1200/1200. ഇത് ജ്യോതിരാജിന്റെ വിജയജ്യോതി

Posted on: May 22, 2015 12:25 am | Last updated: May 22, 2015 at 12:25 am

തൊടുപുഴ: പ്ലസ് ടുവില്‍ 1200ല്‍ 1200ഉം നേടി ജ്യോതി രാജിന്റെ വിജയജ്യോതി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയാണ് കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജ്യോതിരാജ് മിന്നുംതാരമായത്. അതും ഗ്രേസ് മാര്‍ക്ക് ഇല്ലാതെ.
1200 ല്‍ 1200 മാര്‍ക്കും ജ്യോതിയുടെ ഉത്തരക്കടലാസില്‍ വീണു. സംസ്ഥാനത്ത് ഇത്തവണ പതിനഞ്ചോളം പേരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. എന്നാല്‍ ഗ്രേസ് മാര്‍ക്കിന്റെ ആനുകൂല്യം കൂടി മുതലാക്കിയാണ് മിക്കവരും ഉന്നത വിജയം നേടിയതെന്നത് ഈ മിടുക്കിയുടെ മികവിന് പത്തരമാറ്റ് തിളക്കമേകി. നെടുങ്കണ്ടം താന്നിമൂട് തോയിത്തല രാജേന്ദ്രന്റെയും വിജയമ്മയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് ജ്യോതിരാജ്.
മരപ്പണിക്കാരനായ പിതാവിന്റെ ഏക വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. സാമ്പത്തികമായി ഏറെ പിന്നോക്കമായിട്ടും മക്കളുടെ പഠനത്തിന് ഒരു കുറവും വരുത്താതെ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത പിതാവ് രാജേന്ദ്രനും മാതാവ് വിജയമ്മയും അഭിമാനത്തിന്റെ നെറുകയിലായി. മൂത്ത മകന്‍ വിശാല്‍ രാജേന്ദ്രന്‍ തിരുനല്‍വേലിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്.
ട്യൂഷനോ മറ്റ് പഠന സംവിധാനങ്ങളോ ഇല്ലാതെയാണ് ജ്യോതി ഉന്നതവിജയം കരസ്ഥമാക്കിയത്. അധ്യാപകരുടെ സഹായവും മാതാപിതാക്കളുടെയും ഈശ്വരന്റെയും അനുഗ്രഹവുമാണ് തന്നെ ഉന്നത വിജയത്തിലെത്തിച്ചതെന്ന് ജ്യോതി പറയുന്നു. പഠനരംഗത്ത് വിജയങ്ങള്‍ മാത്രം ശീലമാക്കിയ ഈ കൊച്ചു മിടുക്കിയ്ക്ക് സിവില്‍ സര്‍വീസ് നേടണമെന്നാണ് ആഗ്രഹം.