Kerala
മന്ത്രി ജയലക്ഷ്മി വിവാഹിതയായി

മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മി വിവാഹിതയായി. മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രം മേല്‍ശാന്തി വാരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മുറച്ചെറുക്കന്‍ കൂടിയായ കമ്പളക്കാട് ചെറുവടി സ്വദേശി അനില്‍കുമാറാണ് മന്ത്രിയ്ക്ക് മിന്നുകെട്ടിയത്. പാലോട്ട് തറവാട്ടിന്റെ നടുമുറ്റത്ത് ഒരുക്കിയ കതിര്‍മണ്ഡപത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ അഞ്ചരയ്ക്ക് തുടങ്ങിയ കുറിച്യ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ പത്തുമണിവരെ നീണ്ടുനിന്നു. രാവിലെ ഏഴരക്ക് വരന്റെ വീട്ടില്‍ നിന്ന് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും വധുവിന്റെ വീട്ടിലെത്തി വധുവിനെ അണിയിച്ചൊരുക്കി. തുടര്‍ന്ന് എട്ട് കുറിച്യ തറവാടുകളില്‍ നിന്നുള്ള കാരണവന്മാരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വിവാഹചടങ്ങുകളിലേക്ക് കടന്നു. ചടങ്ങുള്‍ക്ക് ശേഷം 9.15നാണ് വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മിന്നുകെട്ട് നടന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.പി.എം. സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി മഞ്ഞളാംകുഴി അലി, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, പുരുഷന്‍ കടലുണ്ടി, കെ. അച്യുതന്‍, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം തുടങ്ങിയവര്‍ ശനിയാഴ്ച എത്തിയിരുന്നു.
പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിവാഹ സദ്യ ഒരുക്കുന്നത്. എട്ടായിരം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ട്. വി ഐ പി കല്യാണമായതിനാല്‍ പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
മന്ത്രി പദവിയിലിരിക്കെ വിവാഹിതയാകുന്ന മൂന്നാമത്തെയാളാണ് ജയലക്ഷ്മി.