ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളികേര ഉത്പാദനത്തില്‍ കുറവെന്ന് സര്‍വേ

Posted on: April 29, 2015 3:21 am | Last updated: April 29, 2015 at 12:21 am

coconutകൊച്ചി: ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാളികേര ഉത്പാദനത്തില്‍ കുറവ്. പ്രധാന നാളികേരോത്പാദന സംസ്ഥാനങ്ങളില്‍ നാളികേര ഉത്പാദനവും ഉത്പാദന ക്ഷമതയും നിര്‍ണയിക്കുന്നതിനായി നാളികേര വികസന ബോര്‍ഡ് 2014-15 -ല്‍ നടത്തിയ സര്‍വേയാണ് നാളികേര ഉത്പാദനത്തില്‍ വന്‍ കുറവ് കണ്ടെത്തിയത്. അതേസമയം തമിഴ്‌നാട്, ഒഡീഷ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വര്‍ധനവ് കാണിക്കുകയും ചെയ്തു.
ഇന്ത്യയിലെ പ്രധാന നാളികേര ഉത്പാദക സംസ്ഥാനങ്ങളില്‍ 2014-15 കാര്‍ഷിക വര്‍ഷത്തിലെ ഉത്പാദനം 2013-14 വര്‍ഷത്തെ അപേക്ഷിച്ച് 10% കുറവാണ് കാണിക്കുന്നത്. സര്‍വേപ്രകാരം 2014-15 സാമ്പത്തിക വര്‍ഷം കേരളത്തിലെ നാളികേര ഉത്പാദനം 2013-14 വര്‍ഷത്തെ അപേക്ഷിച്ച് 17.48% കുറവാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം 2013-14 -ലെ ഉത്പാദനം 5921 ദശലക്ഷം ആയിരുന്നു. എന്നാല്‍ 2014-15 കാലയളവില്‍ ഇത് 4886 ദശലക്ഷമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു ഹെക്ടറിന് 6042 നാളികേരമാണ് സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമത. ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉത്പാദനം കുറവാണെന്ന് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആലപ്പുഴ ജില്ലയിലെ ഉത്പാദനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മഴ കുറവായതും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം എന്നിവയാണ് ഉത്പാദനം കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാളികേര ഉത്പാദനം. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്.
2014-15 -ല്‍ തമിഴ്‌നാട്ടിലെ ഉത്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.90 ശതമാനം കൂടുതലായിരിക്കുമെന്ന് കാണിക്കുന്നു. 2013-14 -ല്‍ നാളികേര ഉത്പാദനം 4668 ദശലക്ഷം ആയിരുന്നത് 2014-15 -ല്‍ 4850 ദശലക്ഷം ആയി ഉയര്‍ന്നു. ഒരു ഹെക്ടറിന് 11,319 നാളികേരം എന്നനിലയിലാണ് ഉത്പാദനക്ഷമത കണക്കാക്കിയിരിക്കുന്നത്. കൃഷ്ണഗിരി, തിരുനെല്‍വേലി ജില്ലകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉത്പാദനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുപ്പൂര്‍, തഞ്ചാവൂര്‍, കന്യാകുമാരി ജില്ലകളില്‍ ഉത്പാദനം വര്‍ധിച്ചിരിക്കുന്നതായി കാണുന്നു.
കര്‍ണാടകത്തില്‍ നാളികേര ഉത്പാദനം (2012-13) 4337 ദശലക്ഷം ആയിരുന്നത് 2014-15 സാമ്പത്തികവര്‍ഷം 4126 ദശലക്ഷമായി. ഇതനുസരിച്ച് 4.87 ശതമാനം ഉത്പാദനക്കുറവാണ് അനുഭവപ്പെട്ടത്. ഉത്പാദനക്ഷമത ഒരു ഹെക്ടറിന് 10,900 നാളികേരം എന്നാണ് കണക്കാക്കിയിരിക്കുന്നത്. മികച്ച നാളികേര ഉത്പാദക ജില്ലകളായ തുംകൂര്‍, ഹസ്സന്‍ എന്നിവിടങ്ങളിലും തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നട എന്നിവിടങ്ങളിലും ഉത്പാദനം കുറവായിരുന്നു. ഏറ്റവും വലിയ ഉത്പാദക ജില്ല തുംകൂറും തൊട്ടുപിന്നില്‍ ചിത്രദുര്‍ഗയും ഹസ്സനും ആണെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു.