Connect with us

Kerala

ആദിവാസി ബാലികക്കെതിരെ നടന്ന ലൈംഗിക അതിക്രമം:പ്രക്ഷോഭം ആരംഭിക്കും: സി കെ ജാനു

Published

|

Last Updated

കല്‍പ്പറ്റ: അമ്പലവയല്‍ മലയച്ചന്‍ കോളനിയിലെ ആദിവാസി ബാലികക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാന തലത്തില്‍ പ്രക്ഷോഭം ആരംഭിക്കാന്‍ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചതായി ഗോത്രമഹാ സഭ അധ്യക്ഷ സി കെ ജാനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദിവാസി ഊരുകളില്‍ അനധികൃതമായി താവളമടിക്കുകയുംെൈ ലംഗിക ചൂഷണവും വിഭവ കൊള്ളയും നടത്തുന്നവരെ പുറത്താക്കാനും കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി എടുക്കുന്നതിനുമുള്ള ദീര്‍ഘകാല പ്രക്ഷോഭത്തിന്റെ ഭാഗമാണിത്. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് നാളെ സെക്രട്ടറിയേറ്റ് പടിക്കലും,21ന് വയനാട് കലക്ടറേറ്റ് പടിക്കലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഈ മാസം 30 മുതല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും അനിശ്ചിതകാല സത്യാഗ്രഹമാരംഭിക്കും.
എല്ലാ കേസുകളിലും നാളിതുവരെ കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത് കൊണ്ട് മാത്രമാണ് ആദിവാസി ബാലികക്കെതിരെ നടന്ന ആക്രമത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സമഗ്രവും നീതിയുക്തവുമായ ഒരു അന്വേഷണം ഇപ്പോഴും ആരംഭിച്ചിട്ടില്ലെന്നും സികെ ജാനു പറഞ്ഞു.
നൂറുക്കണക്കിന് ലൈംഗികാതിക്രമത്തിന്റെ ഫലമായി വയനാട്ടിലും ഇതര ജില്ലകളിലുമുള്ള കേസുകളില്‍ നിയമാനുസൃത നടപടി പോലീസ് സംവിധാനം കൈകൊള്ളാത്തത് കൊണ്ടാണ് കുറ്റം ആവര്‍ത്തിക്കപ്പെടുന്നത്. മാത്രമല്ല ആദിവാസി ഊരുകളില്‍ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരെ ഒഴിവാക്കുന്നതിനുള്ള യാതൊരു വിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. പകരം കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കി വരികയാണെന്നും അവര്‍ ആരോപിച്ചു. ആറളത്തും അട്ടപ്പാടിയിലും കേരളത്തലാകെയുമുള്ള ആദിവാസി ഊരുകളില്‍ വിഭവകൊള്ളക്കാരും ലൈംഗിക ചൂഷകരും നടത്തുന്ന അതിക്രമം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പൗരാവകാശ ജനാധിപത്യ പ്രക്ഷോഭം അനിവാര്യമായതെന്നും അവര്‍ പറഞ്ഞു. എം ഗീതാനന്ദന്‍, കെ നാരായണന്‍, അഡ്വ. കെ കെ പ്രീത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.