Kerala
ഒന്നാംവിളക്കുള്ള നെല്‍വിത്തുമായി വിത്തുവികസന അതോറിറ്റി

പാലക്കാട്: ഒന്നാംവിളക്ക് രണ്ടായിരം മെട്രിക് ടണ്‍ നെല്‍വിത്തുമായി സംസ്ഥാന വിത്തുവികസന അതോറിറ്റി ഒരുങ്ങി. ആവശ്യമായ കൃഷിക്കാര്‍ക്ക് കൃഷി‘ഭവനുകള്‍വഴി ഇവയുടെ വിതരണം ആരംഭിക്കും. ഒന്നാംവിളക്ക് യോജിച്ച ഉമ, ജ്യോതി, കാഞ്ചന വിത്തുകളാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള അപേക്ഷ കൃഷിഭവനുകള്‍ വഴി സമര്‍പ്പിക്കാന്‍ സമയമായി. വിവിധ പദ്ധതികളിലായി വിത്തിന് സബ്‌സിഡി ആനുകൂല്യവും ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. 10,05,000 കിലോ ഉമ, 75,640 കിലോ ജ്യോതി, 1,54,940 കിലോ കാഞ്ചന വിത്തുകളാണ് വിതരണത്തിന് ഒരുക്കിയത്.
സംസ്ഥാനത്ത് കോള്‍ക്കൃഷിയുള്‍പ്പെടെ മൂന്ന് സീസണുകളിലായി രണ്ട് ലക്ഷം ഹെക്ടറിലാണ് നെല്‍ക്കൃഷി നടത്തുന്നത്. ഇതിന് 20,000 മെട്രിക് ടണ്‍ നെല്‍വിത്താണ് ആവശ്യം. ഇതില്‍ പതിനൊന്ന്് മെട്രിക് ടണ്‍ വിത്താണ് സംസ്ഥാന വിത്തുവികസന അതോറിറ്റി കര്‍ഷകര്‍ക്ക് നല്‍കുന്നത്. ശേഷിച്ചവ കര്‍ഷകര്‍ അതതിടങ്ങളില്‍ ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം വിത്ത് നല്‍കുന്നത് പാലക്കാട്ടെ കര്‍ഷകരാണ്. സംഭരിക്കുന്ന വിത്തിന്റെ എണ്‍പത് ശതമാനത്തോളം വരും ഇത്. 1,800ഓളം രജിസ്റ്റര്‍ചെയ്ത വിത്തുത്പാദകര്‍ പാലക്കാട്ടുള്ളപ്പോള്‍ മറ്റ് ജില്ലകളിലെല്ലാമായി ഇരുനൂറിലേറെപ്പേരാണുള്ളത്. വിത്തുവികസന അതോറിറ്റി കിലോക്ക് 25രൂപ നിരക്കിലാണ് വിത്ത് സംഭരിക്കുന്നത്. എരുത്തേമ്പതിയിലെയും ആലപ്പുഴയിലെയും ഗോഡൗണുകളില്‍ നേരിട്ടെത്തിക്കുന്ന കര്‍ഷകര്‍ക്ക് മുപ്പത് രൂപ ലഭിക്കും. സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോക്ക് പത്തൊമ്പത് രൂപ ലഭിക്കുമ്പോള്‍ നെല്ല് വിത്താക്കി മാറ്റിയാല്‍ ആറ് രൂപയാണ് അധികമായി ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
വിത്ത് ഉത്പാദിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സബ്‌സിഡി നിരക്കിലുള്ള ആനുകൂല്യങ്ങളുണ്ട്. പലേടത്തും കൃഷി ഓഫീസര്‍മാര്‍ നെല്‍വിത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്.
സബ്‌സിഡിക്കുള്ള ഫണ്ട് ഇനിയും ലഭ്യമായിട്ടില്ലെന്ന പരാതിയാണ് കൃഷി ഓഫീസര്‍മാര്‍ ഉയര്‍ത്തുന്നത്. ലഭ്യമായ ഫണ്ടുകളുപയോഗിച്ച് വിത്തിന് സബ്‌സിഡി അനുവദിക്കണമെന്ന ഉത്തരവുണ്ടെങ്കിലും ഫണ്ട് ലഭിച്ചാലേ അതിന് കഴിയുമെന്ന നിലപാടിലാണ് കൃഷിഭവനുകളെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.