Gulf
അലോസരപ്പെടുത്തുന്ന ദൃശ്യങ്ങള്‍

അലോസരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പലതും സാമൂഹിക മാധ്യമങ്ങളില്‍ കാണാറുണ്ട്. ഏറ്റവും ഒടുവില്‍ ഖത്തറില്‍ നിന്നുള്ളതാണ്. മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും മറ്റും പ്രകോപനം സൃഷ്ടിച്ച ഒരു സംഘപരിവാരം അനുയായിയെ കുറേ മലയാളികള്‍ ദോഹ വിമാനത്താവളത്തിനു സമീപം പൊതിരെ തല്ലുന്ന ദൃശ്യമാണത്. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.
ഇന്ത്യയില്‍, അധികാരത്തിലെത്താന്‍ സംഘ പരിവാരം ആള്‍ക്കൂട്ട ഭ്രാന്ത് സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ ലഹരിയില്‍ വീണുപോയ ആളാണ് അക്രമിക്കപ്പെട്ടത്. മാനസിക നില തെറ്റിയ ആള്‍ എന്ന നിലയില്‍, വെറുതെ വിടാമായിരുന്നു. അദ്ദേഹത്തെ, താലിബാന്‍ മോഡലില്‍ വിചാരണ ചെയ്യുമ്പോള്‍ സംഘപരിവാരത്തിലെ വര്‍ഗീയ വാദികളെക്കാള്‍ തരം താഴുകയാണ് അക്രമികള്‍ ചെയ്തത്.
ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഗള്‍ഫ് ഭരണാധികാരികള്‍ക്ക് ഇന്ത്യക്കാര്‍ എന്നേയുള്ളു. ഇന്ത്യന്‍ മുസ്‌ലിംകള്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ എന്ന വിവേചനമില്ല. ക്രമസമാധാന ലംഘനം സൃഷ്ടിക്കുന്നവര്‍ ആരായാലും ശക്തമായ നടപടി ഭരണകൂടം കൈക്കൊള്ളും. നേരത്തെ, ബംഗ്ലാദേശികള്‍ക്ക് വിസാ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നുവെന്ന് ഓര്‍ക്കുക. ബംഗ്ലാദേശില്‍ ഭൂരിപക്ഷം മുസ്‌ലിംകളാണെന്നൊന്നും ഗള്‍ഫ് ഭരണകൂടം നോക്കിയില്ല.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വെറുക്കാന്‍ പര്യാപ്തമായ പ്രചാരണങ്ങള്‍ സംഘപരിവാര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. വസ്തുതകളുടെയോ ചരിത്ര സത്യങ്ങളുടെയോ പിന്‍ബലമില്ലാത്തതാണ് പലതും. മലപ്പുറത്തും കാശ്മീരിലും ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് അതിലൊരു പ്രചാരണം. ഇത്തരം പ്രചാരണങ്ങളില്‍ വിശ്വസിക്കുന്ന നിഷ്‌കളങ്കര്‍ ധാരാളം. അവര്‍ മുന്‍പിന്‍ നോക്കാതെ സാമൂഹികമാധ്യമങ്ങളില്‍ വിഷലിപ്തമായ വാക്കുകള്‍ ചൊരിയുന്നു. മനസിലെ വെറുപ്പ്, ഭ്രാന്തിലേക്ക് നയിക്കുമെന്നറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയില്‍ ത്രിശൂലവും വാളുമെടുത്ത് തെരുവുകളിലിറങ്ങുന്നവര്‍, പിന്നീട് നിസാര കാരണങ്ങള്‍ക്ക് സ്വന്തം ആളുകളുടെ നേരെയും തിരിയും. കേരളത്തില്‍ പോലും ഈയിടെയായി കൊലപാതകങ്ങള്‍ നടന്നു. ഇത്തരം അക്രമോത്സുക സമീപനം ആര്‍ക്കും ഗുണം ചെയ്യില്ല. വാളെടുത്തവന്‍ വാളാല്‍ തന്നെ ഒടുങ്ങും.
ദോഹയില്‍ ആ വ്യക്തിക്കെതിരെ, ആക്രോശവുമായി പാഞ്ഞടുത്തവരുടെ ഉള്ളിലും വെറുപ്പിന്റെ സ്ഫുരണങ്ങളാണ് കാണാന്‍ കഴിയുക. ആക്രമണത്തിനു പകരം ഉപദേശമായിരുന്നെങ്കില്‍ കുറേകൂടി ഫലവത്താകുമായിരുന്നു.
ഗള്‍ഫില്‍ ഇന്ത്യക്കാര്‍ ധാരാളമായി എത്തിച്ചേര്‍ന്ന സാഹചര്യവും ഇതിനോട് ചേര്‍ത്തുവായിക്കണം. ഇന്ത്യയില്‍ വിഭജനത്തെത്തുടര്‍ന്ന്, പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ എത്തിയവരുണ്ട്. കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസം നേടി തൊഴിലന്വേഷിക്കുന്ന യുവജനങ്ങള്‍ വര്‍ധിച്ചപ്പോള്‍ അവരിലെ ഭൂരിപക്ഷവും ഗള്‍ഫിനെയാണ് അഭയമായി കണ്ടത്. ആദ്യകാലത്ത് കപ്പലിലായിരുന്നു കടല്‍ താണ്ടിയത്. അവരില്‍ എല്ലാ ജാതിമത സമൂഹങ്ങളുമുണ്ട്. ഗള്‍ഫിലെത്തിയാല്‍ ഇന്ത്യക്കാരന്‍ എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടത്. അതിനെ തകര്‍ക്കുന്ന തരത്തില്‍ ഹിന്ദുക്കളെന്നും മുസ്‌ലിംകളെന്നും വിഭജിക്കുന്നത്, ആരൊക്കെയെന്ന് പൊതു സമൂഹത്തിനറിയാം. അത്തരക്കാരെ ഒറ്റപ്പെടുത്തുക. സാക്ഷിമഹാരാജിന്റെയും ശശികല ടീച്ചറുടെയും പ്രസ്താവനകള്‍ ഏറ്റുപിടിക്കുമ്പോള്‍, അപകടങ്ങള്‍ ധാരാളം. അതിനെതിരെ കൈക്കരുത്ത് കാണിക്കുമ്പോഴും അപകടങ്ങളുണ്ടെന്നറിയുക.