കുമാര്‍ വിശ്വാസിന് വനിതാ കമ്മീഷന്റെ സമന്‍സ്

Posted on: May 4, 2015 11:40 pm | Last updated: May 4, 2015 at 11:40 pm

kumar biswasന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിനെതിരെ പരാതിയുമായി വനിതാ പ്രവര്‍ത്തക. എ എ പി പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ കുമാര്‍ വിശ്വാസിന് സമന്‍സ് അയച്ചു. താനുമായി അവിഹിതബന്ധമുണ്ടെന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളോട് പ്രതികരിക്കാന്‍ കുമാര്‍ വിശ്വാസ് തയ്യാറാകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുമാര്‍ വിശ്വാസിനോടും ഭാര്യയോടും കമ്മീഷന്‍ മുമ്പാകെ ഇന്ന് ഹാജരായി മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
അവിഹിതബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മിണ്ടാതിരുന്നില്ലെങ്കില്‍ എ എ പി നേതാവ് സന്തോഷ് കോലിയെ പോലെ തന്നെയും കൊലപ്പെടുത്തുമെന്ന് വിശ്വാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണെന്നായിരുന്നു വിശ്വാസിന്റെ നിലപാട്. 2013ല്‍ റോഡ് അപകടത്തിലാണ് സന്തോഷ് കോലി കൊല്ലപ്പെടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച കുമാര്‍ വിശ്വാസിന് വേണ്ടി പരാതിക്കാരിയായ യുവതിയും പ്രചാരണ രംഗത്തുണ്ടായിരുന്നു. കുമാര്‍ വിശ്വാസിനൊപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
പരാതിയുമായി നന്ദ് നഗരി പോലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം സമീപിച്ചത്. പിന്നീട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് യുവതി പറയുന്നു. എന്നാല്‍, യുവതിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 29ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരാതിയെന്ന് കുമാര്‍ വിശ്വാസ് പറഞ്ഞു. ഭൂരിഭാഗം മാധ്യമങ്ങളും മോദി സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.