‘സ്വരാജ് അഭിയാനു’മായി ഭൂഷണും ദേവേന്ദ്രയും

Posted on: April 15, 2015 2:13 am | Last updated: April 15, 2015 at 12:13 am

-yogender-kejriwal-prashant pgഗുഡ്ഗാവ്: ജനങ്ങളുടെ പിന്തുണ തേടി എ എ പിയിലെ വിമത നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും സ്വരാജ് സംവാദ് എന്ന പേരില്‍ ഗുഡ്ഗാവില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. സ്വരാജ് സംവാദ് എന്നത് പിന്നീട് സ്വരാജ് അഭിയാന്‍ എന്നാക്കുകയും ഈ വേദിക്ക് കീഴില്‍ ജനങ്ങളുടെ ആവശ്യങ്ങളില്‍ സമരം നടത്താനും ഇരുവരും തീരുമാനിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടിയായി പ്രഖ്യാപിച്ചാല്‍ എ എ പി ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഇതിലും ഉടലെടുക്കുമെന്ന് യോഗേന്ദ്ര പറഞ്ഞു. ബദല്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എ എ പി വളണ്ടിയര്‍മാര്‍ പരിപാടിക്കെത്തി. പരിപാടിയില്‍ സംബന്ധിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന നേതൃത്വത്തിന്റെ ഭീഷണി വകവെക്കാതെയാണ് നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചത്.
പുതിയ തുടക്കത്തിന്റെ ദിനമാണ് ഇതെന്ന് പരാപാടി തുടങ്ങുന്നതിന് മുമ്പായി യോഗേന്ദ്ര യാദവ് പറഞ്ഞു. ബദല്‍ രാഷ്ട്രീയത്തിനുള്ള ചര്‍ച്ചയാണ് ഇത്. പുതിയ ചില കാര്യങ്ങള്‍ക്ക് നാം ഇവിടെ സാക്ഷികളാകും. മറ്റൊരു പാര്‍ട്ടിയും നല്‍കാത്ത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം എ എ പി ഭരണഘടന സാധാരണ പ്രവര്‍ത്തകന് നല്‍കുന്നുണ്ട്. പാര്‍ട്ടിയുടെ ഭരണഘടന അനുവദിക്കുന്ന ഈ സ്വാതന്ത്ര്യം പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയാണെങ്കില്‍ പാര്‍ട്ടി അത് മാനിക്കുമെന്നത് ഉറപ്പാണ്. യാദവ് പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്തുന്നതിന്റെയോ പാര്‍ട്ടി വിടുന്നതിന്റെയോ സാധ്യതയില്ലെന്ന് മറ്റൊരു പ്രവര്‍ത്തകനായ ആനന്ദ് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയെ അഭിവൃദ്ധിപ്പെടുത്താനാണ് ശ്രമം. ഇവിടെ പുതിയത് തുടങ്ങുകയില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിക്കിടെ വളണ്ടിയര്‍മാര്‍ക്കിടയില്‍ രണ്ട് വ്യത്യസ്ത അപേക്ഷകള്‍ വിതരണം ചെയ്തു. രാജ്യത്തെ രാഷ്ട്രീയത്തിന്റെ ഭാവിയെയും വര്‍ത്തമാനത്തെയും കുറിച്ചുള്ള അഭിപ്രായങ്ങളാണ് അതില്‍ ചോദിച്ചത്.
അതേസമയം, വിമതരുടെ പരിപാടിയില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ എ പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. പരിപാടിക്ക് പാര്‍ട്ടിയുടെ അനുമതിയില്ല. പാര്‍ട്ടിയില്‍ നിലകൊള്ളുന്നതിന് പകരം വിമതര്‍ പുറത്തുപോകട്ടെ. ഇതില്‍ രാഷ്ട്രീയകാര്യ സമിതിയും ദേശീയ നിര്‍വാഹക സമിതിയും തീരുമാനം കൈക്കൊള്ളുമെന്ന് സിംഗ് അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ പ്രവൃത്തിയില്‍ ഉത്തരവാദികളായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് അശുതോഷ് പറഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. പരിപാടിക്ക് അരവിന്ദ് കെജ്‌രിവാളിന് ക്ഷണമുണ്ടായിരുന്നോയെന്ന് അറിയില്ല. എന്തായാലും അത് അനൗദ്യോഗിക പരിപാടിയാണ്. അശുതോഷ് കൂട്ടിച്ചേര്‍ത്തു.