Gulf
ശൈഖ് മുഹമ്മദ് എ ടി എമ്മില്‍ സന്ദര്‍ശനം നടത്തി

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്(എ ടി എം) സന്ദര്‍ശിച്ചു. നിരവധി ദേശീയ പവലിയനുകളില്‍ കയറുകയും അവയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വിനോദസഞ്ചാര രംഗത്തെ വികസനത്തെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും പവലിയനുകളുടെ ചുമതലയുള്ളവര്‍ ശൈഖ് മുഹമ്മദിനോട് വിശദീകരിച്ചു.
രാജ്യങ്ങള്‍ക്കിടയിലെ സാംസ്‌കാരികമായ അന്തരം കുറക്കുന്നതിലും ബന്ധം ഊട്ടുയുറപ്പിക്കുന്നതിലും കര, കടല്‍, വായു മാര്‍ഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. ദേശീയ വിമാനക്കമ്പനികളായ എമിറേറ്റുസും ഫ്‌ളൈ ദുബൈയും തങ്ങളുടെ വികസന പദ്ധതികളെക്കുറിച്ച് ശൈഖ് മുഹമ്മദിനോട് സംസാരിച്ചു.
ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ സി ഇ ഒയും ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ജനറലുമായ ഹിലാല്‍ സഈദ് അല്‍ മറി എന്നിവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.