Connect with us

Articles

ഭൂകമ്പത്തെ കാതോര്‍ക്കേണ്ട കാലം

Published

|

Last Updated

2015 ഏപ്രില്‍ 25ന് പകല്‍ 11.56ന് നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനം 10,000ത്തോളം ആളുകളുടെ ജീവഹാനിക്ക് കാരണമായി. ലക്ഷങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി. പതിനായിരങ്ങള്‍ക്ക് പരുക്കേറ്റു. ഹിമാലയന്‍ ഭൂമികുലുക്കം എന്നറിയപ്പെടുന്ന ഈ ഭൂചലനം ഈ നൂറ്റാണ്ടിലെ ഏറ്റവും തീവ്രത രേഖപ്പെടുത്തിയ ഒന്നാണ്. ഗോര്‍ഖ ജില്ലയിലെ ബാര്‍പാക്ക് എന്ന ഗ്രാമമായിരുന്നു എപ്പി സെന്റര്‍. അതിന്റെ ഫോക്കസ്(ഹൈപ്പോ സെന്റര്‍) 15 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലായിരുന്നു. 1934ല്‍ നേപ്പാളിലും ബീഹാറിലും അത്തരം ഒരു ഭൂകമ്പം ഉണ്ടായിരുന്നു. അന്ന് തുടര്‍ ചലനങ്ങള്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ചൈനയിലും ബംഗ്ലാദേശിലും ഉണ്ടായി.
ഇത്തവണത്തെ ഭൂമി കുലുക്കത്തെ തുടര്‍ന്ന് ഹിമാലയന്‍ സാനുക്കളില്‍ മഞ്ഞുപാളികള്‍ ഇടിഞ്ഞുവീഴുകയും അത് വഴി 19 പേര്‍ മരിക്കുകയും 250 പേരെ കാണാതാകുകയും ചെയ്തു. കാഠ്മണ്ഡുവില്‍ യുനസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളായ കാഠ്മണ്ഡു ദര്‍ബാര്‍ സ്‌ക്വയര്‍, പത്താന്‍ ദര്‍ബാര്‍ സ്‌ക്വയര്‍, ഭക്താപൂര്‍ ദര്‍ബാര്‍ സ്‌ക്വയര്‍ എന്നവ തകര്‍ന്നു തരിപ്പണമായി. ഏപ്രില്‍ 26ന് റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തുടരെത്തുടരെ ചലനങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. ഏപ്രില്‍ 25ന് ആദ്യ ഭൂചലനത്തിന് ശേഷം ഇരുപത് സെക്കന്റ് കഴിഞ്ഞ് 6. 6 രേഖപ്പെടുത്തിയ മറ്റൊരു ചലനവും ലംജൂംഗ് എന്ന സ്ഥലത്തിന് 34 കിലോമീറ്റര്‍ താഴെ രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. 20,000 വിദേശികള്‍ നേപ്പാളില്‍ സന്ദര്‍ശനം നടത്തിവരവെയാണ് ഭൂമികുലുക്കം ഉണ്ടായത്. ഏപ്രില്‍ 25ന് നേപ്പാളിലെ ഭൂചലനത്തിന് ശേഷം ഉണ്ടായ തുടര്‍ചലനം മൂലം ഇന്ത്യയില്‍ ബീഹാറില്‍ 12 പേരും ഉത്തര്‍ പ്രദേശില്‍ മൂന്ന് പേരും പശ്ചിമ ബംഗാളിലും രാജസ്ഥാനിലും ഓരോരുത്തരും കൊല്ലപ്പെട്ടു. ഏപ്രില്‍ 29ന് മാത്രം ഇന്ത്യ 187 ടണ്‍ സാധനങ്ങള്‍ നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചു. അതില്‍ 50 ടണ്‍ വെള്ളം, 22 ടണ്‍ ഭക്ഷണം, 25 ടണ്‍ മരുന്ന് എന്നിവ ഉള്‍പ്പെടുന്നു. ഒരുപക്ഷേ, ഇന്ത്യയുടെ രാജ്യാന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും ലോക രാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയതുമായ ഒരു മഹാ ദൗത്യമായിരുന്നു നേപ്പാളില്‍ ഇന്ത്യ ചെയ്തത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് 2246 പേരെ എയര്‍ ലിഫ്റ്റ് ചെയ്ത് നേപ്പാളില്‍ നിന്നു ഇന്ത്യയിലെത്തിച്ചു. ഇതില്‍ അനേകം വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു. കൃത്യസമയത്ത് ആ രാഷ്ട്രം ആഗ്രഹിച്ച ഒരു സഹായം ഇന്ത്യക്ക് നല്‍കാന്‍ സാധിച്ചു എന്നത് മഹത്തായ കാര്യമാണ്.
ഭൂചലനത്തില്‍ കാലാവസ്ഥാ പ്രവചനം പോലെ ലളിതമല്ല കാര്യങ്ങള്‍. ഭൂചലനം കൃത്യമായി നിര്‍വചിക്കുക പ്രയാസമായതിനാലാണ് മരണ സംഖ്യ ഏറുന്നത്. നാം ഒന്ന് മനസ്സിലാക്കണം. ഭൂമി കുലുക്കം ആരെയും കൊല്ലുന്നില്ല. എന്നാല്‍, അതുമൂലം മനുഷ്യനിര്‍മിതമായ നിര്‍മാണങ്ങള്‍ വീഴുന്നത് മൂലമാണ് ആളുകള്‍ മരിക്കുന്നത്. കെട്ടിടങ്ങള്‍, പാലങ്ങള്‍, ആകാശ റെയല്‍ പാതകള്‍, അണക്കെട്ടുകള്‍,വീടുകള്‍ എന്നിവയെല്ലാം തകര്‍ന്നടിയുന്നതിന് ഭൂമി കുലുക്കം കാരണമാകാം. മഞ്ഞുമലകള്‍ ഇടിഞ്ഞുവീഴാം. റോഡുകല്‍ വിണ്ടുപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതാകാം. ഭൂമി കുലുക്കം മനുഷ്യനിര്‍മിതമായ എല്ലാറ്റിനെയും അസ്ഥിരപ്പെടുത്തും.
ഇന്ത്യയിലെ 38 നഗരങ്ങള്‍ ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഇന്ത്യയിലെ ഭൂചലന സാധ്യത ഏറെയുള്ള സംസ്ഥാനങ്ങളും നഗരങ്ങളും ഇവയാണ്. അസം, ശ്രീനഗര്‍, ഡല്‍ഹി, മുംബൈ, ചെന്നൈ, പൂനെ, കൊച്ചി, കൊല്‍ക്കത്ത, തിരുവനന്തപുരം, പാറ്റ്‌ന. ഇതില്‍ അസമും ശ്രീനഗറും അതീവ ഭൂകമ്പ സാധ്യതയുള്ള സോണ്‍ അഞ്ചിലാണ്. കൊച്ചിയും തിരുവനന്തപുരവും സോണ്‍ മൂന്നിലാണ്. റിക്ടര്‍ സ്‌കെയിലില്‍ നാലിന് താഴെ ഭൂകമ്പമേ സോണ്‍ മൂന്നില്‍ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാല്‍, മറ്റു സ്ഥലത്തെ ഭൂകമ്പങ്ങളുടെ തുടര്‍ ചലനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഉയര്‍ന്ന ഭൂകമ്പങ്ങള്‍ സൃഷ്ടിക്കാവുന്നവയാണ്.
ഭൂമിയുടെ അടിയില്‍ ഉന്നത മര്‍ദം മൂലം പാറ പൊട്ടി ഊര്‍ജം പുറത്തുവിടുമ്പോഴാണ് ഭൂമി കുലുക്കും ഉണ്ടാകുന്നത്. ഭൂമിക്കടിയിലെ പാറകളുടെ പാളികളുടെ അഗ്രഭാഗങ്ങളിലാണ് ഇത് സംഭവിക്കുക. ഭൂമിക്കടിയിലെ പാറ അടുക്കുകളുടെ അഗ്രഭാഗം പൊട്ടുന്ന ഭാഗത്തെ “ഫോക്കസ്” എന്നും അതിന് മുകളിലുള്ള സ്ഥലത്തെ എപ്പിസെന്റര്‍ എന്നും അറിയപ്പെടുന്നു. പൊട്ടുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജം പ്രകമ്പനങ്ങളായി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുമ്പോള്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യാ ഉപഭൂകണ്ഡത്തിലെ 54 ശതമാനം സ്ഥലങ്ങളും ഭൂകമ്പ സാധ്യതയുള്ളതാണ്. 2050ന് മുമ്പ് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഭൂമി കുലുക്കവും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നുണ്ട്. 2015 ഏപ്രില്‍ 25ന് കേരളത്തില്‍ മുല്ലപ്പെരിയാര്‍, കോട്ടയം, എറണാകുളം ഭാഗങ്ങളിലായി റിക്ടര്‍ സ്‌കെയിലില്‍ 3. 8 രേഖപ്പെടുത്തിയ ചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 1998, 2000, 2001 വര്‍ഷങ്ങളില്‍ ഇടുക്കിയിലെ പൈനാവ് കേന്ദ്രീകരിച്ച് 4. 6 മാഗനറ്റിയൂഡില്‍ 27 സെക്കന്റ് ദൈര്‍ഘ്യത്തില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. 2012ല്‍ കോഴിക്കോട്, മലപ്പുറം മേഖലയിലും നേരിയ ഭൂചലനം (3.4) രേഖപ്പെടുത്തിയിരുന്നു. കേരളം ഭൂചലന മേഖയില്‍ തന്നെയാണെന്ന് അടിവരയിടുന്ന സംഭവങ്ങളാണിവ. ഇടുക്കി ജില്ല ഭൂകമ്പ സാധ്യത ഏറെയുള്ള ഫാള്‍ട്ട് സോണിലാണ്.
ഒരു ഭൂകമ്പം ഉണ്ടായാല്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതം അതിഭയാനകമാണ്. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവക്ക് ദൗര്‍ബല്യം സംഭവിക്കും. പല സ്ഥലങ്ങളിലും പൊടുന്നനെ തീപിടിത്തത്തിന് സാധ്യതയുണ്ട്. കെട്ടിടങ്ങള്‍, നിര്‍മിതികള്‍ എന്നിവ ചരിഞ്ഞ് വീണ് മരണ സംഖ്യ വളരെയേറെയായിരിക്കും. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ തകര്‍ന്നുപോകുന്നതിനാല്‍, ഗതാഗതം നിലയ്ക്കും. വൈദ്യുതി, ടെലഫോണ്‍ പോസ്റ്റുകള്‍ എന്നിവ വീഴുമെന്നതിനാല്‍ വെളിച്ചം നിലയ്ക്കുകയും ആശയവിനിമയം അസാധ്യമാകുകയും ചെയ്യും. കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മൃത്‌ദേഹങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. കോഴി, ആട്, പശു, പോത്ത് തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നതിന് ഭൂചലനം കാരണമാകും. മരുന്നുകളുടെ ലഭ്യത കുറയും. ജീവിച്ചിരിക്കുന്നവര്‍ക്ക് രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. പരുക്ക് പറ്റുന്നവരുടെ ജീവിതം നരകതുല്യമായിത്തീരും.
അനാഥരായിത്തീരുന്ന കുട്ടികള്‍, പ്രായമായര്‍ എന്നിവര്‍ കടുത്ത ദാരിദ്ര്യത്തിലാകും. ഭൂകമ്പം വിതയ്ക്കുന്ന യാതനകള്‍ ഭയാനകമാണ്. കേരളത്തിലെ 40 അണക്കെട്ടുകളും ഭൂകമ്പമുണ്ടായാല്‍ ജലബോംബുകളായി മാറും. ഹൈറേഞ്ചിലേയും തീരദേശങ്ങളിലെയും കെട്ടിടങ്ങള്‍ നിലം പൊത്തും. ഗതാഗതവും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകരും. കുടിവെള്ള സ്രോതസ്സുകള്‍ കടലില്‍ നിന്നും കായലില്‍ നിന്നും ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകും.
നേപ്പാള്‍ ഭൂകമ്പത്തിന്റെ വെളിച്ചത്തില്‍ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണം. കെട്ടിടങ്ങള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കണം. വികസനം സുസ്ഥിരമാകണം. പശ്ചിമഘട്ടം പാറക്കായി തകര്‍ത്ത് ആ പാറകള്‍ തീരദേശത്ത് കെട്ടിടങ്ങളായി ഉയരുന്നത് നിയന്ത്രിക്കണം. ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്നത് കേരളത്തിലെ ഭൂകമ്പ സാധ്യതയുടെ വെളിച്ചത്തില്‍ അപകടമാണ്.

 

---- facebook comment plugin here -----