കശുവണ്ടി വ്യവസായികളെ കബളിപ്പിച്ച് 50 കോടിയുടെ വെട്ടിപ്പ്

Posted on: April 21, 2015 5:45 am | Last updated: April 20, 2015 at 11:46 pm

കൊല്ലം: സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഒത്താശയോടെ കൊല്ലം കേന്ദ്രമാക്കി നടന്ന അമ്പത് കോടി രൂപയുടെ വെട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ മണക്കാല പുതിയവിള സിന്ധുഭവനില്‍ ശരത്ചന്ദ്രന്‍ (31), ഭാര്യ ലക്ഷ്മി ഭാസ്‌കരന്‍ (25), ഭാര്യാപിതാവും മുന്‍ അബ്കാരിയുമായ കായംകുളം സ്‌നേഹാലയത്തില്‍ വേലഞ്ചിറ ഭാസ്‌കരന്‍ (55) എന്നിവര്‍ ചേര്‍ന്നാണ് കശുവണ്ടി വ്യവസായികളെ കബളിപ്പിച്ച് ഇത്രയും ഭീമമായ തുക വെട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഇവര്‍ക്കെതിരെ പോലീസിലും കോടതിയിലും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2014 ഫെബ്രുവരി മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കം. മാസ്റ്റേഴ്‌സ് എന്ന മലയാള ചിത്രത്തിന്റെ നിര്‍മാതാവായ ശരത്ചന്ദ്രനും ഇയാളുടെ ഭാര്യാപിതാവ് വേലഞ്ചിറ ഭാസ്‌കരനുമാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
സന്ധ്യ കാഷ്യു കമ്പനി എന്ന പേരിലുള്ള കമ്പനിയുടെ ഉടമയെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സന്ധ്യാ കാഷ്യു കമ്പനി എന്ന കശുവണ്ടി വ്യവസായ സ്ഥാപനത്തിന്റെ പേരില്‍ ശരത്ചന്ദ്രന്‍ കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായികളുമായി പരിചയം സ്ഥാപിക്കുകയും തനിക്കും ഭാര്യാപിതാവായ വേലഞ്ചിറ ഭാസ്‌കരനും മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള സൗഹൃദ ബന്ധവും സ്വാധീനവും വെളിപ്പെടുത്തുകയുമാണ് ചെയ്തത്. ടാന്‍സാനിയ, ബെനിം, ഐവറി കോസ്റ്റ്, ഗുനിയ എന്നിവിടങ്ങളില്‍ നിന്ന് ഇവരുടെതായി 5000 മെട്രിക് ടണ്‍ തോട്ടണ്ടി കപ്പലില്‍ ഉടനെ എത്തുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഇതിന് തെളിവായി ഷിപ്പ്‌മെന്റുമായും മറ്റും ബന്ധപ്പെട്ട വ്യാജരേഖകള്‍ ഹാജരാക്കുകയും ചെയ്യുകയായിരുന്നു.
ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി ഇടപാടിനനുസരിച്ചുള്ള മുഴുവന്‍ വിലയും മുന്‍കൂര്‍ നല്‍കിയാല്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞ നിരക്കില്‍ നിശ്ചിത കാലയളവില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായി കോടികള്‍ നഷ്ടമായ കശുവണ്ടി വ്യവസായികള്‍ ഇപ്പോള്‍ ഭീമമായ ബേങ്ക് വായ്പ തിരിച്ചടക്കാന്‍ പോലും സാധിക്കാതെ യാതനയിലാണ്.
അഡ്വാന്‍സ് നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ചില വ്യവസായികള്‍ ശരതിന്റെ വീട്ടിലെത്തി സംസാരിച്ചപ്പോഴാണ് ഇയാള്‍ നല്‍കിയ ചെക്കുകള്‍ വണ്ടിച്ചെക്കുകളാണെന്ന് ബോധ്യമായതെന്ന് തട്ടിപ്പിനിരയായ വ്യവസായികള്‍ പറഞ്ഞു. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ കാണിച്ച് ജില്ലാ പോലീസ് സൂപ്രണ്ട്, ക്രൈംബ്രാഞ്ച് അധികൃതര്‍ എന്നിവര്‍ പരാതി നല്‍കുകയും അടൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പത്തനംതിട്ട, കൊല്ലം കോടതികള്‍ എന്നിവിടങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെങ്കിലും ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം പ്രതികളെ അറസ്റ്റ് ചെയ്യാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വ്യവസായികള്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് കാഷ്യു പ്രോസസേഴ്‌സ് ഫോറം എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താനൊരുങ്ങുകയാണിവര്‍.