Malappuram
പാഴ്‌വസ്തുക്കള്‍ പാഴാക്കാനുളളതല്ല; ബാബുവിന്റെ കരവിരുത് സാക്ഷി

കൊയിലാണ്ടി: ഉപയോഗ ശേഷം വലിച്ചെറിയുക എന്ന മലയാളിയുടെ പതിവു ശീലങ്ങളില്‍ നിന്ന് മാറി നടന്ന് കരവിരുതിന്റെ വിസ്മയം തീര്‍ത്ത് പ്രകൃതി സ്‌നേഹി ശ്രദ്ധേയനാകുന്നു. വലിച്ചെറിയുന്ന വിവിധ ഗ്ലാസ് പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുളള വിവിധ പാഴ് വസ്ത്തുക്കള്‍ അധികം ഊര്‍ജ്ജമോ പണമോ ചെലവഴിക്കാതെയും പ്രകൃതിയെ മലിനമാക്കാതെയും നിത്യ ജീവിതത്തില്‍ തിരികെ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചും പഠിപ്പിച്ചും തരികയാണ് ബിസിനസ് കണ്‍സള്‍ട്ടന്റും പരിസ്ഥിതി സ്‌നേഹിയുമായ പെരുവട്ടൂരിലെ ബാബു കൊളപ്പളളി. ഗ്ലാസ് കുപ്പികളെ എങ്ങനെ പുനരുപയോഗ വസ്തുക്കളാക്കി മാറ്റാമെന്ന് പത്ത് വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബാബു പറഞ്ഞു തരുന്നു. വലിച്ചെറിയുന്ന ഗ്ലാസ് കുപ്പികള്‍ കൊണ്ട് മനോഹരമായ ഗ്ലാസ് ടംബഌറുകള്‍,ഫഌവര്‍വേയ്‌സ്,കാന്റീന്‍ ഹോള്‍ഡര്‍,ടാബിള്‍ ലാമ്പ്,സാള്‍ട്ട് -പെപ്പര്‍ കണ്ടെയ്‌നര്‍,ഹാങ്കര്‍,വാള്‍ ഡക്കറേറ്റീവ് ഇനങ്ങള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ ഉണ്ടാക്കാം. കൂടാതെ വീട്ടുമുറ്റത്തും മട്ടുപ്പാവിലും പച്ചക്കറി കൃഷി ചെയ്യാനും തോട്ടത്തില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്താനും കുപ്പികള്‍ മതിയാകും.
ഗ്ലാസ് കുപ്പികളെ എങ്ങനെ റീ സൈക്കിള്‍,റീയൂസബിള്‍ ഉത്പന്നമാക്കി പരിവര്‍ത്തനപ്പെടുത്താമെന്ന് ബാബു വിശദീകരിക്കുന്നു.
ആദ്യമായി ഉപയോഗ ശൂന്യമായ കുപ്പികള്‍ ശേഖരിക്കുകയാണ് വേണ്ടത്. ശേഖരിച്ച കുപ്പികള്‍ വിവിധ ഡിസൈനില്‍ മുറിച്ചെടുക്കുന്നു.മുറിച്ചെടുത്ത ഭാഗം പോളീഷ് ചെയ്യുക. നാലാമത്തെ ഘട്ടത്തില്‍ പോളീഷ് ചെയ്തവയെ അണുവിമുക്തമാക്കി ഉപയോഗിക്കാം. ഇത്തരം കാര്യങ്ങളില്‍് പരിശീലനം നല്‍കിയാല്‍ അധിക മുതല്‍ മുടക്കില്ലാതെ തന്നെ പുതിയ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ കഴിയും. അതോടെ പുതിയ ജോലി സാധ്യതകളും ഉരുതിരിയും. പാഴ് വസ്തുക്കള്‍ കുന്നു കൂടുന്നത് തടയാനും പ്രകൃതി മലിനീകരണം ഒഴിവാക്കാനും ഇതോടെ സാധിക്കുന്നു.