Kerala
ബാര്‍ കോഴ: കെ എം മാണിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: ബാര്‍ കോഴ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ധനമന്ത്രി കെ എം മാണിയെ ഒരിക്കല്‍ കൂടി വിജിലന്‍സ് സംഘം ചോദ്യം ചെയ്‌തേക്കും. കേസില്‍ പ്രതിയായ കെ എം മാണിയെ വെള്ളിയാഴ്ച രാത്രി മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം നല്‍കിയ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നെന്നാണു വിജിലന്‍സ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണു മാണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തയാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ശേഖരിച്ച മൊഴി വിശദമായി പരിശോധിച്ച ശേഷമാകും കൂടുതല്‍ ചോദ്യങ്ങള്‍ തയാറാക്കുക. ബാര്‍ കോഴ വിഷയത്തില്‍ കൂടുതല്‍ മൊഴി നല്‍കണമെന്ന പി സി ജോര്‍ജിന്റെ ആവശ്യവും വിജിലന്‍സ് അംഗീകരിച്ചേക്കും. അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ കെ എം മാണി കുടുംബപരമായ ആവശ്യത്തിനു ദുബൈയിലേക്കു പോവുകയാണ്. ഏകദേശം ഒരാഴ്ചയോളം മാണി ദുബൈയിലാകും തങ്ങുക. അതിനാല്‍, ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ അതിനു ശേഷമേ ഉണ്ടാകൂ എന്നാണ് സൂചന. അതേ സമയം, മാണി വിദേശത്തുള്ള സമയത്ത് കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സാധ്യതകളും ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. അടച്ച ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണിക്കു മൂന്ന് ഘട്ടങ്ങളിലായി ഒരുകോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മന്ത്രി കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പൂര്‍ണമായി നിഷേധിച്ചു. വിജിലന്‍സ് എസ് പി ആര്‍ സുകേശന്റെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്തത്. കോവളത്തു ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനത്തിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിലായിരുന്നു മൊഴിയെടുക്കല്‍. അതിനിടെ, ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് തന്നെ ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം കേള്‍ക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ അസാധാരണമായി ഒന്നുമില്ല.
അതിനിടെ, വിജിലന്‍സ് കേസുകളില്‍ ആരും സ്വാധീനിക്കാന്‍ ശ്രമിക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കെപി സി സി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി. വിജിലന്‍സ് സ്വതന്ത്ര ഏജന്‍സിയാണ്. ബാര്‍ കോഴ കേസില്‍ ആരും സമ്മര്‍ദം ചെലുത്തേണ്ട, അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കെ പി സി സി യോഗത്തില്‍ ചെന്നിത്തല വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രണ്ട് തട്ടിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നതിനിടെയാണ് ചെന്നിത്തല നിലപാട് ശക്തമാക്കിയത്. ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം യു ഡി എഫ് മേഖലാ ജാഥ നടത്തിയാല്‍ മതിയെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടിനുള്ള മറുപടി കൂടിയായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. മുന്നണിയിലെ പ്രബല ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് – എം ഇല്ലാതെ എങ്ങനെ മേഖലാ ജാഥ നടത്തരുതെന്ന കോണ്‍ഗ്രസിനുള്ളിലെ ചിലരുടെ ആവശ്യവും കെ പി സി സി ഇന്നലെ തള്ളിയിരുന്നു.