യമനില്‍ കുടുങ്ങിയ പാക് പൗരന്മാര്‍ ഒമാനിലേക്ക് കടന്നു

Posted on: April 13, 2015 6:30 pm | Last updated: April 13, 2015 at 6:30 pm

dtl_10_4_2015_18_7_59മസ്‌കത്ത്: യമനില്‍ കുടുങ്ങിയ 12 പാക് വംശജര്‍ അതിര്‍ത്തി വഴി സലാലയിലെത്തി. ഒമാനിലെ പാക് എംബസിയുടെയും സലാലയില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശികളുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് സ്വദേശത്ത് തിരിച്ചെത്താനായത്. അതിര്‍ത്തിയിലെത്തിയ ഇവരെ ഒമാനി ഉദ്യോഗസ്ഥര്‍ പാക് എംബസി പ്രതിനിധികള്‍ക്ക് കൈമാറുകയായിരുന്നു.
ഹദര്‍ മൗത്ത്, അല്‍ മഹ്‌റ എന്നിവിടങ്ങളിലുണ്ടായിരുന്നവരാണ് ഒമാന്‍ അതിര്‍ത്തി കടന്ന നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ അതിര്‍ത്തി വഴി രാജ്യത്തേക്ക് എത്തിക്കാന്‍ ഒമാന്‍ തയാറായിട്ടുണ്ട്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് കൂടുതലായും അതിര്‍ത്തി മാര്‍ഗം ഒമാനിലെത്തിയത്.
ഒമാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും സഊദി വ്യോമാക്രമണം ശക്തമല്ലാത്ത സ്ഥലങ്ങളിലും താമസിക്കുന്നവരായ പൗരന്മാരോട് അതിര്‍ത്തി മാര്‍ഗം സലാലയിലെത്താന്‍ ഒമാനിലെ പാക്കിസ്ഥാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിര്‍ത്തിയിലെത്തുന്ന പാക് വംശജരെ തങ്ങള്‍ക്ക് കൈമാറാനും അധികൃതര്‍ ഒമാന്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സലാലയിലെത്തുന്നവര്‍ക്ക് പൂര്‍ണ സഹായവും പാക് എംബസി വാഗ്ധാനം ചെയ്തിട്ടുണ്ട്. സലാലയില്‍ നിന്ന് ഇവരെ മസ്‌കത്ത് വഴി വിമാനത്തില്‍ ലാഹോറിലെത്തിക്കാനുമുള്ള നീക്കം നടക്കുകയാണ്.
അതേസമയം, ഒമാന്‍ അതിര്‍ത്ത് കേന്ദ്രീകരിച്ച് യമനിലേക്കുള്ള സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ മനുഷ്യാവകാശ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. യമനിലേക്കുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്.