Connect with us

Gulf

വിമാനത്താവളത്തില്‍ പുതിയ ബോര്‍ഡിംഗ് പാസ് സംവിധാനം ഏര്‍പെടുത്തും

Published

|

Last Updated

അബുദാബി: അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ അടുത്ത മാസം മുതല്‍ പുതിയ ബോര്‍ഡിംഗ് പാസ് സംവിധാനം ഏര്‍പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ ആദ്യമായി അബുദാബിയിലാണ് അത്യാധുനികമായ ഈ സംവിധാനം ഏര്‍പെടുത്തുകയെന്ന് വിമാനത്താവള അധികൃതര്‍ വിശദീകരിച്ചു. ടെര്‍മിനല്‍ മൂന്നിലാവും സംവിധാനം ആദ്യം നടപ്പാക്കുക. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് അതിവേഗം കടന്നുപോകാനും ഇതിലൂടെ സാധ്യമാവും. ഇത് കാത്തിരിപ്പ് കുറക്കാനും ഉപകരിക്കും. ബോര്‍ഡിംഗ് പാസുകള്‍ ഓട്ടോമാറ്റിക്കായാവും പരിശോധിക്കുക. ഇതിനായി നാലു ഓട്ടോമാറ്റിക് ഗേറ്റുകളോട് കൂടിയ സെക്യൂരിറ്റി നിരകള്‍ സജ്ജമാക്കും.
പാസ് സ്‌കാനറുകളും കൈ ഉപയോഗപ്പെടുത്താവുന്ന വയര്‍ലെസ് പാസ് സ്‌കാനറുകളുമാണ് ബോര്‍ഡിംഗ് പാസ് ഓട്ടോമാറ്റിക്കായി നല്‍കുന്നതിന് ഉപയോഗപ്പെടുത്തുക. നൂറു ശതമാനം സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ അതിവേഗം കടന്നുപോകാനും സാധിക്കുന്ന രീതിയിലാണ് സംവിധാനം പ്രവര്‍ത്തിക്കുകയെന്ന് അബുദാബി എയര്‍പോര്‍ട്ട്‌സ് സി ഒ ഒ അഹ്മദ് അല്‍ ഹദ്ദാബി വെളിപ്പെടുത്തി. വിമാനത്താവളത്തിന്റെ വികസനത്തിലെ നാഴികക്കല്ലായി പുതിയ സംവിധാനം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് പുതിയ അനുഭവമാവും. യാത്രക്കാര്‍ കൃത്യമായി ടെര്‍മിനലില്‍ എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാനും സാവിധാനത്തിലൂടെ സാധിക്കുമെന്നും അല്‍ ഹദ്ദാബി പറഞ്ഞു.

Latest