ചെറുവാഴൂരില്‍ മാല മോഷണം തുടര്‍ക്കഥ

Posted on: April 22, 2015 9:28 am | Last updated: April 22, 2015 at 9:28 am
SHARE

എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്തിലെ ചെറുവാഴൂര്‍ ഭാഗത്ത് ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഭവം പതിവാകുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12ന് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘമാണ് മാല മോഷണം നടത്തിയത്. ചെറുവാഴൂര്‍ പൊന്നാംപുറത്ത് വിജീഷിന്റെ ഭാര്യ ജൈതശ്രീയുടെ മൂന്നര പവന്‍ മാലയാണ് നഷ്ടപ്പെട്ടത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പും ഇത്തരം സംഭവം ചെറുവാഴൂര്‍ ഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ നിന്നായിരുന്നു സ്വര്‍ണാഭരണം തട്ടിയെടുത്തത്. ഭൂമിശാസ്ത്രപരമായി കുന്നുകള്‍ നിറഞ്ഞ സ്ഥലമാണ് ചെറുവാഴൂര്‍. വിജനമായ റോഡുകളും പെട്ടെന്ന് രക്ഷപ്പെടാന്‍ സാധ്യമായ ചെറിയ റോഡുകളുമാണ് മാല മോഷ്ടാക്കളെ ചെറുവാഴൂര്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ചെറുവാഴൂരില്‍ നിന്ന് ചെറിയ പാതകളിലൂടെ കൊണ്ടോട്ടിയിലേക്കും മറ്റു മെയിന്‍ റോഡിലേക്കും എത്തിച്ചാരമെന്നതും മോഷ്ടാക്കള്‍ ചെറുവാഴൂരിനെ തിരഞ്ഞെടുക്കാന്‍ കാരണമാകുന്നു.
ചെറിയ കുട്ടികള്‍ക്ക് വലിയ സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിച്ച് സ്‌കൂളുകളിലേക്കും അങ്ങാടിയിലേക്കും സ്‌കൂളുകളിലെന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് വാഴക്കാട് എ എസ് ഐ ഹിദായത്തുല്ല പറഞ്ഞു.
നേരത്തെ നടന്ന മാല മോഷണങ്ങളിലെ പ്രതികളെ പിടികൂടാനോ അന്വേഷണങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാവാത്തതിലും ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ചെറുവാഴൂരില്‍ അടുത്ത കാലത്തായി നടന്ന മോഷണങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.