കരകുളം കൃഷ്ണപിള്ള തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍

Posted on: April 26, 2015 11:33 pm | Last updated: April 26, 2015 at 11:33 pm

തിരുവനന്തപുരം: കെ പി സി സി ട്രഷറര്‍ കരകുളം കൃഷ്ണപിള്ളയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനായി നിയമിച്ചു. നിയമനം അംഗീകരിച്ചതായുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശം എ ഐ സി സി ജനറല്‍ സെക്രട്ടി മുകള്‍ വാസ്‌നിക് കെ പി സി സിക്ക് കൈമാറി. ഇതേ തുടര്‍ന്ന് ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ആലപ്പുഴയില്‍ നിന്നുള്ള കെ പി സി സി സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിനെ നിയമിച്ചു. ഡി സി സി പ്രസിഡന്റായിരുന്ന കെ മോഹന്‍കുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായതിനെ തുടര്‍ന്ന് രാജിവെച്ച പദവിയിലേക്കാണ് കൃഷ്ണപിള്ളയുടെ പേര് കെ പി സി സി ഐകകണ്‌ഠേന നിര്‍ദേശിച്ചത്. കെ എസ് യുവിലൂട സജീവ രാഷ്ട്രീയത്തിലെത്തിയ കൃഷ്ണപിള്ള അവിഭക്ത കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. 1978 ല്‍ തിരുവനന്തപുരം ഡി സി സി ട്രഷററായി.
സഹകരണരംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടുകാലം കരകുളം സര്‍വീസ് സഹകരണബേങ്കിന്റെ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം നെടുമങ്ങാട് താലൂക്ക് മാര്‍ക്കറ്റിംഗ് സഹകരണസംഘത്തിന്റെയും തിരുവനന്തപുരം സഹകരണ കാര്‍ഷിക വികസനബേങ്ക് എന്നിവയുടെ പ്രസിഡന്റായിരുന്നു. നെടുമങ്ങാട്‌സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കര്‍ണാടക കേന്ദ്രമായ ക്യാംപ്‌കോ ഡയറക്ടര്‍, സംസ്ഥാന സഹകരണബേങ്ക് ഡയറക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.