Connect with us

International

ഇറാഖിലെ റമാദിയില്‍ നിന്ന് പതിനായിരങ്ങള്‍ പലായന വഴിയില്‍

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ഇറാഖ് നഗരമായ റമാദിയില്‍ നിന്ന് പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്യുന്നത് തുടരുന്നു. അന്‍ബാര്‍ പ്രവിശ്യയുടെ തലസ്ഥാനമായി അറിയപ്പെടുന്ന ഈ നഗരത്തോട് ഇസില്‍ തീവ്രവാദികള്‍ കൂടുതല്‍ അടുത്തുവന്ന സാഹചര്യത്തിലാണ് കൂട്ടപലായനം. 4,000 കുടുംബങ്ങള്‍ നേരത്തെ തന്നെ പലായനം ചെയ്തതായി യു എന്‍ അറിയിച്ചിരുന്നു. അന്‍ബാര്‍ പ്രവിശ്യയില്‍ ഇസില്‍ ആക്രമണം തുടങ്ങിയതിന് ശേഷം 90,000ത്തിലധികം ആളുകള്‍ ഇതിനകം റമാദി നഗരത്തില്‍ നിന്ന് പലായനം ചെയ്തതായാണ് കണക്ക്. പലായനം ചെയ്യുന്നതിനിടയില്‍ നവജാത ശിശുക്കള്‍ മുതല്‍ നിരവധി പേര്‍ മരിക്കുന്നതായും യു എന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ അഭാവമാണ് മരണ സംഖ്യ ഉയരാനുള്ള കാരണം. അവശ്യ സാധനങ്ങള്‍ പോലും ഒപ്പമെടുക്കാന്‍ കഴിയാതെയാണ് പല കുടുംബങ്ങളും പലായനം ചെയ്യുന്നത്. നൂറിലധികം നവജാത ശിശുക്കള്‍ പലായനത്തിനിടയില്‍ മരിച്ചുവെന്ന് യു എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു,
ഒരു വര്‍ഷത്തോളമായി റമാദിയോട് ചേര്‍ന്നുള്ള ഫലൂജ സിറ്റി ഇസില്‍ നിയന്ത്രണത്തിലാണ്. ഇതിന് പുറമെ റമാദി നഗരത്തിനോട് ചേര്‍ന്നുള്ള മൂന്ന് ഗ്രാമങ്ങളും ഇവരുടെ കൈവശമാണ്. എന്നാല്‍ റമാദി നഗരത്തിന്റെ നിയന്ത്രണം ഇപ്പോള്‍ ഇറാഖ് സൈന്യത്തിന് നഷ്ടപ്പെട്ടിട്ടില്ല. ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം നടത്തിയതായും ഇതിന് ശേഷം ഇവരുടെ ഭാഗത്തുനിന്നുള്ള ആക്രമണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നും അന്‍ബാര്‍ പ്രവിശ്യാ കമാന്‍ഡര്‍ ചൂണ്ടിക്കാട്ടി. റമാദിയില്‍ നിന്ന് പലായനം ചെയ്തവരില്‍ രണ്ടായിരം പേര്‍ ബഗ്ദാദിന്റെ പരിസരപ്രദേശങ്ങളില്‍ കഴിയുകയാണെന്നും ഇവര്‍ക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം പുരോഗമിക്കുകയാണെന്നും ഇറാഖ് മന്ത്രാലയം അറിയിച്ചു.

Latest