Connect with us

Kannur

കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കാന്‍ ജീവനക്കാരുടെ ജനകീയ മാര്‍ച്ച്‌

Published

|

Last Updated

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം 20 വരെ ജനകീയ മാര്‍ച്ച് നടത്തുമെന്ന് കെ എസ് ആര്‍ ടി ഇ എ ചെയര്‍മാന്‍ കെ അശോകന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ കാസര്‍കോട് നിന്ന് ആരംഭിച്ച മാര്‍ച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. സി കെ ഹരികൃഷ്ണനാണ് ജാഥാലീഡര്‍. ദിനംപ്രതി കടമെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന കെ എസ് ആര്‍ ടി സിയുടെ ദിവസ വരുമാനം ഏകദേശം 5.25 കോടി രൂപയാണ്.
എന്നാല്‍, ഇതില്‍ 1.90 കോടി രൂപ കടം തിരിച്ചടക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 2.5 കോടി രൂപ ഡീസല്‍ ഇനത്തിലും 50 ലക്ഷം രൂപ പെന്‍ഷനായും വകയിരുത്തുമ്പോള്‍ ബാക്കി തുക എം എ സി ടി ക്ലെയിമിനും അത്യാവശ്യം ടാക്‌സ് അടക്കാനും മാത്രമേ തികയുന്നുള്ളു.
ഇന്ന് ദൈനംദിന ആവശ്യങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനും ശമ്പളം നല്‍കുന്നതിനും കടമെടുക്കേണ്ടി വരുന്നു. എന്നാല്‍, ഇതിനു പുറമേ കെ ടി ഡി എഫ് സി, ഹുഡ്‌കോ, എല്‍ ഐ സി- സഹകരണ ബേങ്കുകള്‍ എന്നിവയിലൊക്കെയായി 1793.19 രൂപയുടെ കട ബാധ്യതയും കെ എസ് ആര്‍ ടി സി നേരിടുന്നുണ്ട്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ കെ എസ് ആര്‍ ടി സി ക്ക് കാര്യമായ ശ്രദ്ധകൊടുക്കാത്തതിനാലാണ് കട ബാധ്യത നാലിരട്ടിയായതെന്നാണ് കെ അശോകന്‍ ആരോപിക്കുന്നത്.
2011 മാര്‍ച്ചില്‍ 4795 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്ത സ്ഥാനത്ത് 2015 ആയപ്പോഴേക്കും പ്രതിദിനം 4506 ഷെഡ്യൂളുകള്‍ മാത്രമായി മാറി. ഈ പ്രതിസന്ധി സ്ഥിരമായി കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കുകയും ലഭിക്കേണ്ട വരുമാനം ലഭിക്കാതാകുകയും ചെയ്തു.
കെ എസ് ആര്‍ ടി സി നിലവില്‍ വന്നിട്ട് 2015 ല്‍ 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ 50 വര്‍ഷത്തിനിടയില്‍ കെ എസ് ആര്‍ ടി സി ഭാരിച്ച കട ബാധ്യതയുണ്ടാക്കിയെന്നല്ലാതെ ജീവനക്കാര്‍ക്ക് കാര്യക്ഷമമായ രീതിയില്‍ ശമ്പളം നല്‍കാനോ പെന്‍ഷന്‍ നല്‍കാനോ സാധിച്ചിട്ടില്ല. 2013 നവംബര്‍ മുതല്‍ പെന്‍ഷന്‍ തുടര്‍ച്ചയായി മുടങ്ങിയതിനാല്‍ ഇതിനോടകം തന്നെ 22 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ജീവനക്കാര്‍ക്ക് നല്‍കേണ്ട ക്ഷാമബത്തയും കുടിശ്ശികയാണ്. സമരങ്ങളും ഒത്തു തീര്‍പ്പുകളും നടക്കുന്നതല്ലാതെ കെ എസ് ആര്‍ ടി സിക്ക് യു ഡി എഫ് സര്‍ക്കാറില്‍ നിന്നും ഒന്നും ലഭിച്ചിട്ടില്ല. ആവശ്യത്തിന് പുതിയ ബസുകള്‍ ഇറക്കുന്നതിനോ പഴയ ബസുകളുടെ തുടര്‍ന്നുള്ള സര്‍വീസിനായി ടയറും സ്‌പെയര്‍പാര്‍സും മാറ്റുന്നതിനു പോലും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനും പൊതുഗതാഗതം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുമായി ജനകീയമാര്‍ച്ച് നടത്തുന്നത്. പത്രസമ്മേളനത്തില്‍ കെ പി സഹദേവന്‍, സജിത്ത് സദാനന്ദന്‍, ബിജുമോന്‍ പിലാക്കല്‍, പി രാജീവന്‍ പങ്കെടുത്തു.