യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമമെന്ന് പരാതി

Posted on: April 21, 2015 5:34 am | Last updated: April 20, 2015 at 9:35 pm

മഞ്ചേശ്വരം: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ഹൊസങ്കടി മൂടംബയലിലെ പവന്‍ കുമാറി (27) നെയാണ് ഒരു സംഘം കഴിഞ്ഞദിവസം വൈകിട്ടോടെ ഹൊസങ്കടിയില്‍ നിന്നും കാറില്‍ തട്ടിക്കൊണ്ടുപോയത്.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഉടന്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ രാത്രി ഏറെ വൈകി പവന്‍ കുമാറിനെ സംഘം വിട്ടയക്കുകയായിരുന്നു. യുവാവിനെ കര്‍ണാടക ഭാഗത്തേക്കാണ് സംഘം തട്ടിക്കൊണ്ടുപോയത്. തലപ്പാടിയില്‍ പൂക്കട നടത്തുകയാണ് പവന്‍ കുമാര്‍.
തലപ്പാടിയിലെ ഒരു ഹോട്ടലിന് മുന്നിലാണ് പവന്‍ കുമാറിന്റെ പൂക്കട പ്രവര്‍ത്തിക്കുന്നത്. പൂക്കട ഇവിടെ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ അധികൃതര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പവന്‍ കുമാര്‍ പൂക്കട നീക്കം ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പൂക്കട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ അധികൃതര്‍ മഞ്ചേശ്വരം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൂക്കട നീക്കാന്‍ പഞ്ചായത്ത് നോട്ടീസും നല്‍കിയിരുന്നു. എന്നിട്ടും പൂക്കട നീക്കാന്‍ പവന്‍ കുമാര്‍ തയ്യാറായില്ല. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് യുവാവ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടയില്‍ രണ്ടുദിവസം മുമ്പ് പൂക്കടയെ ചൊല്ലി ഹോട്ടല്‍ അധികൃതരും പവന്‍ കുമാറും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുവാവിനെ വീട്ടിലേക്ക് നടന്നുപോകുംവഴി ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. പൂക്കട നീക്കാമെന്ന് സംഘത്തിന് ഉറപ്പുനല്‍കിയതിനാലാണ് യുവാവിനെ വിട്ടയച്ചതെന്നാണ് വിവരം. യുവാവിനെ സംഘം മര്‍ദിച്ചിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
യുവാവില്‍ നിന്നും വിശദമായ മൊഴിയെടുത്തതിന് ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നാണ് പോലീസ് പറയന്നത്.