Connect with us

International

യു എന്‍ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി

Published

|

Last Updated

പാരീസ്/ഹാനോവര്‍: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യവം ശക്തമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനുള്ള ഇന്ത്യയുടെ സംഭാവനകള്‍ പരിഗണിച്ചാല്‍ യു എന്‍ സ്ഥിരാംഗത്വം എന്നത് ഇന്ത്യയുടെ അവകാശമാണെന്ന് മോദി അഭിപ്രായപ്പെട്ടു. തങ്ങളുടെ അവകാശമാണ് ആവശ്യപ്പെടുന്നതെന്നും ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ അംഗീകരിക്കണമെന്നും മോദി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും ബുദ്ധന്റെയും നാടിന് അര്‍ഹതപ്പെട്ടത് നല്‍കാനുള്ള അവസരമാണിതെന്നും പാരീസിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്യവേ മോദി അഭിപ്രായപ്പെട്ടു.
യു എന്‍ സമാധാനസേനയില്‍ ഇന്ത്യയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു. ലോകസമാധാനത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. ത്യാഗത്തിന്റെയും ഭക്തിയുടെയും നാടായാണ് ഇന്ത്യ അറിയപ്പെടുന്നത്. പൂര്‍വികര്‍ ഇത്തരമൊരു പാരമ്പര്യം അവശേഷിപ്പിച്ചതില്‍ അഭിമാനിക്കുന്നു. ലോകം ഇക്കാര്യം മനസ്സിലാക്കണമെന്ന് മോദി പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ വരുന്ന സദസ്സിനെ ഹിന്ദിയിലാണ് മോദി അഭിസംബോധന ചെയ്തത്.
അതിനിടെ, ഫ്രഞ്ച് പര്യടനം പൂര്‍ത്തിയാക്കിയ മോദി ജര്‍മനിയില്‍ എത്തി. ഹാനോവറില്‍ ഊഷ്മളമായ വരവേല്‍പ്പ് ഏറ്റുവാങ്ങിയ ശേഷം ജര്‍മന്‍ വ്യവസായ പ്രമുഖരുമായി മോദി ചര്‍ച്ച നടത്തി.
വാണിജ്യ വ്യവസായ മന്ത്രി നിര്‍മലാ സീതാരാമന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വ്യവസായ സംരംഭകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് മുന്തിയ പരിഗണനയെന്ന് മോദിയെ അനുഗമിക്കുന്ന വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.