നൈജീരിയയിലെ ഏറ്റുമുട്ടലുകള്‍ക്കിടെ വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരില്‍ എട്ട് ലക്ഷം കുട്ടികളും

Posted on: April 15, 2015 4:25 am | Last updated: April 14, 2015 at 11:26 pm
SHARE

nigeriaയു എന്‍: നൈജീരിയയില്‍ എട്ട് ലക്ഷം കുട്ടികള്‍ വീടുപേക്ഷിക്കാന്‍ നിര്‍ബന്ധിതരായതായി യുനിസെഫ്. വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികളും സൈനികരും, സ്വയം പ്രതിരോധ പൗരസംഘങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളെ തുടര്‍ന്നാണ് ഇത്രയും പേര്‍ക്ക് സ്വന്തം വീടുപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്. യുനിസെഫിന്റെ ‘നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ബാല്യങ്ങള്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇത് വിവരിക്കുന്നത്. വടക്ക്കിഴക്ക് നൈജീരിയയിലെ ചിബുക്കില്‍ നിന്ന് 200 പെണ്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയി ഒരു വര്‍ഷത്തിന് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതെന്ന് ഒരു മാധ്യമം വ്യക്തമാക്കി. ചിബുക്കില്‍ 200 ലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതിനു സമാന നടപടികള്‍ നൈജീരിയയിലുടനീളം നടന്ന് കൊണ്ടിരിക്കു ന്നു. ഇത് മഹാ ദുരന്തമായി മാറിയിരിക്കുകയാണെന്നും ആഫ്രിക്കന്‍ മേഖലയുടെ യുനിസെഫ് ഡയറക്ടര്‍ മാനുവല്‍ ഫോന്‍തെയ്ന്‍ പറഞ്ഞു. തട്ടിക്കൊണ്ട് പോവുക, സായുധ ഗ്രൂപ്പുകളിലേക്ക് നിയമിക്കുക, ആക്രമിക്കുക, വിവിധ രൂപത്തില്‍ ചൂഷണോപാധികളാക്കുക, ആക്രമണങ്ങള്‍ മൂലം ഓടി അകലാന്‍ നിര്‍ബന്ധിതരാവുക എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ നൈജീരിയയില്‍ നിന്ന് ആണ്‍ കുട്ടികളും പെണ്‍കുട്ടികളും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. അവര്‍ക്കവരുടെ ബാല്യങ്ങള്‍ തിരിച്ചു നല്‍കേണ്ടതുണ്ട,് അദ്ദേഹം വ്യക്തമാക്കി. നൈജീരിയയിലെ സംഘര്‍ഷങ്ങള്‍ ഇത്രയധികം കുട്ടികളെ ബാധിക്കുന്നത് എങ്ങനെയാണെന്നും, മേഖലയിലുടനീളം വ്യാപകമായ തോതില്‍ ഇത്തരം നടപടികള്‍ക്ക് വഴിവെക്കുന്നതെങ്ങനെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൊല്ലപ്പെടുന്നതും അംഗഭംഗം വരുന്നതും സ്ഥലം മാറ്റപ്പെടുന്നവരും കൂടാതെ ബോക്കോ ഹറാം തീവ്ര വാദികള്‍ പോരാളികളായും പാചകക്കാരായും ചുമട്ടുകാരായും നിരീക്ഷകരായും ഉപയോഗിക്കപ്പെടുന്നവരാണ് നഷ്ടപ്പെടുന്നവരില്‍ അധികവും. യുവതികളും ബാലികമാരും നിര്‍ബന്ധിത വിവാഹത്തിനിരകളായിത്തീരുന്നു. കഠിനാധ്വാനത്തിനും ബലാത്സംഗത്തിനും നിര്‍ബന്ധിക്കപ്പെടുന്നു. അതിനു പുറമേ അധ്യാപകരും വിദ്യാര്‍ഥികളും ആസൂത്രിത നീക്കങ്ങള്‍ക്ക് ഇരകളായിത്തീരുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനം ഇവിടങ്ങളില്‍ 300 സ്‌കൂളുകള്‍ നശിപ്പിക്കപ്പെട്ടു. 196 അധ്യാപകരും 314 വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു. ഈ പ്രതിസന്ധിക്ക് പരിഹാരമായി യുനിസെഫ് കഴിഞ്ഞ ആറ് മാസമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നൈജീരിയ, നൈജര്‍, കാമറൂണ്‍, ചാഡ് തുടങ്ങിയ മേഖലകളില്‍ സംഘര്‍ഷബാധിതരായ 60,000 കുട്ടികള്‍ക്ക് കൗണ്‍സിലിംഗും മാനസിക പിന്തുണയും ഇതിനകം യുനിസെഫ് നല്‍കി. അതിനു പുറമേ രക്ഷിതാക്കള്‍ക്കിടയിലുള്ള ബോധവത്കരണം, ശുദ്ധ ജല വിതരണം, ആരോഗ്യ സേവനങ്ങള്‍, താത്കാലിക പഠനാവസരങ്ങള്‍ നല്‍കല്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കല്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് ചെയ്യാനായിട്ടുണ്ട്. നൈജീരിയയിലും സമീപ രാജ്യങ്ങളിലും നടത്തുന്ന സന്നദ്ധ സേവനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോവുന്നതിന് അന്താരാഷ്ട്ര സഹായദാതാക്കളുടെ സാമ്പത്തിക പിന്തുണ ഇനിയും ആവശ്യമുണ്ടെന്നും കൂടുതല്‍ സഹായം അവരില്‍ നിന്ന് ആവശ്യപ്പെടുന്നതായും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.