ജില്ലയിലെ ഏഴ് പഞ്ചായത്തുകള്‍ അഴിമതി വിമുക്തം

Posted on: April 11, 2015 8:49 am | Last updated: April 11, 2015 at 8:49 am

കോഴിക്കോട്: അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജിലന്റ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴ് പഞ്ചായത്തുകളെ അഴിമതിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളായി. തലക്കുളത്തൂര്‍, നടുവണ്ണൂര്‍, ചെറുവണ്ണൂര്‍, കൂത്താളി, ബാലുശ്ശേരി, രാമാട്ടുകര, തിരുവമ്പാടി എന്നീ പഞ്ചായത്തുകളാണ് ഈ നേട്ടത്തിനര്‍ഹമാവുക.
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് യൂനിറ്റിന്റെയും ഉത്തരമേഖലാ യൂനിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാമഗായി പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍, അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ ആറു മാസമായി പഠന ക്ലാസ്സുകളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചുവരികയാണ്. സിവില്‍ സപ്ലൈസ് സേവനങ്ങള്‍, അഴിമതി തടയല്‍ നിയമം, വിവരാവകാശനിയമം, റജിസ്‌ട്രേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍, പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നല്‍കിയത്. ഓരോ പഞ്ചായത്തിലും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡി വൈ എസ് പി/ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ളവരാണ് നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കും. പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന താഴേത്തട്ടിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദങ്ങളാക്കി മാറ്റാന്‍ ഇതുവഴി ഒരു പരിധിവരെ സാധിച്ചതായി വിജിലന്‍സ് വിഭാഗം അഭിപ്രായപ്പെട്ടു.
ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന അഴിമതി നിര്‍മാര്‍ജന പദ്ധതിയായ വിജിലന്റ് കേരളയുടെ പൈലറ്റ് പ്രൊജക്ടാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള എട്ട് വടക്കന്‍ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 44 പഞ്ചായത്തുകളിലായി നടപ്പാക്കുന്നത്. 100 ശതമാനം അഴിമതിവിമുക്ത പദ്ധതി നടത്തിപ്പും ഭരണസംവിധാനവുമാണ് ഇതിന്റെ ലക്ഷ്യം. അഴിമതി നടന്ന ശേഷം നടപടിയെടുക്കുകയെന്ന പതിവുശൈലിയില്‍ നിന്ന് മാറി അഴിമതി നടക്കാനുള്ള സാധ്യതകള്‍ നേരത്തേ കണ്ടെത്തി തടയുകയാണ് വിജിലന്റ് കേരളയുടെ രീതി. പഞ്ചായത്തിലെ ഓരോ വ്യക്തിക്കും ഇക്കാര്യത്തില്‍ പങ്കാളികളാവാമെന്നതാണ് പദ്ധതിയുടെ സവിശേഷത.
സര്‍ക്കാര്‍ ഓഫീസുകളിലോ പ്രവര്‍ത്തനങ്ങളിലോ അഴിമതി അഭിമുഖീകരിക്കുകയോ കാണുകയോ ചെയ്യുന്ന സാധാരണക്കാര്‍, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അറിവും കഴിവും നേടി സജീവ പങ്കാളികളാവുന്നവര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ പ്രദേശങ്ങളിലെ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും, ജില്ലയിലെ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സ് സ്റ്റാഫും, ജില്ലാതല വിജിലന്‍സ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണമേധാവികളും, സംസ്ഥാനതല വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും മേധാവികളും മറ്റ് ഉന്നതോദ്യോഗസ്ഥരും, വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഏഴ് തലത്തിലുള്ള അംഗത്വഘടയാണ് വിജിലന്റ് കേരളയുടേത്.
www.vigilantkerala.in എന്ന പദ്ധതിയുടെ വെബ്‌സൈറ്റ് വഴി ആര്‍ക്കും അഴിമതികളുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും അറിയിക്കാന്‍ സംവിധാനമുണ്ട്. വിജിലന്റ് കേരള പദ്ധതിക്ക് പഞ്ചായത്തുകളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് വിജിലന്‍സ് അധികൃതതര്‍ അറിയിച്ചു.