International
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ നേപ്പാള്‍ തിരിച്ചയക്കുന്നു

കാഠ്മണ്ഡു: ഭൂകമ്പത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി രാജ്യത്തെത്തിയ 25 ഓളം രാജ്യങ്ങളില്‍നിന്നുള്ള വിദേശ സംഘത്തെ നേപ്പാള്‍ സര്‍ക്കാര്‍ തിരിച്ചയക്കാനൊരുങ്ങുന്നു. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നേപ്പാള്‍ സംഘത്തിന് ചെയ്യാനാവുമെന്ന് കേന്ദ്ര പ്രകൃതി ക്ഷോഭ ദുരന്തനിവാരണ കമ്മിറ്റി പറഞ്ഞു. വിദേശ സംഘങ്ങളെ തിരിച്ചയക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ലക്ഷ്മി പ്രസാദ് ദാക്കല്‍ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള 962 പേര്‍ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേരുള്ള വിദേശ സംഘവും ഇന്ത്യയുടെതാണ്. ഇന്ത്യക്ക് പുറമെ ചൈന, പാക്കിസ്ഥാന്‍, ശ്രീലങ്ക, അമേരിക്ക, ഇസ്‌റാഈല്‍, യു എ ഇ തുടങ്ങി 25ഓളം രാഷ്ട്രങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 700 ഓളം വിദേശ മെഡിക്കല്‍ വിദഗ്ധരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
അതേ സമയം നേപ്പാള്‍ പകര്‍ച്ചവ്യാധി ഭീഷണികൂടി നേരിടുന്നുണ്ട്. കോളറ, അതിസാരം, ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുമുള്ളതായി ഡോക്ടര്‍മാരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി വ്യക്തിശുചിത്വം പാലിക്കുവാന്‍ അധിക്യതര്‍ ജനങ്ങളെ ഉപദേശിച്ചു. ഭൂകമ്പത്തിന് ശേഷം രോഗം പടര്‍ന്ന്പിടിക്കാന്‍ സാധ്യതയുണ്ടെന്നും ബംഗ്ലാദേശില്‍ ഇത്തരത്തില്‍ കണ്ണ് രോഗം പടര്‍ന്ന്പിടിച്ചിരുന്നുവെന്നും ടി യു ടീച്ചിങ് ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗം തലവന്‍ പ്രതാപ് നാരായണ്‍ പ്രസാദ് പറഞ്ഞു. ഭൂകമ്പത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ തുറന്ന സ്ഥലങ്ങളില്‍ കഴിയുന്നതിനാലും ശുചിത്വമില്ലാത്ത അവസ്ഥയിലും രോഗങ്ങള്‍ പെട്ടന്ന് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന ഭീതിയില്‍ പലരും വീട്ടിലേക്ക് തിരികെ പോകുന്നുമില്ല. ഭൂകമ്പത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ പൂര്‍ണമായും തകരുകയും 1,80,000 വീടുകള്‍ക്ക് സാരമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.