യമനിലെ ആക്രമണം താത്കാലികമായി അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കും: സഊദി

Posted on: May 6, 2015 5:31 am | Last updated: May 5, 2015 at 11:31 pm

റിയാദ്: യമനില്‍ ഹൂത്തി വിമതര്‍ക്കെതിരെ നടക്കുന്ന സംയുക്ത ആക്രമണം താത്കാലികമായി നിര്‍ത്തുവെക്കുന്ന കാര്യം പരിഗണിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി അബ്ദുല്‍ജുബൈര്‍ പറഞ്ഞു. ദുരുതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും മറ്റും മാനുഷിക പരിഗണനവെച്ചുള്ള വെടിനിര്‍ത്തലാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തെക്കന്‍ യമനില്‍ ഹൂത്തി ആയുധധാരികളും രാജ്യം വിട്ട പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ അനുയായികളും തമ്മിലുള്ള രൂക്ഷ ഏറ്റുമുട്ടലില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടതിന് പിറകേയാണ് മന്ത്രിയുടെ പ്രഖ്യാപനം.
നിശ്ചിത പ്രദേശത്ത്, നിശ്ചിത സമയത്ത് ആക്രമണം നിര്‍ത്തിവെക്കുന്നതാണ് പരിഗണനയില്‍. അത് എങ്ങനെ വേണമെന്ന് സഖ്യ കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് സഊദിയിലെത്തുന്ന യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിവിധ അറബ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യമന്‍ കടുത്ത മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് യു എന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.