Business
റബ്ബര്‍ മാര്‍ക്കറ്റിലെ പ്രതിസന്ധി തുടരുന്നു; ഇന്ത്യന്‍ കുരുമുളകിന് ഡിമാന്‍ഡ് കൂടി

കൊച്ചി: കുരുമുളകിന് യു എസ് – യൂറോപ്യന്‍ ഓര്‍ഡര്‍. വന്‍കിട മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചത് ഉത്പന്ന വിലയെ തളര്‍ത്തി. റബ്ബര്‍ മാര്‍ക്കറ്റിലെ പ്രതിസന്ധി തുടരുന്നു. ഇറക്കുമതി ഡ്യൂട്ടി വര്‍ധന ഉത്പാദകര്‍ക്ക് നേട്ടം പകര്‍ന്നില്ല. സ്വര്‍ണ വില ഉയര്‍ന്നു.
ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന് വീണ്ടും ആവശ്യക്കാര്‍. ഏതാനും മാസങ്ങളായി മരവിപ്പില്‍ നീങ്ങിയ വിദേശ വ്യാപാര രംഗം സജീവമാക്കിയത് രൂപയുടെ മൂല്യ തകര്‍ച്ചയാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ ചരക്കില്‍ താത്പര്യം കാണിച്ചു. ഏകദേശം 2,000 ടണ്ണിനുള്ള കച്ചവടങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ ഉറപ്പിച്ചതായാണ് സൂചന. വാരാന്ത്യം അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 57,500 രൂപയിലാണ്.
നാളികേരത്തിന്റെ ലഭ്യത ഉയര്‍ന്നതിനിടയില്‍ വ്യവസായിക ഡിമാന്‍ഡ് മങ്ങിയത് ഉത്പന്ന വിലയെ തളര്‍ത്തി. വിളവെടുപ്പ് പുരോഗമിച്ചതോടെ താഴ്ന്ന വിലക്ക് ചരക്ക് കൈക്കലാക്കാനാണ് വന്‍കിട മില്ലുകാരുടെ ശ്രമം. കാങ്കയത്ത് വാങ്ങല്‍ താത്പര്യം ചുരുങ്ങിയത് കൊപ്രയെ സമ്മര്‍ദത്തിലാക്കി.
രാജ്യത്ത് നാളികേരോത്പാദനം പത്ത് ശതമാനം കുറയുമെന്ന വിവരം പുറത്തുവന്നിട്ടും സീസണിലെ വില തകര്‍ച്ചയെ പിടിച്ചു നിര്‍ത്താനായില്ല. കാങ്കയത്ത് കഴിഞ്ഞമാസം ക്വിന്റലിന് 10,000 രൂപയില്‍ നീങ്ങിയ കൊപ്ര 8,700 വരെ ഇടിഞ്ഞ ശേഷം വാരാന്ത്യം 8,900 ലാണ് തമിഴ്‌നാട്ടില്‍.
കൊച്ചിയില്‍ കൊപ്ര 9,295 രൂപയിലും എണ്ണ 13,600 ലുമാണ്. മാസാരംഭത്തിലും പ്രാദേശിക തലത്തില്‍ വെളിച്ചെണ്ണ വില്‍പ്പന ചുടുപിടിച്ചില്ല. ഉപഭോക്താക്കള്‍ സൂര്യകാന്തി, പാം ഓയില്‍ എണ്ണകളിലേക്ക് ശ്രദ്ധതിരിച്ചത് തിരിച്ചടിയായി. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന വ്യാപകമായതും നാളികേരോല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചു.
റബ്ബറിന്റെ ഇറക്കുമതി ഡ്യൂട്ടിയില്‍ കേന്ദ്രം വരുത്തിയ നേരിയ വര്‍ധന വിപണിയില്‍ അനുകൂല ഫലം ഉളവാക്കിയില്ല. വാരത്തിന്റെ തുടക്കത്തില്‍ മികച്ചയിനം ഷീറ്റിന് 200 രൂപ ഉയര്‍ന്ന് 12,700 വരെ ചുവടുവെച്ചെങ്കിലും ശനിയാഴ്ച 12,400 ലേക്ക് ഇടിഞ്ഞു. ഓഫ് സീസണായതിനാല്‍ വിപണികളില്‍ ഷീറ്റ് ക്ഷാമവും തുടരുന്നു. വിദേശ റബ്ബര്‍ ഇറക്കുമതി യഥേഷ്ടം നടക്കുന്നതിനാല്‍ ആഭ്യന്തര വിപണിയില്‍ ടയര്‍ കമ്പനികള്‍ താത്പര്യം കാണിച്ചില്ല. അഞ്ചാം ഗ്രേഡ് 12,200 രൂപയിലാണ്.
കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന്‍ 20,040 ല്‍ നിന്ന് 20,280 ലേക്ക് വാരാന്ത്യം കയറി. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1187 ഡോളറിലാണ്.