തൃശൂര്‍ ലോ കോളജ് അലുംനിമീറ്റ്: അഭിഭാഷകര്‍ സൗഹൃദം പുതുക്കി

Posted on: April 12, 2015 11:54 am | Last updated: April 12, 2015 at 11:54 am

തൃശൂര്‍: ഇന്ത്യയിലെ പ്രമുഖരായ പല നിയമപാലകരും നീതിപാലകരും തങ്ങള്‍ നിയമത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച പഴയ കലാലയത്തിലേക്ക് ഇന്നലെ പടികടന്നെത്തി. തൃശൂര്‍ ലോ കോളജ് അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ മഹാസംഗമത്തിന് എത്തിയവരില്‍ പലരും ഇന്ന് ഇന്ത്യയിലെ പ്രമുഖരായ നിയമജ്ഞരാണ്. സുപ്രീം കോടതി ഉള്‍പ്പടെ രാജ്യത്തെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന നിരവധി അഭിഭാഷകര്‍ തൃശൂര്‍ ലോ കോളജില്‍ നിന്ന് നിയമപഠനം നടത്തിയവരാണ്. 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച തൃശൂര്‍ ലോ കോളജില്‍ തുടക്കത്തില്‍ ത്രിവത്സര കോഴ്‌സുകള്‍ മാത്രമാണുണ്ടായിരുന്നത്. 95ല്‍ പ്രഥമ ബാച്ച് വിദ്യാര്‍ഥികള്‍ നിയമപഠനം പൂര്‍ത്തിയാക്കി. 98 മുതല്‍ എല്‍ എല്‍ എം കോഴ്‌സും 2001 കാലയളവു മുതല്‍ പഞ്ചവത്സര കോഴ്‌സും ആരംഭിച്ചു. ത്രിവത്സര, പഞ്ചവത്സര കോഴ്‌സുകളിലായി എകദേശം 3500 പേര്‍ നിയമപഠനം പൂര്‍ത്തീകരിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകര്‍ക്ക് പുറമെ പൂര്‍വ വിദ്യാര്‍ഥികളായ പതിനഞ്ച് പേര്‍ ജില്ലാ ജഡ്ജി തസ്തികയിലടക്കം വിവിധ കോടതികളില്‍ ന്യായാധിപന്‍മാരായും പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ നിയമ കലാലയങ്ങളില്‍ അധ്യാപകരായും സര്‍ക്കാര്‍ അഭിഭാഷകരായും സര്‍ക്കാര്‍- സര്‍ക്കാരേതര സ്ഥാപനങ്ങളിലെ നിയമോപദേശകരായും നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമസഭാംഗം ഉള്‍പ്പടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിരവധി പേര്‍ ജനപ്രതിനിധികളായും പ്രവര്‍ത്തിക്കുന്നുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പഴയ കലാലയത്തിലേക്ക് മടങ്ങിവരാനും പഴയ സുഹൃത്തുക്കളെ കാണാനും സാധിച്ചതില്‍ ഓരോരുത്തരും ഏറെ സന്തോഷവാന്‍മാരായിരുന്നു.