Connect with us

Gulf

ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിന്റെ എക്‌സിബിഷന്‍ ആരംഭിച്ചു

Published

|

Last Updated

ദുബൈ; ആരോഗ്യ രംഗത്തെ ഇന്ത്യ-യു എ ഇ സഹകരണത്തിന്റെ ഭാഗമായുള്ള ആദ്യ എക്‌സ്ബിഷന്‍ ആന്‍ഡ് സി എം ഇ പരിപാടിക്ക് തുടക്കമായി. ഇന്നലെ ആരംഭിച്ച എക്‌സിബിഷന്റെ ഉദ്ഘാടനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, കോണ്‍സുല്‍ ജനറള്‍ അനുരാഗ് ഭൂഷണ്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി (ഫിക്കി)യുടെയും സഹകരണത്തോടെയാണ് ദുബൈ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ എക്‌സിബിഷന്‍ ആരംഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ എക്‌സിബിഷന്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.

ദുബൈ ഹെല്‍ത് അതോറിറ്റി, ഷാര്‍ജ ഹെല്‍ത് കെയര്‍ സിറ്റി, ഐ ബി സി സി ദുബൈ, ഐ ബി പി സി ഷാര്‍ജ, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ എന്നിവയും സഹകരിക്കുന്നുണ്ട്.
യു എ ഇയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്തെ പ്രശസ്തമായ സ്ഥാപനങ്ങളാണ് എക്‌സ്ബിഷനില്‍ പങ്കാളികളാവുന്നത്. ആരോഗ്യ രംഗത്ത് ഇന്ത്യ ആര്‍ജിച്ച അത്യാധുനികമായ അറിവും സജ്ജീകരണങ്ങളും ലോക ജനതക്ക് മുമ്പില്‍ പ്രത്യേകിച്ചും അറബ് ജനതക്ക് മുമ്പില്‍ എത്തിക്കാനാണ് എക്‌സ്ബിഷന്‍ ലക്ഷ്യമിടുന്നത്. കണ്ടിന്യൂയിംഗ് മെഡിക്കല്‍ എജ്യുക്കേഷന്‍ (സി എം ഇ കോണ്‍ഫ്രന്‍സ്) എന്ന പേരില്‍ മെഡിക്കല്‍ രംഗത്തെ 250 പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന പ്രത്യേക ആരോഗ്യ ബോധവത്കരണ ഷോയും സംഘടിപ്പിക്കുന്നുണ്ട്.
അലോപ്പതി രംഗത്തെ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങള്‍ക്കൊപ്പം ആയുര്‍വേദം, യോഗ, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ വിഭാഗങ്ങളെ അടുത്തറിയാനും എക്‌സിബിഷന്‍ വേദി ഒരുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള 25 മുന്‍നിര ആരോഗ്യ സ്ഥാപനങ്ങളാണ് എക്‌സ്ബിഷനില്‍ തങ്ങളുടെ സൗകര്യങ്ങളും ചികിത്സാ രീതികളും പരിചയപ്പെടുത്താന്‍ എത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന “ആയുഷി” ല്‍ നിന്നുള്ള യോഗാചാര്യന്മാരും ദുബൈയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും യു എ ഇയിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പരസ്പരം അറിയാനും സഹകരിക്കാനുമുള്ള വേദിയായി എക്‌സ്ബിഷന്‍ മാറട്ടെയെന്ന് സ്ഥാനപതി ടി പി സീതാറാം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സൗകര്യങ്ങളും ഈ രംഗത്തെ അനുഭവജ്ഞാനവും പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയാണ് എക്‌സ്ബിഷനിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യയും യു എ ഇയും തമ്മില്‍ സാംസ്‌കാരികമായും പരമ്പരാഗതമായും ഏറെ സമാനതകള്‍ ഉണ്ട്. യു എ ഇ പൗരന്മാര്‍ക്ക് യൂറോപ്പിലോ, അമേരിക്കയിലോ, തായ്‌ലന്റിലോ ചികിത്സക്ക് പോകുന്നതിലും സൗകര്യവും സുഖപ്രദവുമാണ് ഇന്ത്യയിലേക്കുള്ള യാത്ര. അറബ് സമൂഹത്തെ ചികിത്സക്കായി ഇന്ത്യയിലേക്ക് എത്തിക്കാന്‍ ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്നും സീതാറാം ആവശ്യപ്പെട്ടു.
ലോകത്തിലെ തന്നെ മികച്ച ഡോക്ടര്‍മാരില്‍ ഇന്ത്യക്കാരുടെ എണ്ണം വളരെ വലുതാണെന്ന് അനുരാഗ് ഭൂഷണ്‍ ഓര്‍മിപ്പിച്ചു. മാറിയ കാലത്ത് ഇന്ത്യ മെഡിക്കല്‍ രംഗത്ത് ആര്‍ജിച്ച അറിവും പരിജ്ഞാനവും വളരെ വലുതാണെന്നും ഇത് മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ചും അറബ് നാടുകളില്‍ നിന്ന് ചികിത്സക്കായി പൗരന്മാരെ എത്തിക്കാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഡോക്ടര്‍മാരാണ് ലോകത്തെ ആരോഗ്യ രംഗത്ത് നേതൃത്വം നല്‍കുന്നതെന്ന് വി പി എസ് ഹെല്‍ത് ഗ്രൂപ്പ് എം ഡി ഡോ. വി പി ശംസീര്‍ പറഞ്ഞു. നിലവിലെ മെഡിക്കല്‍ സ്ട്രാറ്റജി പുനഃപരിശോധിക്കേണ്ട സമയമായെന്നും ഡോ. ശംസീര്‍ ഓര്‍മിപ്പിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ അലി ഉംറാന്‍, ഫിക്കി അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ മിത്തല്‍, അനിത നന്ദിനി സംസാരിച്ചു.

---- facebook comment plugin here -----

Latest