Connect with us

Gulf

മര്‍കസ് നോളജ് സിറ്റി: ആഹ്ലാദം പങ്കിട്ട് പ്രവാസികളും

Published

|

Last Updated

അബുദാബി: മര്‍കസ് നോളജ് സിറ്റിക്കെതിരെ നിലനിന്നിരുന്ന താത്കാലിക സ്റ്റേ നീക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് കേരളത്തിലെന്നപോലെ പ്രവാസ ലോകത്തും സുന്നീ പ്രസ്ഥാന പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും ആഹ്ലാദത്തിനിടയാക്കി.
കോടഞ്ചേരി പഞ്ചായത്തില്‍ പരിസ്ഥിതി വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് വടകര സ്വദേശി നല്‍കിയ പരാതിയിലാണ് നേരത്തെ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ അനുവദിച്ചത്. എന്നാല്‍, കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ 2006ലെ പ്രത്യേക ഉത്തരവ് പ്രകാരമുള്ള നിശ്ചിത വിസ്തീര്‍ണത്തിന് താഴെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന മര്‍കസ് നോളജ് സിറ്റി അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് താല്‍ക്കാലിക സ്റ്റേ നീക്കിയത്.
മര്‍കസ് നോളജ് സിറ്റിക്കും അതിന്റെ അമരക്കാരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുമെതിരെയുള്ള സ്റ്റേ നീക്കിക്കൊണ്ടുള്ള ചെന്നൈ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ യു എ ഇയിലെ ഐ സി എഫ്, മര്‍കസ് നേതാക്കള്‍ സ്വാഗതം ചെയ്തു. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസ മേഖലയില്‍ പൊതുവിലും മുസ്‌ലിംകളുടെ പുരോഗതിയില്‍ പ്രത്യേകിച്ചും നിര്‍ണായക പങ്കുവഹിക്കുമെന്നുറപ്പുള്ള മര്‍കസ് നോളജ് സിറ്റി പദ്ധതി നിശ്ചയിച്ചപോലെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് സാധിക്കട്ടെയെന്ന് ഐ സി എഫ്, മര്‍കസ് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുസമൂഹത്തിന് ഗുണകരമായ മര്‍കസ് നോളജ് സിറ്റി പോലെയുള്ള പദ്ധതികളെ തടയിടാന്‍ ശ്രമിക്കുന്നത് സമൂഹ പുരോഗതിക്കെതിരെയുള്ള നീക്കമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest