ആര്‍ സി എഫ്: മലപ്പുറം ജില്ലാതല പഠനോപകരണ സാമ്പത്തിക സഹായ വിതരണം നടത്തി

Posted on: April 27, 2015 8:30 am | Last updated: April 27, 2015 at 8:30 am

ചെമ്മാട്: ജീവകാരുണ്യ സംഘടനയായ ആര്‍ സി എഫ് ഐയുമായി സഹകരിച്ച് മര്‍കസ് നടപ്പാക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ചെമ്മാട് കുതുബുസ്സമാന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലപ്പുറം ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 200 അനാഥ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സാമ്പത്തിക സഹായവും കൈമാറിയത്. ഓരോ കുട്ടികള്‍ക്കും ആയിരം രൂപ വിലവരുന്ന പഠനോപകരണങ്ങളും 26 ലക്ഷത്തില്‍പരം രൂപയുടെ സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
ജമ്മുകാശ്മീര്‍, യു.പി, മഹാരാഷ്ട്ര, വെസ്റ്റ്ബംഗാള്‍, അസം, ഗുജറാത്ത്, കേരള, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം അനാഥ കുട്ടികള്‍ക്കാണ് ഓര്‍ഫന്‍കെയര്‍ പദ്ധതിയുടെ ഗുണം ലഭ്യമാകുന്നത്. വര്‍ഷത്തില്‍ 4 കോടിയിലധികം രൂപയാണ് ഓര്‍ഫന്‍കെയര്‍ പദ്ധതിക്കായി മാത്രം ആര്‍ സി എഫ് ഐ ചിലവഴിക്കുന്നത്. അനാഥ സംരക്ഷണം, വിദ്യാഭ്യാസ സഹായം, ശുദ്ധജല പദ്ധതികള്‍, ഭവനനിര്‍മാണം, വൈദ്യസഹായം തുടങ്ങിയ മേഖലകളിലെല്ലാം ആര്‍ സി എഫ് ഐ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 26 കോടി രൂപയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ആര്‍ സി എഫ് ഐ ഇതിനകം പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ ഖുതുബുസ്സമാന്‍ ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ ഡോ. അഹ്മദ് കോയ ചെമ്മാട് അധ്യക്ഷത വഹിച്ചു. ആര്‍ സി എഫ് ഐ സെക്രട്ടറി ജനറല്‍ ഡോ. എം എ എച്ച് അസ്ഹരി, ഇബ്രാഹീംകുട്ടി ഹാജി ചെമ്മാട്, സലീം ഹാജി കക്കാട്, ആര്‍ സി എഫ് ഐ മാനേജര്‍ റശീദ് പുന്നശ്ശേരി, ജലീല്‍ എം പി എം, മുഹമ്മദ് അശ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. യൂസുഫ് നൂറാനി സ്വാഗതവും ലത്വീഫ് വാവാട് നന്ദിയും പറഞ്ഞു.