Connect with us

Kasargod

ഒറ്റദിവസം പിടിയിലായത് 34 വാറന്‍ഡ് പ്രതികളും 16 പിടികിട്ടാപ്പുള്ളികളും

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ ഒരേ സമയം പോലീസ് നടത്തിയ പരിശോധനയില്‍ 16 പിടികിട്ടാപ്പുള്ളികളെയും 34 വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകളനുസരിച്ച് 511 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലീസ് മേധാവി ഡോ. എസ് ശ്രീനിവാസന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് ജില്ലയിലെ ഡി വൈ എസ് പി മാരും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും എസ് ഐമാരും രാത്രി മുതല്‍ പുലര്‍ച്ചെ വരെ പരിശോധനക്കിറങ്ങുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച 19 പേരെ പോലീസ് പിടികൂടി. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് വാഹനമോടിച്ച 471 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധയിലും അമിത വേഗതയിലും വാഹനമോടിച്ച 21 പേരാണ് പോലീസ് പരിശോധനയില്‍ കുടുങ്ങിയത്. 29 പേരെ തീര്‍ത്തും സംശയ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു.
ബസ്സ്റ്റാന്‍ഡുകളും റെയില്‍വെ സ്റ്റേഷനുകളും രാത്രി മുഴുവന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വാഹന പരിശോധന നടത്തി 90,400 രൂപയാണ് പോലീസ് പിഴ ഈടാക്കിയത്. ജില്ലാ പോലീസ് മേധാവി പരിശോധന നടക്കുമ്പോള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് തന്റെ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു. ജില്ലയിലെ 19 ലോഡ്ജുകളില്‍ പോലീസ് റെയ്ഡ് നടത്തി. പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിലെ തിരഞ്ഞെടുത്ത അഞ്ചുകേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 260 ലധികം ഇരു ചക്രവാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Latest