാഹചര്യമനുസരിച്ച് കൃഷിയെ സംരക്ഷിക്കും. തികച്ചും ആധുനികമായ ഗ്രീന്‍ ഹൗസ് ഫാമിങ്ങ്് കൃഷി രീതിയും ഇക്കാലയളവില്‍ കേരളമൊട്ടാകെ ഇക്കുറി പരീക്ഷിച്ച് ജയിച്ചു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദനമാണ് ഗ്രീന്‍ ഹൗസ് ഫാമിംഗിന്റെ ഏറ്റവും വലിയ മെച്ചം. മാത്രമല്ല, ഏതു സീസണിലും ഏത് കൃഷിയും നടത്താനാകും. കാരണം ചെയ്യുന്ന കൃഷിക്ക് അനുയോജ്യമായ രീതിയിലുള്ള കാലാവസ്ഥ ഈ ചെറിയ സ്ഥലത്ത് സെറ്റ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യാത്ത കാബേജ്, കോളിഫഌവര്‍ തുടങ്ങിയവ മാത്രമല്ല, മൂന്നാര്‍ പോലുള്ള ഹൈറേഞ്ച് പ്രദേശമാണെങ്കില്‍ സ്‌ട്രോബെറിയും ആപ്പിളും വരെ കൃഷി ചെയ്യാം. കൂടുതല്‍ വിലയുള്ള, ഇവിടെ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളപഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതോടെ സംരംഭകന് മികച്ച വരുമാനം നേടാന്‍ സാധിക്കും. ഇത് തിരിച്ചറിഞ്ഞതാണ് ഹൈടെക് കൃഷി രീതികളില്‍ സജിവമാകാന്‍ യുവാക്കള്‍ക്ക് പ്രചോദനമായത്.
സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പാട്ടത്തിനെടുക്കാം. ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന് ഒരു ജീവനക്കാരനെ വെച്ചാല്‍ ഒന്നോ രണ്ടോ ഗ്രീന്‍ ഹൗസ് നോക്കിനടത്താം. ഒരു ഗ്രീന്‍ ഹൗസ് സ്ഥാപിക്കുന്നതിന് ശരാശരി 10 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. എന്നാല്‍ നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡി കൂട്ടിയാല്‍ 75 ശതമാനം വരെ ലാഭിക്കാം. ബാക്കി തുകയേ കണ്ടെത്തേണ്ടതുള്ളൂ. മാത്രമല്ല മികച്ച പരിശീലനവും ലഭിക്കും. ഒരു ഗ്രീന്‍ ഹൗസില്‍ നിന്നുള്ള വരുമാനം, ചെയ്യുന്ന കൃഷിയും വിപണന രീതിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെലവുകള്‍ കഴിഞ്ഞ് മാസം 10,000 -15,000 രൂപ ലാഭം പ്രതീക്ഷിക്കാം.
മണ്ണില്ലാതെയുള്ള കൃഷി രീതിയാണ് ഇപ്പോള്‍ വ്യാപകമായി തുടങ്ങുന്ന മറ്റൊരു കൃഷി രീതി. മണ്ണിന് പകരം ഉപ്പിന്റെ അംശം നീക്കിയ ചകിരിച്ചോറ് മാധ്യമമാക്കിയാണ് ഇത്തരത്തില്‍ കൃഷി നടത്തുന്നത്. ഇതിനായി സംസ്‌കരിച്ചെടുക്കുന്ന ചകിരിച്ചോറ് നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൃത്യമായ അകലത്തില്‍ ചെടി നട്ടാണ് വ്യാപകമായി ഈ കൃഷി ചെയ്യുന്നത്. സാധാരണ സ്ഥലത്ത് മാത്രമല്ല, ടെറസിലോ ബാല്‍ക്കണിയിലോ തൂക്കിയിടുന്ന രീതിയിലോ ഒക്കെ ഇത്തരത്തില്‍ കൃഷി ചെയ്യാനാകും. 30 ശതമാനം ഉത്പ്പാദനം കൂടുതല്‍ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും വളവും ലാഭിക്കാനുമാകും. ജലാംശം സ്‌പോഞ്ച് രൂപത്തില്‍ നിലനിര്‍ത്തുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകുന്നില്ല, വളവും നഷ്ടമാകുന്നില്ല. ഒരിക്കല്‍ കൃഷി ചെയ്തുകഴിഞ്ഞാല്‍ 45 വര്‍ഷത്തേക്ക് ചകിരിച്ചോറ് മാറ്റേണ്ടിവരില്ലെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് ഇത്തരം കൃഷിയില്‍ വിജയം കണ്ടവര്‍ പറയുന്നു.
അതിനിടെ ജൈവകൃഷിയിലേക്കുള്ള കുതിപ്പിന് ഉണര്‍വേകി സംസ്ഥാനത്ത് ഓര്‍ഗാനിക് അതോറിട്ടി സ്ഥാപിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ തുടങ്ങി. ജൈവകൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇത്തവണ കേരളത്തില്‍ നടന്ന ആഗോള കാര്‍ഷികസംഗമത്തില്‍ ജൈവകൃഷി വികസനത്തിനുള്ള തുടര്‍ നടപടികള്‍ക്ക് പ്രാഥമിക ധാരണയായത്. ആഗോള സംഗമത്തോടനുബന്ധിച്ചുള്ള കാര്‍ഷിക വിപണനമേളയില്‍ 52 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. രാജ്യത്തെ ഓര്‍ഗാനിക് വിപണനമേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനകളിലൊന്നായിരുന്നു ഇത്. ജൈവകൃഷിയിലേക്കുള്ള കേരളത്തിന്റെ മാറ്റത്തിന്റെ സൂചനയായാണ് സംഘാടകര്‍ ഇതിനെ കണ്ടത്. ആഗോളകാര്‍ഷിക സംഗമത്തിനായി 20,000 ത്തിലേറെ ആളുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന മേളയില്‍ ഇതിന്റെ പകുതി പോലും പ്രാതിനിധ്യമുണ്ടായിരുന്നില്ലെന്ന്് സംഘാടകര്‍ പറയുന്നു. ജൈവകൃഷി മേഖലയിലെ നയരൂപവത്കരണത്തിനും വിവിധ ഏജന്‍സികളുടെ ഏകോപനത്തിനും ഒരു ഏജന്‍സി ആവശ്യമാണ്. ഇതിനായാണ് ഓര്‍ഗാനിക് അതോറിറ്റിയെക്കുറിച്ച് ആലോചിക്കുന്നത്. പച്ചക്കറികളുടെ ഉത്പാദനത്തില്‍ മാത്രമല്ല സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും ജൈവകൃഷിക്ക് സാധ്യതകളുണ്ടെന്ന് വ്യക്തമാക്കാന്‍ ആഗോള കാര്‍ഷിക സംഗമത്തിനായി. കേരളത്തിന്റെ തനത് വിഭവങ്ങള്‍ക്ക് മേളയില്‍ ലഭിച്ച പ്രതികരണവും പ്രതീക്ഷയുളവാക്കുന്നതാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യതകളും സംഗമത്തിലൂടെ വ്യക്തമായി.2015 ഓടെ ജൈവകൃഷി വിപണി 100 ബില്യണ്‍ യു.എസ്. ഡോളറിന്റേതാകും. ഇതില്‍ ഒരു ബില്യണ്‍ ഡോളര്‍ വിപണി ഇന്ത്യക്ക് കൈവശപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍. അതിനിടെ കേരളത്തിലെ ആദ്യ ബയോ വില്ലേജ് കാസര്‍കോട്ട് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും ഇതിനകം തുടങ്ങി. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുദ്ദേശിച്ചാണിത്.