Gulf
'കരിപ്പൂരിലേക്ക് എത്ര വിമാനങ്ങള്‍ പറത്താനും തയ്യാര്‍'

ദുബൈ: കരിപ്പൂരിലേക്ക് യു എ ഇയില്‍ നിന്ന് എത്ര വിമാനങ്ങള്‍ വേണമെങ്കിലും പറത്താന്‍ ഒരുക്കമാണെന്ന് എയര്‍ അറേബ്യ സി ഇ ഒ ആദില്‍ അലി പറഞ്ഞു. അല്‍ ഗുറൈര്‍ സെന്ററിലെ കോസ്‌മോ ട്രാവല്‍സില്‍ എയര്‍ അറേബ്യ ചെക്കിന്‍ സൗകര്യം ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂരിലേക്ക് ആദ്യം സര്‍വീസ് നടത്തിയ ബജറ്റ് എയര്‍ ലൈനറുകളിലൊന്നാണ് എയര്‍ അറേബ്യ, കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുവദിച്ചില്ല. അത് കൊണ്ട് സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ കഴിഞ്ഞില്ല.
ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഗള്‍ഫ്-കേരള. റണ്‍വേ ബലപ്പെടുത്തല്‍ കരിപ്പൂരില്‍ നടക്കുന്നത് കൊണ്ട് വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ പറ്റില്ല. ചെറിയ വിമാനങ്ങള്‍ക്ക് പക്ഷേ, നിയന്ത്രണമില്ല. എയര്‍ അറേബ്യ അടക്കം ബജറ്റ് എയര്‍ലൈനറുകള്‍ ധാരാളമായി പറത്തണം. അതുവഴി യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റണ്‍വേ നവീകരണം നടക്കുന്നു. പിന്നീട് എയര്‍ ലൈനറുകള്‍ക്ക് ഗുണകരമാണത്. അപകടങ്ങള്‍ കുറയും. തുര്‍ക്കിയിലും മറ്റും നടക്കുന്നുണ്ട്. പക്ഷേ, യാത്രക്കാരെ വലുതായി ബാധിച്ചിട്ടില്ല. ഇന്ധന വില കുറയുന്നത്, എയര്‍ലൈന്‍ കമ്പനികള്‍ക്ക് ലാഭകരമാണെന്ന് പറഞ്ഞുകൂടാ. എണ്ണവിലയിടിവ് കമ്പോളത്തെ ക്ഷീണിപ്പിക്കും. യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വരും. അങ്ങനെ വരുമ്പോള്‍ ലാഭം കുറയുകയാണ് ചെയ്യുകയെന്നും ആദില്‍ അലി പറഞ്ഞു.
കരിപ്പൂരിലെ റണ്‍വേ അറ്റകുറ്റപ്പണി കാരണം വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുമെന്ന് കോസ്‌മോസ് ട്രാവല്‍ സി ഇ ഒ ജമാല്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു.
വേനലവധിക്ക് ധാരാളം പേര്‍ നാട്ടിലേക്ക് പോകാനിരിക്കുകയാണ്. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ പറത്തേണ്ട സമയത്താണ് നിയന്ത്രണങ്ങള്‍ വരുന്നത്. ഇതിന് ബദല്‍ മാര്‍ഗം തേടേണ്ടതുണ്ടെന്നും ജമാല്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു.
അല്‍ ഗുറൈറിലെ ചെക്ക് ഇന്‍ കൗണ്ടര്‍ എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും. യാത്രക്ക് മൂന്നു മണിക്കൂര്‍ മുമ്പ് വരെ ലഗേജ് സ്വീകരിക്കും. ബോഡിംഗ് പാസ് നല്‍കും. ഷാര്‍ജ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് ഉണ്ടാകും.