ലൈസന്‍സിന്നായി വൈദ്യ പരിശോധന: ആര്‍ ടി എ ആരോഗ്യ

Posted on: April 21, 2015 7:51 pm | Last updated: April 21, 2015 at 7:51 pm

ദുബൈ: ട്രക്ക്, ബസ്, ടാക്‌സി എന്നിവയിലെ ഡ്രൈവര്‍മാര്‍ക്ക് വൈദ്യ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് ആര്‍ ടി എ അധികൃതര്‍ ആരോഗ്യ മന്ത്രാലയ അധികൃതരുമായി ചര്‍ച്ച നടത്തി. ഡ്രൈവര്‍മാരുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയ അധികൃതര്‍ക്കൊപ്പം ഡി എച്ച് എ (ദുബൈ ഹെല്‍ത് അതോറിറ്റി), എച്ച് എ എ ഡി (ഹെല്‍ത് അതോറിറ്റി ഓഫ് ഐഡിയല്‍ സോഫ്റ്റ് എമിറേറ്റ്‌സ് അബുദാബി) എന്നിവരുമായും ആര്‍ ടി എ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ആര്‍ ടി എ ആസ്ഥാനത്തായിരുന്നു ചര്‍ച്ചകള്‍ നടന്നത്. ഡ്രൈവര്‍മാര്‍ രോഗങ്ങളില്‍ നിന്നു മുക്തമാണെന്ന് ഉറപ്പാക്കാനാണ് വൈദ്യ പരിശോധനയെന്ന് ആര്‍ ടി എയുടെ ഡ്രൈവേഴ്‌സ് ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മസ്‌റൂഈ വ്യക്തമാക്കി. ഡി എച്ച് എ അംഗീകരിക്കുന്ന ആരോഗ്യക്ഷമതയുള്ള ഡ്രൈവര്‍മാര്‍ക്ക് മാത്രമേ മേല്‍ പറഞ്ഞ വിഭാഗങ്ങളില്‍ ലൈസന്‍സ് ലഭിക്കൂ. യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ നിലവാരത്തിലുള്ളതായിരിക്കും ഡി എച്ച് എ പരിഗണിക്കുന്ന ഡ്രൈവര്‍മാരുടെ ആരോഗ്യം.
രക്ത സമ്മര്‍ദം, പ്രമേഹം, കണ്ണ് പരിശോധന എന്നിവക്കൊപ്പം പൊതുവിലുള്ള മറ്റ് വൈദ്യ പരിശോധനകളും പൂര്‍ത്തിയാക്കി ലാബ് ഫലങ്ങളില്‍ കുഴപ്പമില്ലെന്ന് ഉറപ്പുള്ളവര്‍ക്കാവും ലൈസന്‍സ് നല്‍കുക.
സര്‍വീസ് സെന്ററുകള്‍, ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, എന്നിവിടങ്ങളിലാണ് ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ നല്‍കേണ്ടത്. ഇതിന് ശേഷം ഡ്രൈവറുടെ കണ്ണ് പരിശോധന നടത്തും. പിന്നീടാവും വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് എത്തിക്കുക. ഇതിന് ശേഷം ആശുപത്രികളില്‍ നിന്ന് ഓണ്‍ലൈനായി പരിശോധനാ റിപ്പോര്‍ട്ട് ആര്‍ ടി എ അധികൃതര്‍ക്ക് അയക്കും.
ദുബൈയില്‍ വൈദ്യ പരിശോധന നടത്താന്‍ എട്ട് സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
കനേഡിയന്‍ ഹോസ്പിറ്റല്‍, ഇറാനിയന്‍ ഹോസ്പിറ്റല്‍, ഡി എം ഹോസ്പിറ്റല്‍, പ്രൈം മെഡിക്കല്‍ സെന്റര്‍, സുലേഖ ഹോസ്പിറ്റല്‍, അല്‍ ഖലീജ് ഹോസ്പിറ്റല്‍, അല്‍ മുസല്ല ഹോസ്പിറ്റല്‍ എന്നിവയാണിവ.

മന്ത്രാലയവുമായി ചര്‍ച്ച നടത്തി