International
'മരുഭൂവിലെ മുത്ത്'പാല്‍മിറ നഗരം ഇസില്‍ നിയന്ത്രണത്തില്‍

ദമസ്‌കസ്: സിറിയയിലെ തന്ത്രപ്രധാനവും ചരിത്രപ്രസിദ്ധവുമായി പാല്‍മിറ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തു. സിറിയന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പ് പരിപൂര്‍ണ പരാജയമായിരുന്നുവെന്നും നഗരത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഇസില്‍ കൈപിടിയിലാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദമസ്‌കസില്‍ നിന്ന് 210 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന തദ്മൂര്‍ അഥവാ പാല്‍മിറ നഗരം തീവ്രവാദികള്‍ പിടിച്ചെടുത്തതോടെ പ്രധാനപ്പെട്ട സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലേക്ക് ഇവരുടെ പ്രവേശം എളുപ്പമാക്കുമെന്ന് ഭയപ്പെടുന്നു. സിറിയന്‍ സൈന്യവും ഇസില്‍ തീവ്രവാദികളും കഴിഞ്ഞ രാത്രി ശക്തമായ പോരാട്ടത്തിലേര്‍പ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇസില്‍ കടന്നുകയറ്റത്തെ തടയാന്‍ വേണ്ടി സിറിയന്‍ സൈന്യം പാല്‍മിറ നഗരത്തിന് പുറത്തുനിന്ന് നിരവധി തവണ റോക്കറ്റാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഇസില്‍ ഈ നഗരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും അനവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ നീക്കത്തില്‍ രണ്ട് പ്രധാനപ്പെട്ട ഗ്യാസ് കേന്ദ്രങ്ങള്‍ ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നു.
ലോക പൈതൃക പദവിയില്‍ ഇടംപിടിച്ച നഗരമാണ് 2,000 വര്‍ഷം പഴക്കമുള്ള പാല്‍മിറ. മരുഭൂമിയിലെ മുത്ത് എന്നാണ് ചരിത്രകാരന്‍മാര്‍ ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. തീവ്രവാദികള്‍ നശിപ്പിക്കുമെന്ന ഭയമുള്ളതിനാല്‍ ഇവിടെയുള്ള നൂറുകണക്കിന് അമൂല്യവസ്തുക്കള്‍ ഇവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നഗരത്തിന് പുറത്ത് സുരക്ഷിതമായി ഇവ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. പാല്‍മിറ നഗരത്തില്‍ നിന്ന് ആയിരങ്ങള്‍ കുടിയൊഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ടുണ്ട്.