ബാലവേലയും നിയമ ഭേദഗതിയും

Posted on: May 16, 2015 6:00 am | Last updated: May 15, 2015 at 11:50 pm

SIRAJ.......ബാലവേല നിയമത്തില്‍ ഭേദഗതിവരുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബാലാവകാശപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിരിക്കുന്നു. ഇപ്പോള്‍ ഏറെക്കുറെ നിയന്ത്രിക്കാനായ ബാലവേല പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ഭേദഗതി ഇടയാക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കാതെ ജോലി ചെയ്യാവുന്ന വിധത്തില്‍ നിയമത്തെ പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. പഠനസമയത്തിന് ശേഷമോ അവധിക്കാലത്തോ സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപകടരഹിത തൊഴില്‍ മേഖലകളില്‍ 14 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കാന്‍ നിയമപരിഷ്‌കരണ കരട് രൂപരേഖയില്‍ അനുമതി നല്‍കന്നു. ഏത് മേഖലയിലും 14 വയസ്സിന് താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കരുതെന്നാണ് നിലവിലെ ചട്ടം. നിയമവിധേയമല്ലാതെ ജോലിയെടുപ്പിക്കുന്ന മാതാപിതാക്കള്‍ക്കുള്ള ശിക്ഷയിലും ഇളവ് വരുത്തുന്നുണ്ട്. കരട് രേഖയില്‍ ആദ്യത്തെ നിയമഘംഘനത്തിന് മാതാപിതാക്കള്‍ക്ക് ശിക്ഷയില്ല. രണ്ടാം തവണ മുതല്‍ പരമാവധി 10,000 രൂപയാണ് ശിക്ഷ. വിനോദ വ്യവസായ മേഖലയില്‍ കലാകാരനെന്ന നിലയില്‍ ജോലിചെയ്യുന്നതിനും സര്‍ക്കസ് ഒഴിച്ചുള്ള കായിക രംഗങ്ങളില്‍ പ്രവര്‍ത്തക്കുന്നതിനും കുട്ടികള്‍ക്ക് ഇളവുണ്ട്. കുട്ടികളുടെ തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കു ന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ചെറുപ്പത്തിലേ കുട്ടികള്‍ കുടുംബ ബിസിനസുകളില്‍ പങ്കാളിയാകുന്നത് മാതാപിതാക്കള്‍ക്ക് താങ്ങാകുന്നതോടൊപ്പം അവരില്‍ ഉത്തരവാദിത്വബോധം വര്‍ധിക്കാനിടയാക്കുമെന്നാണ് നിയമന്ത്രാലയവും ശിശുക്ഷേമ വകുപ്പും ചൂണ്ടിക്കാട്ടുന്നത്.
കുടുംബ സംരഭങ്ങളില്‍ കുട്ടികളെ പ്രായഭേദമന്യേ പണിയെടുപ്പിക്കാമെന്ന ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനും അപകടകരമായ തൊഴിലുകളില്‍ പോലും അവരെ ഉപയോഗപ്പെടുത്താനും ഇടയാക്കുമെന്നാണ് ബാലാവകാശ പ്രവര്‍ത്തകരുടെ ആശങ്ക. നിലവില്‍ 14 വയസ്സിന് താഴെ ബാലവേല നിരുപാധികം നിരോധിച്ചിട്ടും രാജ്യത്തെമ്പാടും ഈ പ്രായക്കാരെ തൊഴില്‍ ചെയ്യിപ്പിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടിത്തൊഴിലാളികളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഒന്നര കോടിയോളം കുട്ടിത്തൊഴിലാളുകളുണ്ടെന്നാണ് കണക്ക്. ഹോട്ടലുകളില്‍, തുകല്‍ ഫാക്ടറികളില്‍, പടക്കനിര്‍മാണശാലകളില്‍, കല്‍ക്കരി ഖനികളില്‍, ഇഷ്ടികക്കളങ്ങളില്‍ തുടങ്ങി ഏത് തൊഴിലിടത്തിലും കുട്ടിത്വം വിട്ടുമാറാത്തവര്‍ പതിവുകാഴ്ചയാണ്. പ്രതിഫലം കുറച്ചു നല്‍കിയാല്‍ മതിയെന്നതാണ് ഇവരെ ഉപയോഗപ്പെടുത്തുന്നതിന് പ്രധാന കാരണം. 14 വയസ്സുവരെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ഈ ഘട്ടത്തില്‍ അവരെ തൊഴിലിലേക്ക് തള്ളിവിടുന്നത് മൗലികാവകാശമായ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടാനിടയാക്കും. മാത്രമല്ല, അധ്വാനത്തിന്റെ ഭാരം പേറാനുള്ള കായിക ക്ഷമതയോ മാനസിക പക്വതയോ എത്തിയിട്ടില്ലാത്ത ഈ പ്രായത്തില്‍ കഠിന ജോലി ചെയ്യിക്കുന്നത് അവരുടെ മനോനിലയെ ബാധിക്കാനും സാധ്യതയുണ്ട്. കുട്ടിക്കാലം ആസ്വദിക്കുകയെന്നത് ഇളംതലമുറയുടെ അടിസ്ഥാന അവകാശങ്ങളിലൊന്നാണ്. ചെറുപ്രായത്തില്‍ മുതിര്‍ന്നവരുടെ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടവരല്ല അവര്‍. ഇതുകൊണ്ടാണ് 14 വയസ്സിന് താഴെ ബാലവേല തീര്‍ത്തും നിരോധിക്കണമെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ വിദ്യാഭ്യാസത്തോടൊപ്പം പരമ്പരാഗത തൊഴില്‍ മേഖലകളിലും കുട്ടികള്‍ പരിശീലനം നേടണമെന്ന സര്‍ക്കാര്‍ നിലപാട് പാടേ തള്ളിക്കളയാവതല്ല. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്കൊപ്പം ചേര്‍ന്ന് ജോലിയില്‍ പരിശീലനത്തിലേര്‍പ്പെട്ടെങ്കിലേ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ അവര്‍ക്ക് പ്രാവീണ്യം നേടാനാകൂ. സമൂഹം വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതോടെ പല പരമ്പരാഗത തൊഴില്‍ മേഖലകളിലും വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ലാത്ത അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന് വിഘ്‌നം വരാത്ത വിധം കുടുംബ സംരഭങ്ങളില്‍ കുട്ടികളെക്കൊണ്ട് പ്രായത്തിനും ശേഷിക്കും യോജിക്കുന്ന വിധം തൊഴിലെടുപ്പിക്കാന്‍ അനുമതി നല്‍കുന്നതില്‍ എവിടെയാണ് പന്തികേട്? കര്‍ഷകനായ പിതാവിനെ കാര്‍ഷിക വൃത്തിയില്‍ സഹയിക്കുന്നത് എങ്ങനെയാണ് ബാലപീഡനമാകുക? രാജ്യത്തെ സാമ്പത്തിക, സാമൂഹിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും പൂര്‍ണമായും വിമര്‍ശിക്കപ്പെടാവതല്ല ഇത്തരമൊരു ഭേദഗതി. കൊടുംദാരിദ്ര്യത്തില്‍ കഴിയുന്ന ജനകോടികള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ബാലവേലയില്‍ രാജ്യം ഒന്നാം സ്ഥാനത്ത് തുടരുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ ഈ ഇളവിന്റെ മറവില്‍ അതിനപ്പുറത്തും കുട്ടികളെ തൊഴിലെടുപ്പിക്കാനും അവരുടെ വദ്യാഭ്യാസം നിഷേധിക്കാനുമുള്ള സാധ്യത മുന്നില്‍ കാണേണ്ടതുണ്ട്. ബാലാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ച ചെയ്തു നിയമത്തിലെ പഴുതുകളെല്ലാം അടച്ചായരിക്കണം നിയമത്തിന് അന്തിമ രൂപം നല്‍കേണ്ടത്.