Editorial
വെടക്കാക്കി തനിക്കാക്കല്‍ തന്ത്രം

സംസ്ഥാനത്ത് എല്ലാ മേഖലകളിലും അഴിമതിയാണെന്നും കാശ് കൊടുക്കാതെ ഒരു കാര്യവും സാധിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയുടെ പ്രസ്താവനയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ശരിവെച്ചത് കഴിഞ്ഞ ദിവസമാണ്. എല്ലാവരും അഴിമതിരഹിത പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലും നാട്ടില്‍ അഴിമതി കൂടിവരുന്നതായും ആന്റണി ചൂണ്ടിക്കാട്ടുമ്പോള്‍, കേരള സമൂഹമാകെ ആ നാണക്കേടില്‍ ചൂളിപ്പോകുന്നു. ആന്റണി പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന സുധീരന്റെ പ്രസ്താവനകൂടിയായപ്പോള്‍ അഴിമതി സര്‍വ വ്യാപകമാകുന്നു എന്ന യാഥാര്‍ഥ്യത്തിന് ഒരു അടിവര കൂടിയായി. അതിന് പിന്നാലെ കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ ഒരു അഭിമുഖം കൂടിവന്നപ്പോള്‍ കേരള ജനത മൂക്കത്ത് വിരല്‍ വെച്ചുപോയി. കേരളത്തില്‍ അഴിമതി സര്‍വവ്യാപിയായിരിക്കുന്നു എന്നത് സംസ്ഥാന ജനത അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ്. ഇതേചൊല്ലി കോണ്‍ഗ്രസില്‍ മാത്രമല്ല, അവര്‍ നയിക്കുന്ന യു ഡി എഫിലാകെ തന്നെ പ്രകടമായിരുന്ന അടക്കം പറച്ചിലുകള്‍ ഇപ്പോള്‍ കവലപ്രസംഗത്തിലെത്തിയിട്ടുണ്ട്. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഓരോ ഘടക കക്ഷിനേതാവും മത്സരത്തിലാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് “ബാര്‍ കോഴ” ഇടിത്തീ പോലെ വന്നുവീണത്. ധനമന്ത്രി കെ എം മാണി, എക്‌സൈസ് മന്ത്രി കെ ബാബു തുടങ്ങി യു ഡി എഫ് നേതാക്കളെല്ലാം കോഴയുടെ കരിനിഴലിലായി. അഴിമതിക്കറ കഴുകിക്കളയാന്‍ ആവത് ശ്രമിച്ചിട്ടും ഏല്‍ക്കാതെ വന്നപ്പോഴാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി മുതല്‍ എം എം ഹസന്‍വരെയുള്ളവരെ അഴിമതിവിരുദ്ധ പോര്‍വിളിയുമായി രംഗത്തിറക്കിയത്. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറഞ്ഞ അവസ്ഥയിലായി കാര്യങ്ങള്‍.
അപ്പോഴാണ് കെ എം മാണി ഒന്ന് മനസ്സറിഞ്ഞ് ചിന്തിച്ചത്. അഴിമതിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഊര്‍ജം പാഴാക്കുന്നതിലും ഭേദം, കേരളത്തിലെന്നല്ല, ലോകത്തെവിടേയും അഴിമതി വ്യാപകമാണെന്നും ഇത് പുതിയ കാര്യമല്ലെന്നും ആണയിടുന്നതാണ് യുക്തിയെന്ന് മാണിക്ക് ഉള്‍വിളിയുണ്ടായി. “അഴിമതി സംബന്ധിച്ച് ആന്റണി പറയുന്നത് സത്യമാണ്. എന്തോ ഒരു പുതിയ വിഷയമായി ഇതിനെ കാണാനാകില്ല. അഴിമതി ആരോപണം ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍ അതില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുകയും തെളിവുണ്ടോ എന്ന് പരിശോധിക്കുകയും വേണം. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണം” – മന്ത്രി മാണി നിലപാട് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന വി ഡി സതീശന്റെ പരാമര്‍ശത്തോട് മാണി നേരിട്ട് പ്രതികരിച്ചില്ല. അതുതന്നെയാണ് അഴിമതി പുതിയ കാര്യമല്ലെന്നും ലോകത്തെവിടേയും വ്യാപകമാണെന്നും കുമ്പസരിക്കാന്‍ മാണിയെ പ്രേരിപ്പിച്ചത്. കൊച്ചിയില്‍ രമേശ് ചെന്നിത്തല നടത്തിയ അഭിപ്രായപ്രകടനവും സുധീരന്റെ ന്യൂഡല്‍ഹി പ്രസ്താവനയും എല്ലാം പരസ്പര പൂരകങ്ങളാണ്.
മുമ്പ് അരിയടക്കം അവശ്യസാധനങ്ങള്‍ക്കും ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കും വാണം കണക്കെ വില കുതിച്ചുയരുമ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ അതിനെ “ആഗോള പ്രതിഭാസ”മായി വ്യാഖ്യാനിച്ച് തടിതപ്പുകയായിരുന്നു. വിലക്കയറ്റത്തിന്റെ കാര്യത്തിലെന്നപോലെ അഴിമതിയുടെ കാര്യത്തിലും ഇപ്പോള്‍ എല്ലാം സര്‍വവ്യാപിയായിരിക്കുന്നു. പ്രശ്‌നം ആഗോളവത്കരിച്ച് “കാര്യം എത്ര നിസ്സാരമെന്ന” മട്ടിലാണ് രാഷ്ട്രീയക്കാരുടെ നിലപാടുകള്‍. ഉമ്മന്‍ ചാണ്ടി മന്ത്രിസഭക്കെതിരെ പ്രതിപക്ഷമായ എല്‍ ഡി എഫ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിലൊന്നും “കഴമ്പില്ലെ”ന്നാണ് വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അഴിമതി സര്‍വവ്യാപകമാണെന്നും അതില്‍ പുതുമയില്ലെന്നുംമാണി അടക്കമുള്ളവര്‍ അവകാശപ്പെടുമ്പോള്‍ അഴിമതിയെ നിസ്സാരവത്ക്കരിക്കാനാണ് ഇവരുടെ ശ്രമം. ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തിരിക്കുന്ന മാണിയെ ഒരു തവണ അന്വേഷണസംഘം ചോദ്യം ചെയ്തു. അതില്‍ ലഭിച്ച വിവരങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ബാര്‍ കോഴക്കേസ് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ , ഇതിന് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്. കാര്യക്ഷമമായ അന്വേഷണത്തിലൂടെ അഴിമതിക്കാരെ പുറത്ത്‌കൊണ്ടുവരണം. കേസിന് തുമ്പില്ലാതാക്കാന്‍ ആരെല്ലാം എന്തെല്ലാം ശ്രമങ്ങള്‍ നടത്തിയാലും അതിന് വഴങ്ങില്ലെന്ന് ഉറപ്പ് വരുത്താന്‍നിയമപാലകര്‍ക്കാവണം. “വെടക്കാക്കി തനിക്കാക്കുക” എന്ന തന്ത്രം പ്രയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്കെതിരെ നിതാന്തജാഗ്രത പാലിക്കണം.