സംഘ് പരിവാര്‍ വെല്ലുവിളികള്‍ നേരിടാന്‍ ആരുമായും വേദി പങ്കിടും: വീരേന്ദ്രകുമാര്‍

Posted on: May 17, 2015 6:00 am | Last updated: May 16, 2015 at 11:29 pm

veerendra-kumarമലപ്പുറം: നരേന്ദ്രമോദിയും സംഘ് പരിവാറും രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആരുമായും വേദി പങ്കിടാന്‍ തയ്യാറാണെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന യുവജനതാദള്‍ (യു) സംസ്ഥാന കേഡര്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തില്‍ വന്നതോടെ പലതും പരസ്യമായി പറയാന്‍ തുടങ്ങി. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ പാടില്ലെന്നാണ് സംഘ്പരിവാര്‍ സംഘടനകള്‍ പറയുന്നത്. ശ്രീബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലായതിനാല്‍ ബുദ്ധമതത്തിന്റെ ആരംഭം തന്നെ ഇവിടെയാണ്. എന്നാല്‍ ലോകത്തിന്റെ പലഭാഗത്തും ബുദ്ധമത വിശ്വാസികള്‍ ജീവിക്കുകയും ആരാധന നടത്തുകയും ചെയ്യുന്നുണ്ട്. ചൈനയിലും ജപ്പാനിലുമെല്ലാം സന്ദര്‍ശനം നടത്തുന്ന മോദി ആലോചിക്കേണ്ടത് ഈ രാഷ്ട്രങ്ങളൊന്നും ബുദ്ധമതം ഇന്ത്യയുടേതാണെന്ന പേരില്‍ ബുദ്ധവിശ്വാസികളെ നാടു കടത്തിയില്ല എന്നതാണ്. ഹിന്ദുക്കളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. എന്നിട്ടും ‘ഹിന്ദു ടെററിസം’ എന്ന് പറയാതെ കുറച്ച് മാത്രമുള്ള ഇസ്‌ലാമിക തീവ്രവാദത്തിന്റെ പേരില്‍ ഇസ്‌ലാമിക് ടെററിസം’ എന്ന് പറയാനാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ പ്രശ്‌നങ്ങളെല്ലാം യു ഡി എഫ് നേതൃത്വത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഇത് പരിഹരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അച്ചടക്കത്തോടെ യു ഡി എഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു ഡി എഫ് യോഗങ്ങളിലാണ് കാര്യങ്ങളെല്ലാം തുറന്നുപറയാറുള്ളത്.
മുന്നണിയിലെ പ്രതിപക്ഷമായി ഒരിക്കല്‍ പോലും ജനതാദള്‍ പ്രവര്‍ത്തിച്ചിട്ടില്ല. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന് എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫിലായപ്പോഴും ഇതുതന്നെയാണ് ചെയ്തിരുന്നത്. അധികാരം ആവശ്യമാണ്. എങ്കിലേ സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജെ ഡി യു ദേശീയ ജനറല്‍ സെക്രട്ടറി കെ സി ത്യാഗി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജന.സെക്രട്ടറിയും ബീഹാര്‍ ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ശ്യാം രജക് മുഖ്യാതിഥിയായിരുന്നു. ജെ ഡി യു സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍, സബാഹ് പുല്‍പ്പറ്റ, രാജീവ് നെല്ലിക്കേല്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, ചാരുപാറ രവി, പി കോരന്‍, വി കുഞ്ഞാലി, എന്‍ അബ്ദുല്‍ സത്താര്‍, എ മുജീബ് റഹ്മാന്‍, പി കെ പ്രവീണ്‍ പ്രസംഗിച്ചു.