തലമുറകളിലേക്ക് പകരാത്ത ഭാഷ ചരമമടയും: സേതു

Posted on: May 10, 2015 6:23 pm | Last updated: May 10, 2015 at 6:23 pm

sethu-350x184അബുദാബി: ഭാഷ ജനതയുടെ വികാരവും പൈതൃകവുമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രമുഖ സാഹിത്യകാരനും നാഷനല്‍ ബുക് ട്രസ്റ്റ് മുന്‍ ചെയര്‍മാനുമായ സേതു പറഞ്ഞു. അബുദാബി അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്‌കാരിക സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. എത്രപേര്‍ സംസാരിക്കുന്നു എന്നതിലല്ല കാര്യമുള്ളത്. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കപ്പെടാത്ത കാലം വരുമ്പോഴാണ് ഭാഷ മരിക്കുന്നത്.
മാതൃഭാഷയോടുള്ള സ്‌നേഹവും പ്രതിപത്തിയും നമ്മുടെ മനസ്സില്‍ കുടികൊള്ളുന്നുണ്ട്. ഒരു കുഞ്ഞ് ജനിച്ചുവീണ ശേഷം അമ്മ അതിനോട് പറയുന്ന ഭാഷയും മരിക്കാന്‍ കിടക്കുമ്പോള്‍ പറയുന്നതുമാണ് മാതൃഭാഷ. അതൊരിക്കലും കടം കൊണ്ട ഭാഷയാവില്ല.
മലയാള ഭാഷ സമകാലിക സാഹചര്യത്തില്‍ ശക്തമായി നിലകൊള്ളുന്നുവെന്നതില്‍ അതിയായ സന്തോഷമാണ് തോന്നുന്നത്. മൂന്നു കോടി ജനങ്ങള്‍ സംസാരിക്കുന്നത് മാത്രമല്ല ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും നമ്മുടെ കുട്ടികള്‍ക്ക് ഭാഷയുടെ പൈതൃകം പകര്‍ന്നു നല്‍കാനുള്ള ശ്രമം കാണുന്നു. പുസ്തക മേളയിലൂടെ അബുദാബിയിലും ഷാര്‍ജയിലുമൊക്കെ അത് ശ്രദ്ധേയമായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്നത് സന്തോഷകരമാണ്.
ഇന്നെനിക്ക് സ്‌കൂള്‍ കുട്ടികളുമായി സംവദിക്കാന്‍ സാഹചര്യം ലഭിച്ചു. വല്ലാത്ത സന്തോഷം തോന്നിയ സന്ദര്‍ഭമാണത്. ഭാഷാ സ്‌നേഹം പകര്‍ന്നു നല്‍കാനുള്ള സംവിധാനങ്ങള്‍ തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ടതാണ്.
ഭാഷയെ പത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് എതിര്‍ക്കപ്പെടേണ്ടതാണ്. ചില ടെലിവിഷന്‍ അവതാരകര്‍ ഭാഷയെ കൊഞ്ചിക്കുന്ന രീതിയിലേക്ക് കൊണ്ടുപോവുന്നുണ്ട്. വീട്ടില്‍ മലയാളം പറയാന്‍ നാം തയ്യാറാവണം. എന്നോട് വീട്ടില്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല.
എഴുത്തിലേക്ക് യാദൃശ്ചികമായി കടന്നുവന്നയാളാണ് ഞാന്‍. അനുഭവങ്ങളെ അക്ഷരങ്ങളാക്കി മാറ്റിയപ്പോള്‍ സമൂഹം സ്വീകരച്ചു. അതിനെ കഥയെന്നു വിളിച്ചു ചിലര്‍. അതിന്റെയൊക്കെ അന്തര്‍ധാര മനസിലാക്കുമ്പോഴേക്ക് എഴുത്ത് മേഖലയില്‍ ശക്തമായ സാന്നിധ്യമായി തീര്‍ന്നിരുന്നു.
മലയാളത്തിലെ പ്രമുഖ സാഹിത്യ സാമ്രാട്ടുകളുമായി സൗഹൃദം കൂടാനായത് എഴുത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. അവര്‍ ശാസിച്ചും അല്ലാതെയും എന്നെ വളര്‍ത്തിയെന്നു പറയാം.
ലോക തലത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നെങ്കിലും വായനയും പുസ്തക രചനയും വര്‍ധിച്ചു വരികയാണ്. ഡിജിറ്റല്‍ മേഖല ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. കൊറിയയില്‍ എല്ലാ വീട്ടിലും ബ്രോഡ്ബാന്റ് കണക്ടിവിറ്റിയുണ്ട്. എന്നാലും അവിടെയും പുസ്തക വില്‍പന വര്‍ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്.
ഇന്ത്യയിലെ പ്രാദേശിക ഭാഷകളെ പ്രാദേശികമെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താതെ അതിനെ ഇന്ത്യന്‍ ഭാഷ എന്ന രീതിയില്‍ പരിഗണിക്കുകയും അതില്‍ കൊണ്ടു കൊടുക്കലുകള്‍ ഉണ്ടാവുകയും വേണ്ടതുണ്ട്. എന്നാലേ എല്ലാ ഭാഷകളും ശക്തമാകുകയുള്ളു.
അറബ് മേഖലയുമായും സാര്‍ക് മേഖലയുമായും ഭാഷകള്‍ സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഓരോ ഭാഷയിലും വരുന്ന മികച്ച സാഹിത്യങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ ഈ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും.
അറബ് മേഖലയില്‍ പുസ്തകമേളക്ക് നല്‍കുന്ന പ്രാധാന്യത്തില്‍ ഏറെ സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറബ് കവി ശിഹാബ് ഗാനം, കെ കെ മൊയ്തീന്‍ കോയ, അസ്‌മോ പുത്തന്‍ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് കാരശ്ശേരി ആമുഖവും മുനീര്‍ പാണ്ട്യാല നന്ദിയും പറഞ്ഞു.